ആകാശത്തേക്ക് തീഗോളം; പ്രകമ്പനം; പാളിയോ ആണവ ബോംബ് നിർമാണം?; ദുരൂഹം

iran-blast-pic
SHARE

തീച്ചുവപ്പിൽ ഒരു മിന്നൽ, ആകാശത്തേക്ക് തീഗോളം ഉയർന്നുപൊങ്ങുന്നു, വൻ പ്രകമ്പനത്തോടെ ഉഗ്രശബ്ദം, പിന്നാലെ പരിസരത്താകെ പുക.. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനു കിഴക്ക് ഏകദേശം 20 കിലോമീറ്റർ മാറിയുള്ള ആൽബോർസ് മലനിരകളിൽ സംഭവിച്ച അജ്ഞാത സ്ഫോടനത്തിന്റെ ഉറവിടം തേടുകയാണ് ലോകം. സ്ഫോടനത്തിൽ താഴ്‌വരയിലെ വീടുകൾ വിറകൊണ്ടെന്നും ജനൽച്ചില്ലുകൾ പൊട്ടിവീണെന്നുമാണ് റിപ്പോർട്ടുകൾ. ജൂൺ 26നു പുലർച്ചെയുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം പുറത്തുവിട്ടത്. വൈകാതെ സമൂഹമാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങളും വിഡിയോകളും നിറഞ്ഞു. 

പാർചിൻ പ്രദേശത്തെ വാതക സംഭരണ പ്ലാന്റിലെ ടാങ്കുകളിലൊന്നിലെ ചോർച്ചയെത്തുടർന്നാണു പൊട്ടിത്തെറിയെന്നായിരുന്നു ആദ്യഘട്ട വിശദീകരണം.  ഇറാന്റെ കുപ്രസിദ്ധ സൈനിക കേന്ദ്രങ്ങളിലൊന്നായ ഖോജിറിനു സമീപമായിരുന്നു സ്ഫോടനമെന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു. രണ്ടു ദശാബ്ദക്കാലമായി ആണവബോബുകളുടെ നിർമാണത്തിന് ഇറാൻ ഉപയോഗപ്പെടുത്തുന്ന കേന്ദ്രമാണതെന്നാണ് യുഎസ് ഉൾപ്പെടെ ആരോപിക്കുന്നത്. എന്നാൽ വാതക ചോർച്ചയാണുണ്ടായതെന്ന വാദത്തിൽ പ്രതിരോധ മന്ത്രാലയം ഉറച്ചുനിന്നു. 

കുന്നിൻപുറത്താണു സ്ഫോടനമുണ്ടായത്. സമീപ പ്രദേശത്ത് താമസക്കാരൊന്നുമില്ലാത്തതിനാൽ ആർക്കും ജീവഹാനിയുണ്ടായില്ല. തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെന്നും പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. ഔദ്യോഗിക ടിവി തീപിടിത്തമുണ്ടായെന്നു പറയുന്ന ഭാഗത്തിന്റെ വിഡിയോയും പുറത്തുവിട്ടു. അപ്പോഴും തീപിടിത്തത്തിനു കാരണമായതെന്താണെന്നു വ്യക്തമായിട്ടില്ല.

സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ ഔദ്യോഗിക ചാനൽ സംഘത്തിനു പോലും കനത്ത നിയന്ത്രണങ്ങളായിരുന്നു. തീപിടിത്തത്തിൽ നശിച്ച വാതക സിലിണ്ടറുകളുടെ വിഡിയോ ദൃശ്യങ്ങളിൽ പരിസരത്തെ മറ്റു കാഴ്ചകളൊന്നുമുണ്ടായിരുന്നില്ല. സിലിണ്ടറുകളുടെ ക്ലോസ്–അപ് ഷോട്ടുകളായിരുന്നു എല്ലാം. അതിനാൽത്തന്നെ സ്ഫോടനം നടന്നത് യഥാർഥത്തിൽ എവിടെയാണെന്ന് അറിയാനാകാത്ത അവസ്ഥയും. 

മാത്രവുമല്ല, പൊതുഇടത്തിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രതിരോധ വകുപ്പ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തീയണയ്ക്കാൻ എത്തേണ്ടത് അഗ്നിശമന സേനാംഗങ്ങളാണ്. പക്ഷേ ദൃശ്യങ്ങളിൽ കാണുന്നത് സൈനികർ തീയണയ്ക്കുന്നതാണ്. ഇത് എന്തുകൊണ്ടാണെന്നതിന് ചാനൽ റിപ്പോർട്ടിലും ഉത്തരമില്ല. അതിനിടെ പുറത്തുവന്ന സാറ്റലൈറ്റ് ദൃശ്യങ്ങളാണ് സ്ഫോടനം സംബന്ധിച്ച കൂടുതൽ ദുരൂഹതയ്ക്കു വഴിമരുന്നിട്ടത്. അധികമാർക്കും പ്രവേശനമില്ലാത്ത തുരങ്കങ്ങൾ നിറഞ്ഞതാണ് പാർചിൻ മേഖലയിലെ ഖോജിർ ആണവ പരീക്ഷണ കേന്ദ്രം. ഇവിടെ ആണവ മിസൈൽ പരീക്ഷണങ്ങളും ആണവ ബോംബ് നിർമാണവും നടക്കുന്നുണ്ടെന്നാണു വിവരം. 

