വീടുകളിലേക്ക് ഇടിച്ചിറങ്ങി; രക്ഷപെട്ടത് ഒരാള്‍ മാത്രം; ദൃശ്യങ്ങൾ പുറത്ത്

PAKISTAN-AVIATION-ACCIDENT
SHARE

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന വിമാനസർവീസുകൾ ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും പാക്കിസ്ഥാനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം.  തകർന്നുവീണ യാത്രാവിമാനത്തിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സർക്കാർ വൃത്തങ്ങൾ ന‍ൽകുന്ന സൂചന. ബാങ്ക് ഓഫ് പഞ്ചാബ് ജീവനക്കാരനായ സഫർ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. 

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ എയർബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകർന്നുവീണത്. ഒരാൾ പോലും അപകടത്തെ അതിജീവിക്കാൻ സാധ്യതയില്ലെന്നു കറാച്ചി മേയർ വസീം അക്തർ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാർത്ത പുറത്തുവന്നത്. 17 യാത്രക്കാർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രി ഏഴരയോടെയെത്തി. വിമാനത്തിൽ 31 വനിതകളും 9 കുട്ടികളുമുണ്ടായിരുന്നു. 16 വർഷം പഴക്കമുള്ളതാണു വിമാനമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിൽ ലാൻഡിങ്ങിനുള്ള ശ്രമത്തിനിടെ രണ്ട് എൻജിനുകളും തകരാറിലായെന്ന് പൈലറ്റ് കൺട്രോൾ ടവറിലേക്ക് സന്ദേശം അയച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനത്താവളത്തിലെ രണ്ട് റൺവേകളിൽ ഏതെങ്കിലുമൊന്നിൽ ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ ലാൻഡിങ്ങിനിടെ സഹായം അഭ്യർഥിക്കുന്ന 'മേയ്ഡേ' സന്ദേശവും പൈലറ്റിൽനിന്നെത്തി. അതിനുശേഷം എല്ലാ ആശയവിനിമയങ്ങളും നിലച്ചെന്നും റിപ്പോർട്ടിലുണ്ട്. വെള്ളി ഉച്ചയ്ക്ക് 2.17–നായിരുന്നു സംഭവം. വിമാനത്തിന്റെ ലാൻഡിങ് ഗിയർ പ്രവർത്തിക്കാത്തതാണു പ്രശ്നമെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാന മന്ത്രി ഗുലാം സർവർ പറഞ്ഞു.

ഒട്ടേറെ പേര്‍ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് വിമാനം ഇടിച്ചിറക്കിയത്. ഒട്ടേറെ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. വിമാനത്തിന്റെ ഇരുചിറകുകളും തീപിടിച്ച് കെട്ടിടങ്ങളിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആദ്യം ഒരു മൊബൈൽ ടവറിലാണ് വിമാനം ഇടിച്ചിറക്കിയത്. അപകടത്തിന്റെ വിവിധ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...