കോവിഡിനെ തോൽപിച്ച് തയ്‌വാൻ; തയ്‌വാനെ തോൽപ്പിച്ച് ലോകം

taiwan-who
SHARE

നൂറ്റാണ്ടിലെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ രണ്ടുദിവസത്തെ സമ്മേളനം സമാപിച്ചു. 194 അംഗരാജ്യങ്ങള്‍, ബഹുഭൂരിപക്ഷവും കോവിഡ് 19 നോട് പൊരുതിത്തോറ്റവര്‍, ആശങ്കയുടെയും നിരാശയുടെയും നിഴലില്‍ അനുഭവങ്ങള്‍ പങ്കുവച്ചു. സംഘടനയുടെ വിശ്വാസ്യതയെത്തന്നെ വന്‍ശക്തി രാജ്യങ്ങള്‍ ചോദ്യം ചെയ്തു. ലോകാരോഗ്യസംഘടനത്തലവന്‍ ചൈനയുടെ അടിമയായെന്ന് അമേരിക്ക ഉച്ചത്തിലും മറ്റുള്ളവര്‍ ശബ്ദം താഴ്ത്തിയും പറഞ്ഞു. 

കോവിഡിനെ എങ്ങനെ തോല്‍പ്പിക്കാം എന്ന ചര്‍ച്ചയില്‍ പക്ഷെ ഒരു വിജയയിയുടെ ശബ്ദം ലോകാരോഗ്യസമ്മേളനം മറച്ചുവച്ചു. തയ്‌വാൻ എന്ന ചൈനീസ് തായ്പേയിയുടെ വിജയകഥ. അവിടെയും വില്ലനായത് ബെയ്ജിങ് തന്നെ. ജനുവരി 21ന് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തയാവാനില്‍ ഇതുവരെ 440 രോഗികളും ഏഴ് മരണവുമാണുള്ളത്. കൊറോണയുടെ ജന്മനാടായ ചൈനയില്‍ നിന്ന് ആയിരക്കണക്കിന് പേരെത്തിയ, പല രാജ്യാന്തര യാത്രകളുടെയും ട്രാന്‍സിറ്റ് വിമാനത്താവളമുള്ള, തയ്‌വാൻ എന്ന കുഞ്ഞന്‍ പ്രദേശത്തിന്‍റെ വിജയത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്, സുതാര്യമായ നയങ്ങളുണ്ട്. സാര്‍സിനെയും എച്ച് വണ്‍ എന്‍ വണിനെയും വിജയകരമായി നേരിട്ട അനുഭവപരിചയമുണ്ട്.

കോവിഡെന്ന ഭീകരന്‍ ജന്മമെടുത്ത വിവരം ലോകാരോഗ്യസംഘടനയെ ആദ്യം അറിയിച്ചത് തയ്‌വാൻ ആണ്. വുഹാനില്‍ അസാധാരണ സ്വഭാവമുള്ള ന്യൂമോണിയ റിപ്പോര്‍ട്ട് ചെയ്തു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ തയ്‌വാൻ ജനുവരിയിലേ അതിനെ നേരിടാന്‍ തയാറെടുത്തു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരാവുന്ന വൈറസ് ലോകത്തിന് വെല്ലുവിളിയാകുമെന്ന് ലോകാരോഗ്യസംഘടനയെ അറിയിച്ചു. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന ചൈനയുടെ വാക്കുകള്‍ മാത്രം മുഖവിലയ്ക്കെടുത്ത ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനവും സംഘവും തയ്‌വാന്‍റെ മുന്നറിറിയിപ്പുകളെ അവഗണിച്ചു.  ലോകാരോഗ്യസംഘടനെ വിശ്വസിച്ച് ലോകരാജ്യങ്ങൾ രാജ്യാന്തരയാത്രകള്‍ അനുവദിച്ചു.  വൈറസ് ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്തു.

