കോവിഡ് വാക്സിന്‍ കയ്യടക്കാന്‍ സമ്പന്നര്‍; പാവങ്ങള്‍ക്ക് കാത്തിരിപ്പ്: റിപ്പോര്‍ട്ട്

covid-19-vaccine-1
SHARE

കോവിഡ് വാക്സിനായുള്ള കാത്തിരിപ്പിലാണ് ലോകം. എന്നാൽ അതോടൊപ്പം ആശങ്കയും ഏറുന്നുണ്ട്. കോവിഡ് വാക്സിന്റെ വില എന്തായിരിക്കുമെന്നും എല്ലാവര്‍ക്കും അത് ലഭ്യമാകുമോ എന്നുമാണ് ലോകജനത ഉറ്റുനോക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സമ്പന്ന രാജ്യങ്ങളുടെ ഉപയോഗത്തിനു ശേഷമേ മറ്റു രാജ്യങ്ങള്‍ക്ക് ലഭിക്കൂ എന്നാണ് വിവരം. അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവര്‍ മാത്രം 130 കോടി ഡോസ് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് ഡോസുകള്‍ ഇപ്പോള്‍ തന്നെ ബുക്കുചെയ്തുവെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വിശകലന വിദഗ്ധരായ എയര്‍ ഫിനിറ്റി ചൂണ്ടിക്കാണിക്കുന്നത്.

സന്തുലിതമായ വിതരണം ഉറപ്പിക്കാന്‍ രാജ്യാന്തര സംഘടനകളും ചില രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടേക്കില്ലെന്നാണ് മുന്നറിയിപ്പ്. 

പ്രതിരോധ കുത്തിവെപ്പ് നിര്‍മാണ സൗകര്യം ആഗോള തലത്തില്‍ വികസിപ്പിക്കുകയെന്നതാണ് ഇതിനൊരു പ്രതിവിധിയായി മുന്നോട്ടുവെക്കപ്പെടുന്നത്. ഇത് മുന്നില്‍ കണ്ട് സനോഫി, ഗ്ലാക്‌സോ തുടങ്ങിയ മരുന്നു കമ്പനികള്‍ ചേര്‍ന്ന് 2022 ആകുമ്പോഴേക്കും വാക്‌സിന്‍ നിര്‍മാണം വലിയ തോതില്‍ ആരംഭിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മരുന്നു കമ്പനികളുമായി സഹകരിച്ച് 2021 അവസാനമാകുമ്പോഴേക്കും കണ്ടുപിടിക്കാനിരിക്കുന്ന വാക്‌സിന്റെ 200 കോടി ഡോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്.

വാക്‌സിന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഉറപ്പിക്കണമെങ്കില്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി കരാറുകളുടെ ഒരു പരമ്പര തന്നെ തീര്‍ക്കേണ്ടതുണ്ട്. കൊവാക്‌സ് എന്ന മരുന്നു കമ്പനിയുടെ ഗവേഷണത്തിന് മാത്രം 78 രാജ്യങ്ങളാണ് താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മാണത്തിലാണ് 90ഓളം ഇടത്തരം-ദരിദ്ര രാജ്യങ്ങളുടെ പ്രതീക്ഷ. അപ്പോഴും ചില രാജ്യങ്ങളുടെ കാര്യങ്ങളിൽ ആശങ്കയാണ്. 

ഓക്‌സ്‌ഫോഡിന്റേയും ഫിസര്‍ ബയോഎന്‍ടെക്കിന്റേയും കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇവരുടെ മരുന്നുകള്‍ കോവിഡിനെതിരെ വിജയിച്ചാല്‍ പോലും 100 കോടി ഡോസ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണം പൂര്‍ത്തിയാവാന്‍ കുറഞ്ഞത് 2022ലെ ആദ്യ പാദം തീരും വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ദരിദ്ര രാജ്യങ്ങളിലെ സാധാരണക്കാര്‍ക്ക് പ്രതിരോധ മരുന്ന് ലഭിക്കാന്‍ പിന്നെയും വൈകും.

MORE IN WORLD
SHOW MORE
Loading...
Loading...