‘മിണ്ടാതെ വീട്ടിലിരിക്ക്’; ബ്രസീൽ കോവിഡിനൊപ്പം പ്രസിഡന്റിനെയും നേരിടണം; പൊട്ടിത്തെറി

brazil-protest-new
SHARE

ബ്രസീലിൽ കോവിഡ് വലിയ നാശം വിതയ്ക്കുകയാണ്.രോഗികളുടെ എണ്ണം 3.39 ലക്ഷം കടന്നതോടെ രാജ്യങ്ങളുടെ പട്ടികയിൽ യുഎസ് കഴിഞ്ഞാൽ ബ്രസീൽ രണ്ടാമതെത്തി. ഇതിന് പിന്നാലെ  പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ നിലപാടുകളെ പരസ്യമായി വിമർശിച്ച് ബ്രസീലിയൻ സിറ്റി മേയർ രംഗത്തെത്തി.‘മിസ്റ്റര്‍ പ്രസിഡന്റ് മിണ്ടാതെ വീട്ടിലിരിക്ക്, രാജിവയ്ക്ക്. ഒരു ഏകാധിപതിയാവാനാണ് പ്രസിഡന്റിന്റെ ആഗ്രഹം പക്ഷേ അദ്ദേഹം ഒരു വിഡ്ഢിയാണ്’ മാധ്യമത്തോട് മേയര്‍ ആര്‍തര്‍ വിര്‍ജിലിയൊ നെതൊ തുറന്നടിച്ചു.

കൊറോണ വൈറസിനെക്കാൾ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവിൽ സമരത്തിലാണ് ബ്രസീൽ ജനത. ഔദ്യോഗികമായി മരണസംഖ്യ 21,000 ആണെങ്കിലും യഥാർഥത്തിൽ ഇതിലുമേറെയെന്ന് നിഗമനം. ഇതേസമയം, രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ആദ്യ ദിനമാണ് കഴിഞ്ഞുപോയത്.

അമേരിക്കയിൽ ലോക്ഡൗൺ നടപടികൾ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ചുക്കാൻ പിടിച്ചപ്പോൾ അരയുംതലയും മുറുക്കി സംസ്ഥാനത്തെ ഗവർണർമാർ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും.ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്‍‍മശാനങ്ങള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ്.

ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളില്‍ ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സോഷ്യോപാത്ത് രാജ്യം ഭരിക്കുമ്പോൾ രാജ്യം ശവപ്പറമ്പാകുമെന്നാണ് ബോൾസോനാരോയ്ക്കെതിരെ ഒരു രാജ്യാന്തര മാധ്യമം ഉന്നയിച്ച വിമർശനം.

ബ്രസീലിലെ 27ൽ 24 ഗവർണർമാരും പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ വൻ രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലിൽ ഉടലെടുത്തിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...