taiwan-road

പക്ഷേ  തുടക്കത്തിലേ  അതിര്‍ത്തികള്‍ അടച്ച തയ്‌വാൻ കോവിഡിനെ തോൽപ്പിക്കുമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു. യാത്രാവിലക്കും സമ്പര്‍ക്ക നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കലും ഏര്‍പ്പെടുത്തി. ജനുവരി 20 ന് തന്നെ സെന്‍ട്രല്‍ എപിഡെമിക് കമാന്‍ഡ് സെന്‍റര്‍( CECD ) സജ്ജമായി എന്ന് പറയുമ്പോള്‍ ആ മുന്നൊരുക്കത്തിന്‍റെ മികവ് വ്യക്തമാവും. വീട്ടിലിരിക്കുന്ന ജനം പട്ടിണിയാവാതിരിക്കാനുള്ള സാമ്പത്തിക പാക്കേജും തയാറാക്കി പ്രസിഡന്‍റ് സായ് ഇങ് വെൻ. ലോകത്താദ്യം തന്നെ കോവിഡിനെതിരെ ആയുധമെടുത്തത് തയ്‌വാൻ ആണെന്ന് പറയാം.

ഇനിയും  കീഴടക്കാനാവാത്ത കോവിഡിനെ നേരിടുന്നതില്‍ ഏറെ പഠിക്കാനുണ്ട് ലോകത്തിന് തയ്‌വാനില്‍ നിന്ന്. അതിനുള്ള ഏറ്റവും മികച്ച വേദിയായിരുന്നു ലോകാരോഗ്യസമ്മേളനം. എന്നാല്‍ ചൈനയുടെ പിടിവാശിക്ക് വഴങ്ങിയ ലോകരാജ്യങ്ങള്‍ തയ്വാന് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചു. തയ്‌വാനെ പങ്കെടുപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തയ്‌വാന്‍റെ വിജയഗാഥയെ പുകഴ്ത്തുമ്പോഴും ലോകവേദിയില്‍ അവരെ കൊണ്ടു വരാനുള്ള ശ്രമത്തോട് മൗനം പാലിച്ചു.

രാഷ്ട്രീയവും നയതന്ത്രവും മനുഷ്യജീവനെക്കാള്‍ പ്രാധാന്യം നേടുമ്പോള്‍ എന്തുസംഭവിക്കും  എന്നതിന്‍റെ ഉദാഹരണമാണ് തയ്‌വാന്‍റെ ഈ അനുഭവം. എന്തുകൊണ്ട് തയ്‌വാന്‍റെ ശബ്ദം ലോകം കേള്‍ക്കരുതെന്ന് ചൈന ആഗ്രഹിക്കുന്നു? സ്വതന്ത്രമായി ശബ്ദിക്കാന്‍ തയ്‌വാന് കിട്ടുന്ന ഓരോ അവസരവും പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേയ്ക്കുള്ള ചുവടുവയ്പ്പാകുമെന്ന ബെയ്ജിങ്ങിന്‍റെ ഭയം തന്നെ കാരണം. സാര്‍സ്, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളെ മാതൃകാപരമായി കൈകാര്യം ചെയ്ത  തയ്‌വാന് 2016 വരെ ലോകാരോഗ്യസമ്മേളനത്തില്‍ നിരീക്ഷകരെന്ന നിലയില്‍ പങ്കെടുക്കാമായിരുന്നു. എന്നാല്‍ തയ്‌വാന് മേലുള്ള ചൈനീസ് ആധിപത്യത്തെ അംഗീകരിക്കാത്ത  പ്രസിഡന്‍റ് സായ് ഇങ് വെൻ തിരഞ്ഞെടുക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. യുഎന്‍ അംഗരാജ്യങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള തയ്‌വാൻ ശ്രമത്തെ ചൈന ശക്തിയുക്തം എതിര്‍ത്തു.  രാജ്യാന്തരവേദികളില്‍ നിന്നെല്ലാം തയ്‌വാനെ പുറത്താക്കാനുള്ള കരുനീക്കം ശക്തമാക്കി ചൈന. ചൈനീസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം തയ്വാനെ പടിക്കുപുറത്ത് നിര്‍ത്തി. തയ്‌വാന്‍ തനിക്കെതിരെ വംശീയ അധിഷേപം നടത്തി തുടങ്ങിയ ആരോപണങ്ങളും പിന്നീട് അദ്ദേഹം ഉന്നയിച്ചു.

