സൂര്യപ്രകാശം കൊറോണ വൈറസിനെ കൊല്ലുമെന്ന് പഠനം; റിപ്പോർട്ട് പുറത്തുവിടാതെ യുഎസ് ഗവേഷകർ

covid-sunlight
SHARE

സൂര്യപ്രകാശവും ഈര്‍പ്പവും കൊറോണാവൈറസിനെ അതിവേഗം നശിപ്പിച്ചേക്കുമെന്ന് അമേരിക്കയുടെ ഹോംലാൻഡ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വില്ല്യം ബ്രയന്‍. റിപ്പോര്‍ട്ട് ശരിയാണെങ്കിൽ കൊറോണ വൈറസിനെക്കുറിച്ച് നടത്തപ്പെട്ടതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണിത് എന്നാണ് അവകാശവാദം. എന്നാല്‍, ഈ കാരണം പറഞ്ഞ് ആരും എടുത്തുചാടരുതെന്നും മുന്‍കരുതലുകള്‍ ലംഘിക്കരുതെന്നും പറയുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റം അമേരിക്കക്കാര്‍ക്ക് പ്രത്യാശ പകരുമെങ്കില്‍ കേരളത്തിലെ മഴക്കാലം നമ്മളോട് കൂടുതല്‍ കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു.

ദി ന്യൂ കൊറോണാവൈറസ് എന്നറിയപ്പെടുന്ന കീടാണുവിനുമേല്‍ അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് കാര്യമായ ആഘാതമുണ്ടാക്കാന്‍ കഴിയുമെന്ന് സർക്കാരിനു കീഴിലുള്ള ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാൻഡിന്റെ സെക്യൂരിറ്റി സെക്രട്ടറിയായ ബ്രയന്‍ വൈറ്റ് ഹൗസില്‍ വച്ചാണ് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍, വേനല്‍ക്കാലം എത്തുന്നതോടെ അമേരിക്കയ്ക്ക് രോഗവ്യാപനം കുറഞ്ഞേക്കാമെന്നാണ് ഉദ്യോഗസ്ഥന്റെ അഭിപ്രായം.

തങ്ങളുടെ ഇന്നേവരയുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍, സൂര്യ പ്രകാശം കൊറോണാവൈറസിനെ കൊല്ലുന്നുവെന്നതാണെന്ന് അദ്ദേഹം പറയുന്നു. പ്രതലങ്ങളിലും വായുവിലുമുള്ള അണുക്കളെ സൂര്യപ്രകാശം നശിപ്പിക്കുന്നു. ചൂടും ഈര്‍പ്പവും ഇതേ ആഘാതം വൈറസിനുമേല്‍ സൃഷ്ടിക്കുന്നുവെന്നും തങ്ങള്‍ നിരീക്ഷിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, ഈ കണ്ടെത്തലുകള്‍ അടങ്ങുന്ന പ്രബന്ധം ഇതുവരെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടില്ല. അതു പുറത്തുവന്നാല്‍ മാത്രമേ സ്വതന്ത്ര ഗവേഷകര്‍ക്ക് ഈ ശാസ്ത്രജ്ഞര്‍ ഏതെല്ലാം മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് തങ്ങളുടെ കണ്ടെത്തലുകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നു പരിശോധിച്ച് തങ്ങളുടെ യോജിപ്പോ വിയോജിപ്പോ അറിയിക്കാനാകൂ.

MORE IN WORLD
SHOW MORE
Loading...
Loading...