തെരുവിലെ കുരുന്നുകൾ ഇനി കരുതലിന്റെ കരങ്ങളിൽ; അഭയം നൽകി യൂണിസെഫ്

UNICEF
SHARE

കോവിഡിന്റെ പശ്ചാത്തലത്തില്‍ സുരക്ഷക്കായി വീട്ടിലിരിക്കാന്‍ ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചുകൊണ്ടിരിക്കേ വീടില്ലാതെ അലയേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്ത്  യുണിസെഫ്. ബംഗ്ളാദേശിലെ ധാക്കയിലാണ് സര്‍ക്കാരുമായി  സഹകരിച്ച് തെരുവില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കി അവരെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ യുണിസെഫ് മുന്നോട്ട് വന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എണ്‍പതിനായിരത്തിനടുത്താണ് ബംഗ്ളാദേശില്‍ കോവിഡ് ബാധിതര്‍ . ലോക്ക് ഡൗണും നിയന്ത്രണങ്ങളും തുടരുകയാണ്. വീടാണ് നിങ്ങളുടെ ഏറ്റവും നല്ല സുരക്ഷാതാവളം എന്ന് ആവര്‍ത്തിച്ചു പറയുന്ന സംഘടനയോട് യുണിസെഫിന്റെ ചോദ്യമിതാണ്. വീടില്ലാതെ തെരുവിലലയുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ ബംഗ്ളദേശിലെ ധാക്കയില്‍ മാത്രമുണ്ട്. ഈ വ്യാധിപടര്‍ച്ചാക്കാലത്ത് തെരുവിലെ ബാല്യങ്ങളെ എങ്ങനെ കാക്കും.സര്‍ക്കാര്‍‍ മാത്രം ശ്രമിച്ചാല്‍ ഒന്നും നടക്കില്ലെന്ന വ്യക്തമായി അറിയാവുന്ന യുണിസെഫ് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നു. ബംഗ്ളദേശ് സര്‍ക്കാരിനു കീഴിലുള്ള സാമൂഹ്യ സേവന വകുപ്പുമായി സഹകരിച്ച് കുട്ടികളെ തെരുവുകളില്‍ നിന്ന് മോചിപ്പിച്ചു. ക്യാമ്പുകളിലേക്ക് മാറ്റിയ അവര്‍ക്ക് വ്യക്തിശുചിത്വത്തിനും ഒപ്പം രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വേണ്ട ബോധവല്‍ക്കരണ നടപടികളാണ് ആദ്യം ചെയ്തത്. മാനസീക പിന്‍തുണ നല്‍കി മുന്നോട്ടുള്ള ജീവിതത്തിന് അവര്‍ക്ക് ധൈര്യം നല്‍കി. വിദ്യാഭ്യാസം എന്നൊരു പ്രക്രിയ നാട്ടില്‍ നടപ്പുണ്ട് എന്നുപോലും അറിയാത്തവരായിരുന്നു കൂട്ടത്തില്‍ പലരും. കുട്ടികള്‍ക്ക് പഠനസംവിധാനമൊരുക്കാന്‍ ക്യാമ്പുകളില്‍ ടിവി എത്തിച്ചു. ഒരു ക്യാമ്പിന് ഒരധ്യാപിക എന്ന സൗകര്യവും യുണിസെഫ് ഒരുക്കി. ആക്രിസാധനങ്ങള്‍ നല്ല വിലക്ക് വില്‍ക്കുന്നത് മാത്രം ശീലിച്ച കുഞ്ഞുങ്ങള്‍ പതുക്കെ കരുതലിന്റെ സുഖമറിയാന്‍ തുടങ്ങി. ഇപ്പോഴവര്‍ക്ക് ഒന്നറിയാം പകല്‍ മുഴുവന്‍ നീണ്ട അലച്ചിലിനൊടുവില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുമ്പോഴുണ്ടായിരുന്ന അരക്ഷിതാവസ്ഥ ഇനിയില്ല.

ക്യാമ്പിന്റെ സുരക്ഷിതത്വത്തില്‍ അവര്‍ക്ക് കൊറോണയെ പേടിയുമില്ല. ലോകമെമ്പാടുമുള്ള കുരുന്നുകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് കോവിഡിന്റെ കൂടി പശ്ചാത്തലത്തില്‍ യുണിസെഫ് ആവിഷ്കരിച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...