കോവിഡ് കാലം; ലോകത്തിന്റെ മനസ് താളം തെറ്റുന്നു; യുഎൻ മുന്നറിയിപ്പ്

mind-wb
SHARE

കോവിഡ് കാലം ഓരോരുത്തർക്കും ഓരോ അനുഭവമാണ് നല്‍കുന്നത്. ചിലർക്ക് രോഗബാധ,ഒറ്റപ്പെടൽ,ദാരിദ്ര്യം,ഉത്കണ്ഠ അങ്ങനെയങ്ങനെ ലോകമൊട്ടുക്ക് മനുഷ്യർ വേദനയും വേവലാതിയുമായി ജീവിക്കുന്ന കാലം. ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ് യുഎൻ പറയുന്ന കാര്യം. മാനസികാരോഗ്യ പ്രതിസന്ധി നേരിടുന്നവരുടെ എണ്ണം ലോകത്ത് കൂടുന്നതായി യുഎൻ ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. വലിയ ആളുകളിൽ മാത്രമല്ല കുഞ്ഞുങ്ങളിലും  ഈ കാലമുണ്ടാക്കുന്ന മുറിവുകൾ ചെറുതല്ലെന്നും യുഎൻ മുന്നറിയിപ്പ് നൽകുന്നു. ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ട് ശരിയായ നടപടികൾ എടുക്കേണ്ട ഉത്തരവാദിത്വം ഓരോ രാജ്യത്തെയും സർക്കാറിനുണ്ട്.

‘ഒറ്റപ്പെടൽ, ഭയം, അനിശ്ചിതത്വം, സാമ്പത്തിക ഞെരുക്കം തുടങ്ങിയവ മാനസിക വിഷമം ഉണ്ടാക്കും’ – ലോകാരോഗ്യസംഘടനയുടെ മാനസികാരോഗ്യ വിഭാഗം ഡയറക്ടർ ഡെവോറ കസ്റ്റെൽ പറഞ്ഞു. കോവിഡ് 19 ഉം മാനസികാരോഗ്യവും എന്ന വിഷയത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. മനോദൗർബല്യം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും സർക്കാരുകൾ ഈ വിഷയം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമൂഹത്തിന്റെ മാനസികാരോഗ്യത്തെയും ഈ പ്രതിസന്ധി ഗുരുതരമായി  ബാധിച്ചു. വളരെ പെട്ടെന്നുതന്നെ ഈ വിഷയത്തിലേക്കു ശ്രദ്ധ പതിയണം. മനോദൗർബല്യം ബാധിക്കാൻ സാധ്യതയുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ റിപ്പോർട്ട് എടുത്തു കാട്ടുന്നു. ഇവരിൽ കൂട്ടുകാരിൽനിന്നും സ്കൂളിൽനിന്നും ഒറ്റപ്പെട്ട കുട്ടികളും ചെറുപ്പക്കാരും കൊറോണ വൈറസ് ബാധിച്ച ആയിരക്കണക്കിന് രോഗികളെയും മരണമടഞ്ഞവരെയും കാണുന്ന ആരോഗ്യപ്രവർത്തകരുമുണ്ട്.

കുട്ടികൾ ഉത്കണ്ഠാകുലരാണെന്നും അവരിൽ ഉത്കണ്ഠയും വിഷാദവും ബാധിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും സർവേകളും പുറത്തുവരുന്നുണ്ട്. ഗാർഹിക പീഡനം വർധിക്കുന്നുണ്ട്. അതിലെ ഇരകൾക്ക് മാനസിക പിന്തുണ നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആരോഗ്യപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അമേരിക്കയിലെ ഡോക്ടർമാരും നഴ്സുമാരും ഉത്കണ്ഠ, ഭീതി, ദുഃഖം, മരവിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ, പേടിസ്വപ്നം ഇവയെല്ലാം അനുഭവിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പെട്ടെന്നുണ്ടായ ഈ ആരോഗ്യ അവസ്ഥയിലും ശാരീരിക അകലം പാലിക്കൽ മുതലായവയിലും ആരോഗ്യമേഖലയ്ക്കു പുറത്ത് നിരവധി ആളുകൾ വിഷമത്തിലാണ്. രോഗബാധ, മരണം, കുടുംബാംഗങ്ങളെ നഷ്ടപ്പെടൽ ഇവ മൂലം വിഷാദത്തിലായവരും ഉണ്ട്.

ദശലക്ഷക്കണക്കിന് പേരാണ് സാമ്പത്തികത്തകർച്ച നേരിടുന്നത്. ജോലിയും വരുമാനവും നഷ്ടപ്പെട്ടവർ നിരവധിയാണ്. പകർച്ചവ്യാധിയെക്കുറിച്ചുള്ള കേട്ടുകേൾവികളും എത്രകാലം ഇതു നീണ്ടുനിൽക്കുമെന്നുള്ള അനിശ്ചിതത്വവും ആളുകളെ ഉത്കണ്ഠാകുലരും ഭാവിയെപ്പറ്റി പ്രതീക്ഷ നശിച്ചവരും ആക്കിയിരിക്കുന്നു.

കോടിക്കണക്കിനാളുകളുടെ വിഷമതകൾ പരിഹരിക്കാനും സാമൂഹിക സാമ്പത്തിക ചെലവുകൾ ലഘൂകരിക്കാനും വേണ്ട നടപടികൾ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപ്രവർത്തകർക്ക് ഉൾപ്പടെ ടെലി കൗൺസലിങ് നൽകുക, വിഷാദവും ഉത്കണ്ഠയും ഉള്ള ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുക, ഗാർഹിക പീഡനം, കടുത്ത ദാരിദ്യ്രം ഇവ അനുഭവിക്കുന്നവരുമായി ഇടപെടുക തുടങ്ങി അടിയന്തര മാനസികാരോഗ്യ നടപടികൾ ലഭ്യമാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യണമെന്നും യുഎന്നിന്റെ ഈ സൈക്കളോജിക്കൽ റിപ്പോർട്ടിൽ പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...