കോവിഡിൽ ടെസ്റ്റ് കിറ്റ്; അമേരിക്ക തോറ്റിടത്ത് ദക്ഷിണ കൊറിയ ജയിച്ചു; ലോക മാതൃക

test-kit-south-korea
SHARE

പണവും സജ്ജീകരണങ്ങളും ആവോളമുണ്ടായിട്ടും അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് കൊറോണ വൈറസിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. എന്നാൽ അതേസമയം ദക്ഷിണ കൊറിയ ലോകത്തിന് മഹാമാതൃക കാണിച്ചു തരികയാണ്. രോഗം പടരുന്നതിന് മുൻപ് തന്നെ ഒരു രാജ്യം കൈകൊണ്ട നടപടികളുടെ വിജയം കൂടിയാണിത്. ഒരാള്‍ക്ക് രോഗമുണ്ടോ എന്നു തിരിച്ചറിയാനുള്ള ടെസ്റ്റ് കിറ്റുകള്‍ സുലഭമായി ലഭ്യമായ രാജ്യമാണ് ദക്ഷിണ കൊറിയ. 

ബയോടെക് കമ്പനിയായ സീജീനിന്റെ (Seegene) മേധാവിയായ ചുണ്‍ ജോങ് യൂണാണ് ഇത്തരത്തിൽ മികച്ച മുന്നേറ്റത്തിന് തുടക്കമിട്ടത്. ചൈനയില്‍ പോലും കോവിഡ്-19 വ്യാപകമാകുന്നതിന് മുൻപ്, കൃത്യമായി പറഞ്ഞാല്‍ ജനുവരി 16ന് ആണ് അദ്ദേഹം തന്റെ ടീമിനോട് കൊറോണാവൈറസിനെ കേന്ദ്രീകരിച്ച് നീങ്ങാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം തങ്ങളോട് ആരും ആവശ്യപ്പെട്ടിട്ടു ചെയ്തതല്ലെന്ന് യൂണ്‍ പറയുന്നു.

അതേസമയം വൈറസ് കാര്യമായി ബാധിച്ച രാജ്യങ്ങളിലൊന്ന് ദക്ഷിണ കൊറിയായാണ്. ഇവിടെ 7,800ലേറെ ആളുകളെ രോഗം ബാധിക്കുകയും 60 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തിരിക്കുന്നു. രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നു തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം അവര്‍ക്ക് കൂടുതല്‍ രോഗികളെ ടെസ്റ്റു ചെയ്യാനായി എന്നതാണ്. പല രാജ്യങ്ങള്‍ക്കും രോഗനിര്‍ണ്ണയത്തിനു വേണ്ട സജ്ജീകരണങ്ങള്‍ പോലുമില്ല. രോഗിയെ പരിശോധിക്കണം എന്നു പറഞ്ഞാല്‍ ദക്ഷിണ കൊറിയയില്‍ അതിനുള്ള കിറ്റുകള്‍ ഫ്രീയാണ്. ദക്ഷിണ കൊറിയ ഇതിനകം തന്നെ 250,000 ലേറെ ആളുകളെ പരിശോധിച്ചു കഴിഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃത ഡേറ്റാ സിസ്റ്റം ഉപയോഗിച്ചാണ് കമ്പനി അതിവേഗം ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിച്ചിറക്കുന്നത്. അസേ (assay) കിറ്റ്‌സ് എന്നറിയപ്പെടുന്ന ടെസ്റ്റില്‍ പല തരം കെമിക്കല്‍ ലായനികളുണ്ട്. രോഗിയില്‍ നിന്നെടുക്കുന്ന സാംപിള്‍ ഇവയുമായി കലര്‍ത്തുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ചില ജീനുകളുടെ സാന്നിധ്യമുണ്ടോ എന്നു നോക്കും. സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്തോടെയല്ലാതെ ഇത്തരം കിറ്റുകള്‍ ഉണ്ടാക്കാന്‍ മൂന്നു മാസമെങ്കിലും എടുത്തേനെ. എന്നാല്‍, കമ്പനിക്കു വേണ്ടിവന്നത് മൂന്നാഴ്ച മാത്രമാണ്. ഒരുപാടു ജോലിക്കാരും ഇതിനു വേണ്ടിവന്നില്ല. ഏതാനും പേര്‍മാത്രമാണ് ഇതിനായി പണിയെടുത്തത്. ടെസ്റ്റിന്റെ ആധികാരികത നിര്‍ണ്ണയിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. സാധാരണഗതിയില്‍ ദക്ഷിണ കൊറിയന്‍ അധികാരികള്‍ക്ക് ഇവ സമര്‍പ്പിച്ച് അംഗീകരാം നേടണമെങ്കില്‍ ഒന്നര വര്‍ഷം എടുക്കുമായിരുന്നു. ഇത്തവണ കേവലം ഒരാഴ്ച മാത്രമാണ് എടുത്തത്.

MORE IN WORLD
SHOW MORE
Loading...
Loading...