അമ്മമാരെ കൊല്ലാനെത്തി; പിന്നെ സ്ത്രീകളുടെ കൂട്ടക്കുരുതി: അഫ്ഗാനിലെ കണ്ണീര്‍

afgan-wb
SHARE

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ  ആശുപത്രിയിൽ നടത്തിയ കൂട്ടക്കൊല ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. ആക്രമണത്തിലൂടെ ഭീകരർ ലക്ഷ്യം വച്ചത് അമ്മമാരുടെയും കുട്ടികളുടെയും വാർഡ് എന്നതാണു പുതിയ വെളിപ്പെടുത്തൽ

സമാധാന ഉടമ്പടികളെ കാറ്റിൽ പറത്തി നടത്തി അരുംകൊലയിൽ വിറങ്ങലിച്ചു നിൽക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പുതിയ വെളിപ്പെടുത്തൽ ഒരേസമയം ഞെട്ടലും വേദനയും സൃഷ്ടിക്കുന്നു. 24 സ്ത്രീകളും കുഞ്ഞുങ്ങളുമാണ് മെയ് 12ന് നടന്ന ഭീകരാക്രമണത്തിൽ ഇരയായത്. അബദ്ധത്തിൽ സംഭവിച്ചതല്ല ആക്രമണമെന്നും ഭീകരർ ലക്ഷ്യം വച്ചത് ആശുപത്രിയിലെ മാതൃശിശുപരിചരണ കേന്ദ്രം തന്നെയാണെന്നും ദൃക്സാക്ഷികളും ഉറപ്പു പറയുന്നു. 

ആശുപത്രിയിൽ എത്തിയ ആയുധധാരികൾ ഒട്ടേറെ വാർഡുകൾ കടന്നാണ് മെറ്റേണിറ്റി വാർഡിൽ എത്തിയത്. ലക്ഷ്യം വ്യക്തമായതിനുശേഷം മാത്രമാണ് ആക്രമണം നടത്തിയതെന്നും പറയപ്പെടുന്നു. മെഡിസിൻ സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ പ്രോഗ്രാംസ് തലവൻ ഫ്രഡറിക് ബോണറ്റ് ആണ് വെളിപ്പെടുത്തലുകൾ നടത്തിയത്.

 ആമിന എന്ന കുട്ടി ജനിച്ച് രണ്ടു മണിക്കൂർ ആയപ്പോഴാണ് ആക്രമണം തുടങ്ങുന്നത്. ബീബി നസിയയുടെയും ഭർത്താവിന്റെയും മൂന്നാമത്തെ കുട്ടി. ഭർത്താവ് വീട്ടിൽ. പ്രസവത്തിനുവേണ്ടിയാണ് ബീബി ആശുപത്രിയിൽ എത്തിയത്. ഉമ്മയ്ക്കൊപ്പം. രാവിലെ 8 മണിക്കായിരുന്നു ആമിനയുടെ ജനനം. ആഘോഷത്തിന്റെ സന്തോഷ സുദിനം ആകേണ്ട ദിവസം. എന്നാൽ, 10 മണി ആയപ്പോഴേക്കും ആക്രമണം തുടങ്ങി. ആശുപത്രിക്കു പുറത്ത് സ്ഫോടന ശബ്ദം കേട്ടുതുടങ്ങി. ബീബിയുടെ ഭർത്താവ് ഉൾപ്പെടെ ആശുപത്രിക്കുള്ളിൽ സ്വന്തക്കാർ ഉള്ളവരെല്ലാം ഉടൻ എത്തിച്ചേർന്നു. ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. മെഡിൻസിൻ സാൻസ് ഫ്രോണ്ടിയേഴ്സ് എന്ന സംഘടനയാണ് ആശുപത്രി നടത്തുന്നത്. മൂന്ന് ആയുധധാരികൾ മെറ്റേണിറ്റി വാർഡ് ലക്ഷ്യമാക്കി നടക്കുകയായിരുന്നു. പ്രസവം കഴിഞ്ഞവരോ പ്രസവത്തിനു കാത്തുനിൽക്കുന്നവരോ ആയി 26 പേർ അപ്പോൾ വാർഡിൽ ഉണ്ടായിരുന്നു. 10 പേർ സുരക്ഷിത മുറികളിൽ കയറി രക്ഷപ്പെട്ടു. മറ്റ് 16 പേരെ ഭാഗ്യം കടാക്ഷിച്ചില്ല. അവരിൽ ബീബിയും ആമിനയും ഉണ്ടായിരുന്നു. മൂന്നു ഗർഭിണികൾ അപ്പോൾ തന്നെ വെടിയേറ്റു വീണു. പിന്നീട് കൊല്ലപ്പെട്ടവരിൽ ബീബി നസിയയും ഉണ്ടായിരുന്നു. ജനിച്ചു മണിക്കൂറുകൾ മാത്രം പ്രായമായ ആമിനയുടെ കാലുകളിലാണ് വെടിയേറ്റത്. മറ്റ് അഞ്ചു പേർക്കും പരുക്കേറ്റു. രണ്ട് ആൺകുട്ടികളും ഒരു മിഡ് വൈഫും കൂടി സംഭവത്തിൽ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട ഒരു സത്രീ പറഞ്ഞത് പുരുഷൻമാരെ എല്ലാം ഒഴിവാക്കി ഭീകരർ തനിക്കു നേരെ തോക്കു ചൂണ്ടി എന്നാണ്.

നാലു മണിക്കൂറോളം സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നീണ്ടു. വെടിവയ്പ് നടത്തിയ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ആക്രമണം നടക്കുമ്പോൾ ഒരു സ്ത്രീ പ്രസവ മുറിയിൽ ആയിരുന്നെന്ന് രക്ഷപ്പെട്ട മിഡ് വൈഫ് പറഞ്ഞു. അവർ സ്ത്രീയെ അടുത്തൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ശബ്ദം പോലും കേൾപ്പിക്കാതെ ആ സ്ത്രീ കുട്ടിക്കു ജൻമം കൊടുത്തു. അപ്പോഴും മുറിക്ക് പുറത്ത് വെടിയൊച്ച കേൾക്കാമായിരുന്നു. വെറും കൈകൾ കൊണ്ടാണ് തങ്ങൾ പ്രസവം എടുത്തതെന്നും അവർ പിന്നീട് പറഞ്ഞു. 

അഫ്ഗാനിസ്ഥാനിൽ ആക്രമം പുതുമയല്ല. എന്നാൽ ഇത്തവണ ആശുപത്രിയിൽ ഉണ്ടായ ആക്രമണം എല്ലാവരെയും ഞെട്ടിക്കുന്നതും പൈശാചികവുമാണെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിനു മണിക്കുറുകൾക്കു ശേഷം ഒരു പൊലീസുകാരന്റെ ശവസംസ്കാര ചടങ്ങിനിടെ ചാവേർ ബോംബ് പൊട്ടി 32 പേരാണ് മരിച്ചത്. മറ്റു പല സ്ഥലങ്ങളിലും ആക്രമണങ്ങൾ തുടരുകയാണ്. 18 വർഷമായി അഫ്ഗാനെ തകർത്തുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കാൻ സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ക്രൂരമായ ബോംബ് സ്ഫോടനങ്ങളും വെടിവയ്പും നടക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...