കോവിഡിനു പിന്നാലെ ‘കറുത്ത മരണം’ വിതച്ച പ്ലേഗും?; യുഎസിൽ അണ്ണാനു രോഗം

squirrel-usa
SHARE

ലോകം ആറു മാസത്തിലേറെയായി കോവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിലാണ്. നാൾക്കുനാൾ രോഗികളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണമില്ല. സാധാരണ ജീവിതവും സമ്പദ് വ്യവസ്ഥയും തകിടംമറിഞ്ഞു. ലോക്ഡൗൺ ഉൾപ്പെടെയുള്ള നടപടികളുമായി കോവിഡിനെ ‘ഫ്ലാറ്റൻ ദ് കർവ്’ ആക്കാനുള്ള ശ്രമത്തിനിടെ മറ്റൊരു വ്യാധി കൂടി വന്നാലോ? ലക്ഷക്കണക്കിനു മനുഷ്യരെ ഇല്ലാതാക്കിയ ബ്യുബോണിക് പ്ലേഗ് ആണ് വീണ്ടും സാന്നിധ്യം അറിയിച്ചത്.

ചൈനയിൽ ബ്യുബോണിക് പ്ലേഗ് കണ്ടെത്തിയെന്ന വാർത്തകൾക്കു പിന്നാലെ യുഎസിലും അസുഖം സ്ഥിരീകരിച്ചു. കൊളറാഡോയിലെ ഒരു അണ്ണാനിലാണു വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. മോറിസൻ നഗരത്തിൽ ജൂലൈ 11ന് ആണ് അണ്ണാനിൽ പ്ലേഗ് സ്ഥിരീകരിച്ചത്. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ പ്ലേഗാണിതെന്നു ജെഫേഴ്സൺ കൗണ്ടി പബ്ലിക് ഹെൽത്ത് (ജെസിപിഎച്ച്) ഡിപ്പാർട്ട്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈച്ചകൾ വഴി പകരുന്ന ബാക്ടീരിയൽ അണുബാധയാണു ബ്യുബോണിക് പ്ലേഗ്. 

ആധുനിക ആന്റിബയോട്ടിക് ചികിത്സ യഥാസമയത്തു ലഭ്യമാക്കിയാൽ ഒരുപരിധിവരെ അസ്വസ്ഥതകളും മരണവും തടയാമെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും ഇപ്പോഴും വലിയ ഭീഷണിതന്നെയാണു പ്ലേഗ്. വളർത്തുമൃഗങ്ങൾ രോഗഭീഷണിയിലാണെന്നു യുഎസ് ആരോഗ്യവകുപ്പ് പറയുന്നു. പൂച്ചകളാണ് അതീവ അപകടഭീഷണിയിലുള്ളത്. ഈച്ചകളിലൂടെ പൂച്ചകളിലേക്കു വൈറസ് എത്താം. വളർത്തുമൃഗങ്ങൾ രോഗവാഹകരായി മാറാമെന്നും അസ്വസ്ഥതകളോ അസുഖ ലക്ഷണങ്ങളോ കാണിച്ചാൽ വെറ്ററിനറി ഡോക്ടർമാരെ കാണിക്കണമെന്നും നിർദേശമുണ്ട്.  

അടുത്ത കാലത്തായി പ്ലേഗ് തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വർഷംതോറും 1000 മുതൽ 2000 പേർക്കു വരെ രോഗം വരാറുണ്ടെന്നു ലോകാരോഗ്യ സംഘടനയും പറയുന്നു. 1347 ഒക്ടോബറിൽ ആരംഭിച്ച ബ്യുബോണിക് പ്ലേഗ് മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ മഹാമാരികളിലൊന്നാണ്. ‘കറുത്ത മരണം’ എന്നറിയപ്പെട്ടിരുന്ന പ്ലേഗ് യൂറേഷ്യയിലും ദക്ഷിണ ആഫ്രിക്കയിലുമായി 200 ദശലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്തെന്നാണു കണക്ക്.

MORE IN WORLD
SHOW MORE
Loading...
Loading...