മനുഷ്യരിലെ പരീക്ഷണത്തില്‍ വാക്സിന് മികച്ച ഫലം; യുഎസില്‍ നിന്ന് ശുഭവാര്‍ത്ത

covid19
SHARE

കോവിഡിൽ പകച്ച് നിൽക്കുന്ന ലോകത്തിന് പ്രതീക്ഷയേകുന്ന ഒരു വാർത്തയാണ് യുഎസിൽ നിന്ന് എത്തിയിരിക്കുന്നത്. യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണം നടത്തിയ വ്യക്തികളില്‍ പുതിയ കൊറോണ വൈറസിനെ ചെറുക്കാന്‍ പാകത്തില്‍ പ്രതിരോധ പ്രതികരണമുണ്ടാക്കാന്‍ വാക്‌സിനു കഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്. 

ലോകത്താകെ എട്ടു വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. ഏറ്റവും ശുഭകരമായ ആദ്യപരീക്ഷണ ഫലം ലഭിച്ചിരിക്കുന്നത് മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിനുമായി ബന്ധപ്പെട്ടാണ്. പരീക്ഷണത്തിനു തയാറായ വൊളന്റിയര്‍മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി നടത്തിയ ആദ്യഘട്ട പരീക്ഷണത്തിന്റെ ഫലമാണു പുറത്തുവന്നിരിക്കുന്നത്. ആര്‍ക്കും വലിയതോതില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. വാക്‌സിന്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നതിനു മുന്‍പുള്ള ഏറ്റവും പ്രധാനപ്പെട്ട കടമ്പകളില്‍ ഒന്നാണ് സുരക്ഷാ പരിശോധന. ഈ ഘട്ടത്തില്‍ വാക്‌സിന്റെ കുറഞ്ഞ ഡോസാണു നല്‍കുന്നത്. രണ്ടാം ബൂസ്റ്റര്‍ ഷോട്ട് നല്‍കിയതിനു ശേഷം വൊളന്റിയര്‍മാരുടെ രക്തം പരിശോധിച്ചപ്പോള്‍ രോഗമുക്തി നേടിയവരുടെ രക്തത്തില്‍ കണ്ടെത്തിയ അളവില്‍ തന്നെ ആന്റിബോഡി കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് കമ്പനി വ്യക്തമാക്കി. പരീക്ഷണത്തില്‍ കൂടിയ ഡോസ് നല്‍കിയ ചിലര്‍ക്കു പാര്‍ശ്വഫലങ്ങള്‍ ഉണ്ടായെന്നും ഇത് ഒരു ദിവസത്തില്‍ ഭേദമായെന്നും ഗവേഷകര്‍ പറഞ്ഞു.

മനുഷ്യശരീരത്തില്‍ വൈറസ് പെരുകുന്നത് തടയുന്ന ആന്റിബോഡി നിര്‍മിക്കാന്‍ കഴിഞ്ഞുവെന്നത് ശുഭോദര്‍ക്കമാണെന്ന് മൊഡേര്‍ണ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്റ്റീഫന്‍ ബാന്‍കെല്‍ പറഞ്ഞു. വാക്‌സിന്റെ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. 600 രോഗികളില്‍ രണ്ടാംഘട്ട പരീക്ഷണം ഉടന്‍ ആരംഭിക്കും.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ലോകം സാധാരണനിലയിലേക്കു മടങ്ങണമെങ്കില്‍ ഫലപ്രദമായ ഒരു വാക്‌സിന്‍ കണ്ടെത്തുകയെന്നത് അനിവാര്യമാണ്. ലോകമെമ്പാടും 4.7 ദശലക്ഷം ആളുകളെ ബാധിച്ച കോവിഡ് മൂന്നുലക്ഷത്തിലധികം ആളുകളെയാണു കൊന്നൊടുക്കിയത്. വൈറസ് പ്രതിരോധത്തിനായി വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു കമ്പനികള്‍. വാക്‌സിന്റെ പരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൊഡേര്‍ണയുടെ ഓഹരിമൂല്യത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി.

വൈറസിന്റെ നിഷ്‌ക്രിയമായ ഭാഗമോ വൈറസില്‍നിന്നുള്ള പ്രോട്ടീനോ ഉള്‍പ്പെടുത്തിയാണു ബഹുഭൂരിപക്ഷം വാക്‌സിനുകളും നിര്‍മിക്കുന്നത്. ഇതു കുത്തിവയ്ക്കുമ്പോള്‍ ഏറെനാളത്തേക്ക് രോഗപ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. എന്നാല്‍ മൊഡേര്‍ണ പോലുള്ള കമ്പനികള്‍ എംആര്‍എന്‍എ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വൈറല്‍ പ്രോട്ടീന്‍ ഉത്പാദനത്തിന് ശരീരത്തിലെ സ്വന്തം കോശങ്ങളെയാണ് ഉപയോഗിക്കുന്നത്. ഇതു കുത്തിവയ്ക്കുമ്പോള്‍ ആര്‍എന്‍എ മനുഷ്യകോശങ്ങളിലെത്തി വൈറസിനു സമാനമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ നിര്‍ദേശം നല്‍കും. കൊറോണയുടെ കാര്യത്തില്‍ അതിന്റെ ഉപരിതലത്തിലുള്ള ‘സ്‌പൈക്ക്’ പ്രോട്ടീന്‍ നിര്‍മിക്കാനാവും നിര്‍ദേശം നല്‍കുക. വാക്‌സിന്‍ കൃതമായി പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രോട്ടീനുകള്‍ ശരീരത്തില്‍ അതിനെ ചെറുക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചൈനീസ് ഗവേഷകര്‍ കൊറോണ വൈറസിന്റെ ജിനോം സീക്വന്‍സ് പുറത്തുവിട്ട ജനുവരി മുതല്‍ വാക്‌സിന്‍ പരീക്ഷണത്തിലാണ് മൊഡേര്‍ണയിലെ ഗവേഷകര്‍. ഫെബ്രുവരിയില്‍ തന്നെ ആദ്യഘട്ട വാക്‌സിന്‍ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്‌സ് ഓഫ് ഹെല്‍ത്തിനു കൈമാറി. മാര്‍ച്ച് പകുതിയോടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സേഫ്റ്റി ട്രയലിന്റെ ഭാഗമായി ആദ്യ വൊളന്റിയര്‍ക്ക് വാക്‌സിന്‍ ഡോസ് നല്‍കുകയും ചെയ്തിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...