വീണ്ടുമൊരു ആണവ പരീക്ഷണത്തിന് സാധ്യത തേടി ട്രംപ്; തിരികൊളുത്തുക ശീതയുദ്ധത്തിന്?

trump-bomb-test
SHARE

കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടുമൊരു അണ്വായുധ പരീക്ഷണത്തിനൊരുങ്ങി യുഎസ്. 1992ലാണ് അവസാനമായി യുഎസ് ആണവ പരീക്ഷണം നടത്തിയത്. 1991–92 സമയത്ത് ജുലിൻ സീരീസ് എന്ന പേരിൽ ഏഴു തുടർ പരീക്ഷണങ്ങളാണു ഗവേഷകർ നടത്തിയത്. ഇതിനു പിന്നാലെ ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് രാജ്യാന്തര തലത്തിൽ എല്ലാ ആണവ പരീക്ഷണങ്ങളും നിരോധിക്കാനുള്ള കരാർ 1996ൽ നടപ്പിൽ വരുത്തുകയായിരുന്നു. വീണ്ടുമൊരു പരീക്ഷണത്തിനുള്ള സാധ്യതകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തേടിയതായി വാഷിങ്ടൻ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. പേരു വെളിപ്പെടുത്താത്ത മുതിർന്ന ഒരു ഉദ്യോഗസ്ഥനെയും ആണവ പരീക്ഷണവുമായി ബന്ധമുള്ള രണ്ട് മുൻ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.

റഷ്യയും ചൈനയും ചെറിയ തോതിലുള്ള ആണവ പരീക്ഷണങ്ങൾ നടത്തുന്നതായി മേയ് 15നു ചേർന്ന രാജ്യസുരക്ഷാ ഏജൻസികളുടെ യോഗത്തിൽ ചർച്ചയായിരുന്നു. രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികളുടെ തലവന്മാരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. എന്നാൽ ആണവ പരീക്ഷണം നടത്തുന്നതിൽ തീരുമാനമാകാതെയാണു യോഗം പിരിഞ്ഞത്. റഷ്യയുടെയും ചൈനയുടെയും പ്രകോപനങ്ങൾക്ക് ആണവ പരീക്ഷണത്തിലൂടെയല്ലാതെ മറുപടി നൽകാനാണു നിലവിലെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തുടർ ചർച്ചകളുടെ സാധ്യത തള്ളിക്കളഞ്ഞിട്ടുമില്ല.

അതേസമയം ആണവ പരീക്ഷണം നടത്തിയെന്ന ആരോപണം ചൈനയും റഷ്യയും തള്ളിയിട്ടുണ്ട്. യുഎസാകട്ടെ ഇതു സംബന്ധിച്ച തെളിവും പുറത്തുവിട്ടിട്ടില്ല. എന്നാൽ 28 വർഷത്തിനു ശേഷം ആണവ പരീക്ഷണത്തെപ്പറ്റി യുഎസ് ചിന്തിച്ചതു ഗൗരവതരമായ തുടർ ചർച്ചകൾക്കു വിധേയമാക്കേണ്ട വിഷയമാണെന്നാണു നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ച് ചൈന–റഷ്യ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായിരിക്കുന്ന സാഹചര്യത്തിൽ. എന്നാൽ യുഎസിന്റെ പ്രതിരോധ നയങ്ങളിൽനിന്നുള്ള വ്യതിചലനമായിരിക്കും അത്തരമൊരു പരീക്ഷണം. മാത്രവുമല്ല, ആണവശക്തികളായ രാജ്യങ്ങൾക്ക് വീണ്ടും പരീക്ഷണങ്ങൾ നടത്താനുള്ള അവസരം കൂടിയായിരിക്കും യുഎസ് തുറന്നുകൊടുക്കുക. അണ്വായുധത്തിനായുള്ള വിവിധ രാജ്യങ്ങളുടെ പോരാട്ടത്തിനു തിരി കൊളുത്തുകയാണ് യുഎസ് ഇതിലൂടെ ചെയ്യുന്നതെന്നും നിരീക്ഷകർ പറയുന്നു. ട്രംപിന്റെ ആണവ പരീക്ഷണം പുതിയൊരു ശീതയുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ആണവായുധങ്ങൾക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മയായ ഐസിഎഎൻ അംഗം ബിയാട്രിസ് ഫിൻ പറയുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...