iran-satelight-pic

20 വർഷം മുൻപ് ഇവിടെ തുടർ സ്ഫോടന പരീക്ഷണം നടന്നതായി പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. അന്നുമുതൽ ഉപഗ്രഹ ചാരക്കണ്ണുകളുടെ നിരീക്ഷണത്തിലാണ് ഖോജിർ. ഇതിന് എതിർവശത്താണ് സ്ഫോടനമുണ്ടായ കെട്ടിടമെന്നാണു സൂചന. ഇവിടെ നൂറുകണക്കിന് മീറ്റർ ദൂരത്തിൽ പുല്ലും ചെടികളും കത്തിനശിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. ഏതാനും ആഴ്ച മുൻപ് ഇതേ പ്രദേശത്തുനിന്നെടുത്ത ചിത്രങ്ങളിൽ ഈ കരിഞ്ഞ അടയാളങ്ങളുണ്ടായിരുന്നതുമില്ല. ഔദ്യോഗിക ടിവി റിപ്പോർട്ടിലെ ദൃശ്യങ്ങൾക്കു സമാനമായ ചില കാഴ്ചകളും ഈ കരിഞ്ഞ പ്രദേശത്തിനോടു ചേർന്നുള്ള കെട്ടിടത്തിൽ കാണാമായിരുന്നു. 

എന്നാൽ ഇറാനിൽ റോക്കറ്റുകൾ നിർമിക്കുന്ന ഷാഹിദ് ബക്കേറി ഇൻഡസ്ട്രിയൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണിത്. ഒട്ടേറെ വ്യവസായ കേന്ദ്രങ്ങളുടെ ചിത്രങ്ങളും സാറ്റലൈറ്റ് ദൃശ്യത്തിൽ കാണാം. ഇവ മിസൈൽ ഘടകങ്ങളുടെ നിർമാണത്തിനുള്ളതാണെന്നാണു സൂചന. ഖോജിറിലെ അജ്ഞാത തുരങ്കങ്ങളിലാണ് ഈ ഘടകങ്ങൾ യോജിപ്പിക്കുന്നതും സ്ഫോടന പരീക്ഷണങ്ങൾ ‘ട്രിഗർ’ ചെയ്യുന്നതും. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഭൂഗർഭ പരീക്ഷണശാല ഇറാന്റെയാണെന്ന് നേരത്തേ യുഎസ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി (ഡിഐഎ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിലേറെയും നടക്കുന്നത്. 

ആണവ വിദഗ്ധർ, സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിൽ മിസൈൽ വികസന പദ്ധതികളും നിർമാണവും നടക്കുന്നതും ഇവിടെയാണെന്നും 2019ലെ റിപ്പോർട്ടിൽ ഡിഐഎ വ്യക്തമാക്കുന്നു. ഇറാന്റെ അണ്വായുധ പരീക്ഷണങ്ങളിലേറെയും നടക്കുന്നത് ഖോജിറിലാണെന്ന് നേരത്തേ രാജ്യാന്തര ആണവോർജ ഏജൻസിയും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതെല്ലാം ഇറാൻ നിരാസിക്കുകയാണുണ്ടായത്. ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കു തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉൾപ്പെടെയുള്ള ലോകശക്തികൾ 2015ൽ മുൻകയ്യെടുത്ത് കരാറുണ്ടാക്കിയത്. ഈ ആണവ കരാറിൽനിന്ന് 2018 മേയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറിയതോടെയാണ് ഖോജിർ വീണ്ടും ചർച്ചാവിഷയമായത്. 

ഖോജിറിൽ അടുത്തകാലത്തു പലപ്പോഴായി സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. മിസൈൽ പദ്ധതികൾക്കു ചുക്കാൻ പിടിച്ചിരുന്ന റവല്യൂഷനറി ഗാർഡ് കമാൻഡർ ഹസ്സൻ ടെഹ്റാനി 2011ൽ അത്തരമൊരു സ്ഫോടനത്തിലാണു കൊല്ലപ്പെട്ടത്. ടെഹ്റാനു സമീപത്തെ ഒരു മിസൈൽ വിക്ഷേപണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ അന്ന് 16 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനവും തുടക്കത്തിൽ വെറുമൊരു അപകടമായാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ ഇറാനിൽ ജയിൽമോചിതനായ ഒരു വ്യക്തി പിന്നീട് പുറത്തുവിട്ട വിവരങ്ങളാണ് സംഭവത്തിനു പിന്നിൽ വിദേശ ശക്തികളാണെന്ന് ഇറാൻ സംശയിച്ചിരുന്നതായ കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിന് സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി ഈ തടവുകാരനെ ചോദ്യം ചെയ്തിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...