തലയില്ലാത്ത ഉടലുകളുമായി 150 ലേറെ 'പ്രേതബോട്ടു'കൾ; പ്രതിസ്ഥാനത്ത് ചൈനയോ?

ghostboat-26
SHARE

തലയില്ലാത്ത ഉടലുകളുമായി തീരത്തടിയുന്ന ബോട്ടുകൾ കണ്ട് അസ്വസ്ഥരായിരിക്കുകയാണ് ജപ്പാൻകാർ. ജീവനറ്റ മനുഷ്യരെയുമായി നൂറ്റിയമ്പതിലേറെ ഉത്തര കൊറിയൻ ബോട്ടുകളാണ് കഴിഞ്ഞ വർഷം മാത്രം ജപ്പാനിലെത്തിയത്. ഇതിൽ നിന്ന് അൻപത് മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ഉത്തരകൊറിയയിലെ മൽസ്യത്തൊഴിലാളികളുടെ ദുരിത ജീവിതമാണ് ഇത് കാണിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കണക്കെടുത്ത് ജപ്പാൻ

അഞ്ചുവർഷത്തിനിടയിൽ അറുന്നൂറോളം പ്രേതബോട്ടുകൾ തീരമണഞ്ഞിട്ടുണ്ടെന്നാണ് ജപ്പാൻ കരുതുന്നത്. കഴിഞ്ഞ വർഷം 150, 2018 ൽ 104 അങ്ങനെ പോകുന്നു കണക്കുകൾ. പലപ്പോഴും ചീഞ്ഞളിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ബോട്ടിലെത്തുക. ജപ്പാനിലെ സഡോ ദ്വീപിൽ കഴിഞ്ഞ വർഷം മരത്തടിയിൽ തീർത്ത ഇത്തരത്തിലെ ഒരു ബോട്ട് തീരസംരക്ഷണ സേന കണ്ടെത്തിയിരുന്നു. 

പിന്നിൽ കിമ്മിന്റെ കൊറിയ

‘പ്രേത യാന’ങ്ങളുടെ ഉദ്ഭവത്തിനു പിന്നിൽ ജപ്പാനുമായി മോശം നയതന്ത്രബന്ധം സൂക്ഷിക്കുന്ന കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയാണെന്ന് ഉറപ്പുള്ളതിനാൽ മൃതദേഹങ്ങൾ തിരികെ അയയ്ക്കാനോ നടപടിയെടുക്കാനോ ജപ്പാൻ മുതിരാറില്ല. അവ ജപ്പാന്‍  തീരത്ത് തന്നെ സംസ്കരിക്കുകയാണ് പതിവ്. എന്നാൽ എൻബിസി ന്യൂസും ഗ്ലോബർ ഫിഷിങ് വാച്ചും സംയുക്തമായി നടത്തിയ പഠനം അനുസരിച്ച് ഉത്തര കൊറിയയെ പോലെ തന്നെ ചൈനയും പ്രതിസ്ഥാനത്താണ്.

എന്തുകൊണ്ടാണ് ഉത്തര കൊറിയയിൽ നിന്ന് ഇത്രയധികം പ്രേതബോട്ടുകൾ ജാപ്പനീസ് തീരം തൊടുന്നതെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനാണ് എൻബിസി ന്യൂസും ഗ്ലോബൽ ഫിഷിങ് വാച്ചും വിവിധ ഗവേഷണങ്ങളിൽ ഏർപ്പെട്ടത്. ഉത്തര കൊറിയയും ചൈനയും തമ്മിൽ അതിർത്തി നിശ്ചയിച്ചാണ് മൽസ്യബന്ധനം നടത്തുന്നത്. എന്നാൽ ഉത്തര കൊറിയയുടെ സമുദ്രാതിർത്തി ലംഘിച്ച് അത്യാധുനിക ചൈനീസ് മൽസ്യബന്ധന യാനങ്ങൾ എത്തുന്നതാണ് ഉത്തര കൊറിയയിലെ സാധാരണക്കാരായ മൽസ്യത്തൊഴിലാളികളെ വിഷമത്തിലാക്കുന്നതെന്നു എൻബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

‘ക്വോട്ട’ തികച്ചില്ലെങ്കിൽ തിരിച്ചയക്കും

മതിയായ മത്സ്യം സ്വന്തം തീരത്ത് ലഭ്യമാകാതെ വരുന്നതോടെ കൂടുതൽ മത്സ്യത്തിനായി ഉൾക്കടലിലേക്കു പോകാൻ ഉത്തര കൊറിയയിലെ മൽസ്യത്തൊഴിലാളികൾ നിർബന്ധിതരാകും. ഉത്തര കൊറിയ നേരിടുന്ന ഭക്ഷ്യപ്രതിസന്ധിയാണ് ജനത്തെ കൂട്ടത്തോടെ കടലിലേക്കു തള്ളിവിടുന്ന ഒരു ഘടകം. ചാകരക്കാലത്ത് ചില ബോട്ടുകൾക്ക് സർക്കാർ ‘ക്വോട്ട’ നിശ്ചയിച്ചു നൽകാറുണ്ടെന്നും പറയുന്നത്ര മത്സ്യം കൊണ്ടു വന്നില്ലെങ്കിൽ വീണ്ടും തിരിച്ചു കടലിലേക്കു തിരിച്ചു വിടുമെന്നും ചില രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

മതിയായ ഭക്ഷണമോ വെള്ളമോ വഴി കാട്ടാനുള്ള ജിപിഎസ് സംവിധാനങ്ങളോ പോലുമില്ലാതെ പരമ്പരാഗത തടിബോട്ടുകളുമായാണ് പലരും കടലിലിറങ്ങുന്നത്. വഴിതെറ്റി ഭക്ഷണവും വെള്ളവും തീർന്ന് പട്ടിണി കിടന്നാണ് പല മരണങ്ങളും. കിഴക്കൻ തീരത്ത് ഏർപ്പെടുത്തിയ സുരക്ഷ മുൻവർഷങ്ങളിൽ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ വെട്ടിക്കുറച്ചിരുന്നു. ഉത്തര കൊറിയയിൽ നിന്ന് രാജ്യം വിടാൻ ഒരുങ്ങുന്നവർ ഈ വഴിയാണ് തിരഞ്ഞെടുക്കുക.

ഇങ്ങനെ രാജ്യം വിടുന്നവർ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയിൽപെടും. ഇവരെ കഴുത്തുവെട്ടി കൊന്നുകളയുകയോ കടലിൽ മുക്കിക്കൊല്ലുകയോ ആണ് കിമ്മിന്റെ സേന സാധാരണ ചെയ്യുക. ഇത്തരം മൃതദേഹങ്ങളും ബോട്ടിൽ ഉപേക്ഷിക്കുക പതിവാണ്. ദിവസങ്ങളോളം കടലിൽ ഉലയുന്ന ബോട്ടുകളിലെ മൃതദേഹങ്ങൾ ജാപ്പനീസ് തീരം അടിയുമ്പോഴേക്കും പലതും ശരീരഭാഗങ്ങൾ വേർപെട്ട നിലയിലായിരിക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...