കറുത്തവര്‍ഗക്കാരനെ കാല്‍മുട്ടുകൊണ്ട് ഞെരിച്ചുകൊന്ന് പൊലീസ്; വിഡിയോ പുറത്ത്

african-american-dies-1
SHARE

പൊലീസുകാരന്റെ കാല്‍മുട്ടിനടിയില്‍ ആഫ്രോ–അമേരിക്കൻ വംശജൻ ഞെരിഞ്ഞു മരിക്കുന്നതിന്റെ വിഡിയോ പുറത്ത്. ലോകത്തെമ്പാടും വലിയ പ്രതിഷേധമാണ് സംഭവത്തിനെതിരെ ഉയരുന്നത്. മിനിയാപൊളിസിലെ തെരുവിൽ തിങ്കളാഴ്ചയാണ് സംഭവം.  സംഭവവുമായി ബന്ധപ്പെട്ടു നാല് പൊലീസുകാരെ പുറത്താക്കിയതായി മേയര്‍ ജേക്കബ് ഫ്രേ പറഞ്ഞു. അന്വേഷണം എഫ്ബിഐക്കു കൈമാറി. 

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവര്‍ഗക്കാരനെ നാലു പൊലീസുകാര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു ഷര്‍ട്ട് ഊരി നിലത്തു കമഴ്ത്തി കിടത്തിയ ശേഷം ഒരു പൊലീസുകാരന്‍ കാല്‍മുട്ടു കൊണ്ട് കഴുത്തില്‍ അമര്‍ത്തി. ''നിങ്ങളുടെ കാല്‍മുട്ട് എന്റെ കഴുത്തിലാണ്. ശ്വസിക്കാന്‍ കഴിയുന്നില്ല...'' എന്ന് ജോര്‍ജ് കേഴുന്നത് വിഡിയോയില്‍ കേള്‍ക്കാം.

തെരുവിലൂടെ നടന്നു പോയവരാണ് ക്രൂരദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. അനങ്ങാന്‍ കഴിയാതെയാണ് ജോര്‍ജ് നിലത്തു കിടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എഴുന്നേറ്റ് കാറില്‍ കയറാന്‍ പൊലീസുകാര്‍ അയാളോടു പറയുന്നുണ്ടായിരുന്നു. ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായിഅറിയിച്ചു. 

അഞ്ചു മിനിറ്റോളമാണ് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ജോർജിന്റെ കഴുത്തില്‍ മുട്ട് അമർത്തിപ്പിടിച്ചത്. വ്യാജരേഖക്കേസിലാണ് ജോര്‍ജിനെ പൊലീസ് പിടികൂടിയതെന്ന് അറ്റോര്‍ണി ബെന്‍ ക്രംപ് പറഞ്ഞു. 

2014-ല്‍ അനധികൃതമായി സിഗരറ്റ് വിറ്റതിനു പിടിയിലായ എറിക് ഗാര്‍ണര്‍ എന്ന ന്യൂയോര്‍ക്ക് സ്വദേശിയെ പൊലീസ് കഴുത്തുഞെരിച്ചു കൊന്നിരുന്നു.

അടുത്തിടെ രണ്ടു കറുത്ത വര്‍ഗക്കാരുടെ മരണത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. മാര്‍ച്ച് 13-നു ലൂയിസ്‌വില്ലയില്‍ വെളുത്ത പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടില്‍ കയറി അവരെ വെടിവച്ചിരുന്നു. മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടയായിരുന്നു സംഭവം. പ്രഭാതസവാരിക്കിടെ കറുത്ത വര്‍ഗക്കാരനായ യുവാവിനെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മകന്‍ വെടിവച്ചുകൊന്ന സംഭവം പൊലീസ് മറച്ചുവച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...