കിം ഇറങ്ങി; ഉന്നത സൈനിക യോഗം; സജ്ജരാകാൻ സൈന്യത്തിന് നിർദേശം

kim-meeting
SHARE

മൂന്നാഴ്ചയോളം പൊതുചടങ്ങുകളിൽനിന്നും ഔദ്യോഗിക യോഗങ്ങളിൽനിന്നും വിട്ടുനിന്ന ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും സജീവമാകുന്നു. രാജ്യത്തെ ഉയർന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത അദ്ദേഹം അണ്വായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ തന്ത്രപ്രധാന മേഖലകളിൽ വിവിധ സൈനിക വിഭാഗങ്ങൾ സജ്ജരായിരിക്കണമെന്നും കിം നിർദേശിച്ചതായി കെസിഎൻഎ വ്യക്തമാക്കി. 

ആരോഗ്യസ്ഥിതി മോശമായി കിം മരിച്ചുവെന്ന തരത്തിൽ കഴിഞ്ഞ മാസം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ മേയ് ആദ്യവാരം ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ അദ്ദേഹം പങ്കെടുത്തോടെ അഭ്യൂഹങ്ങൾക്ക് അവസാനമായി. പിന്നെയും 20 ദിവസത്തോളം അദ്ദേഹത്തെക്കുറിച്ചു വിവരമുണ്ടായിരുന്നില്ല. അതിനിടയ്ക്കാണ് സെന്‍ട്രൽ മിലിട്ടറി കമ്മിഷന്റെ യോഗം വിളിച്ചുചേർത്തതായി കെസിഎൻഎ വാർത്ത പുറത്തുവിട്ടത്. ‘രാജ്യത്തിന്റെ ആണവായുധ ശേഖരം വർധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകണം. അതോടൊപ്പം തന്ത്രപ്രധാന സൈനിക സംഘങ്ങളെല്ലാം തയാറായിരിക്കണം’– കിം നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 

വിദേശ ശക്തികളിൽനിന്നു വർധിച്ചുവരുന്ന പ്രകോപനത്തെ പ്രതിരോധിക്കാനുള്ള വഴികളും യോഗം ചർച്ച ചെയ്തു. പക്ഷേ എന്നാണു യോഗം ചേർന്നതെന്നു വ്യക്തമാക്കിയിട്ടില്ല. യുഎസുമായുൾപ്പെടെ ആണവ നിർവ്യാപന കരാർ സംബന്ധിച്ചുള്ള ചർച്ചകൾ പാളിയിരിക്കുന്ന സാഹചര്യത്തിലാണ് കിമ്മിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധവും തുടരുകയാണ്. ചർച്ചയിൽ പുരോഗതി കാണാതിരുന്നതിനെത്തുടർന്ന് ഉത്തരകൊറിയ ‘തന്ത്രപ്രാധാന്യമുള്ള പുതിയ ആയുധം’ പുറത്തിറക്കുമെന്ന് കിം ഭീഷണിപ്പെടുത്തിയിരുന്നു. 

അണ്വായുധങ്ങളിലും ദീർഘദൂര മിസൈൽ പരീക്ഷണങ്ങളിലും സ്വയം ഏർപ്പെടുത്തിയ നിയന്ത്രണത്തിൽനിന്നു പിന്മാറുകയും ചെയ്തു. എന്നാൽ ഇതുവരെ ചില ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതല്ലാതെ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നു കാര്യമായ ഭീഷണിയൊന്നുമുണ്ടായിട്ടില്ല.

അതിനിടെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കിം സ്വയം സുരക്ഷ തേടി ‘ഒളിവിൽ’ പോയതാണെന്നാണ് ദക്ഷിണ കൊറിയയുടെ വാദം. ഈ വർഷം ഇതുവരെ 17 തവണയാണ് കിം പൊതുജനമധ്യത്തിലെത്തിയത്. 2011ൽ അധികാരത്തിലേറിയതിന ശേഷം എല്ലാ വർഷവും ഇതേ കാലയളവിൽ അൻപതിലേറെ തവണ പൊതുചടങ്ങുകളിൽ കിം പങ്കെടുത്തിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...