ഇതെല്ലാം നടക്കുമ്പോഴും രണ്ടാം തവണയും പ്രസിഡന്‍റ് സായ് ഇങ് വെന്നിനെ അധികാരത്തിലേറ്റിയ തയ്‌വാൻ ജനത ബെയ്ജിങ്ങിന് ചുട്ട മറുപടി നല്‍കി. 57 ശതമാനം വോട്ടുനേടിയാണ് ഇങ് വെൻ വീണ്ടും  അധികാരത്തിലെത്തിയത്. വൈസ് പ്രസിഡൻറായിരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധന്‍ ചെൻ ചെൻ ജെൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്. ചൈനീസ് പ്രവിശ്യയെങ്കിലും 1980കളുടെ  അവസാനം, ജനാധിപത്യം സ്ഥാപിതമായതിന് ശേഷമുള്ള പൗരന്‍മാരാണ് ഇന്ന് തയ്‌വാനില്‍ ഏറെയും. കമ്യൂണിസ്റ്റ് ചൈനയ്ക്ക് അടിയറവ് പറയാന്‍ അശേഷം താല്‍പര്യമില്ലാത്തവര്‍. ചൈനയുടെ 'ഒരു രാജ്യം രണ്ട് രീതി ' നയത്തിന് തയ്‌വാനില്‍ അംഗീകാരം കുറഞ്ഞുവരികയാണ്. അമേരിക്കന്‍ പിന്തുണ തയ്‌വാന് പ്രതീക്ഷയേകുന്നതുമാണ്.

ഇന്ത്യയുമായി മികച്ച ബന്ധമാണ് തയ് പേയ് പുലര്‍ത്തുന്നത്. പ്രസിഡന്‍റ് ഇങ് വെനി ന്‍റെ രണ്ടാം സത്യപ്രതിജ്ഞ ചടങ്ങില്‍ രണ്ട് ബിജെപി എംപിമാര്‍, മീനാക്ഷി ലേഖിയും രാഹുല്‍ കസ്വാനും പങ്കെടുത്തത് ചൈനയ്ക്കുള്ള സന്ദേശം കൂടിയാണ്. 2016ല്‍ ഇതായിരുന്നില്ല ഇന്ത്യന്‍ നയം. ഐക്യ ചൈന നയം പിന്തുടരുന്ന ഇന്ത്യ പക്ഷെ തയ്‌വാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഇനിയും തയാറായിട്ടില്ല. ഇന്ത്യ- തയ്പേയ് അസോസിയേഷന്‍ എന്ന പേരില്‍ നയതന്ത്ര സാന്നിധ്യമുണ്ട് തായ്പേയില്‍.  തയ്‌വാന്‍റെ എക്സ്റ്റേണല്‍ ട്രേഡ് ഡെവലപ്മെന്‍റ്  കൗണ്‍സിലിന് ഇന്ത്യന്‍ നഗരങ്ങളില്‍ കാര്യാലയങ്ങളുണ്ട്.  പത്തുലക്ഷം മാസ്കുകളാണ് കോവിഡ് പശ്ചാചത്തലത്തില്‍ തയ്‌വാൻ ഇന്ത്യയ്ക്ക് കൈമാറിയത്. ഇതിനെല്ലാമുപരി ജനാധിപത്യമെന്ന മഹത്തരമായ ഭരണസംവിധാനവും ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ അടുക്കാനുള്ള വഴി തുറക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...