കോവിഡിനുള്ള ‘മരുന്ന്’ കണ്ടെത്തി; മരണനിരക്ക് കുറയ്ക്കും; വില കുറവ്

covid-medicine
SHARE

കോവിഡ് മഹാമാരി പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകർ. കോവിഡ് മാറാന്‍ ഡെക്സാമെതാസോണ്‍ എന്ന മരുന്ന് ഫലപ്രദമെന്നും ഇതിനു മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധിച്ച രോഗികൾക്കു ജീവൻരക്ഷാമരുന്നായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണു ഡെക്സാമെതാസോൺ. തീവ്രതയേറിയ രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്നിനു സാധിക്കുമെന്നാണു ചൊവ്വാഴ്ച പുറത്തുവന്ന പരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

താരതമ്യേന കുറഞ്ഞ വിലയും നിലവിൽ വ്യാപകമായി ലഭ്യമായതുമായ മരുന്നാണിത്. ഡെക്സാമെതാസോൺ കോവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്നു യുകെയിലെ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ചു ബിബിസി റിപ്പോർട്ട് ചെയ്തു. ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്. രോഗികളില്‍ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നു ഗവേഷകര്‍ പറഞ്ഞു.

വെന്റിലേറ്ററിലുള്ള കോവിഡ് രോഗികളുടെ മരണസാധ്യത മൂന്നിലൊന്നായി കുറയ്ക്കുന്ന ഈ മരുന്ന്, ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താൽ ചികിത്സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കാനും സഹായിക്കും. യുകെയിൽ മഹാമാരിയുടെ തുടക്കം മുതൽ ഉപയോഗിച്ചിരുന്നെങ്കിൽ 5000 പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു. കൂടുതൽ കോവിഡ് കേസുകളുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മരുന്ന് വളരെ ഉപകാരപ്രദമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും പരീക്ഷിച്ചെങ്കിലും ഹൃദയത്തിനു പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പിന്നീട് ഉപേക്ഷിച്ചു. മറ്റൊരു മരുന്നായ റെംഡിസിവിർ ഹ്രസ്വകാലത്തേക്ക് എൻഎച്ച്എസ് (നാഷനൽ ഹെൽത്ത് സർവീസ്) ഉപയോഗിക്കുന്നുണ്ട്. മരുന്നിനു ചെലവ് കുറവാണെന്നും ലോകമാകെ ജീവന്‍ രക്ഷിക്കാനായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്നും ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രഫ. പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...