കോവിഡ് 19 മനുഷ്യനിർമിതമല്ല; ആ വാദം തെറ്റ്; കണ്ടെത്തലുമായി ഗവേഷകർ

covid-test-2
SHARE

കോവിഡ് 19 രോഗം മനുഷ്യ നിർമിതമാണെന്നും ജൈവായുധമായി പ്രയോഗിച്ചതാണെന്നുമുള്ള തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നും കോവിഡ് രോഗത്തിന് കാരണമാകുന്ന SARS-CoV-2 വൈറസ് മനുഷ്യനിർമ്മിതമല്ലെന്നുമാണ് പുതിയ കണ്ടെത്തൽ. നേച്ചുര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച രാജ്യാന്തര ഗവേഷകരുടേയും സംഘടനകളുടേയും കൂട്ടായ്മയില്‍ നടത്തിയ പഠനം ഈ ഗൂഢാലോചനാ സിദ്ധാന്തത്തെ തള്ളി.

നിലവില്‍ ലഭ്യമായ കൊറോണ വൈറസുകളുടെ ജനിതക വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് SARS-CoV-2 പ്രകൃത്യാ ഉള്ള മാറ്റങ്ങളിലൂടെ രൂപം പ്രാപിച്ചതാണെന്ന തീരുമാനത്തില്‍ എത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇമ്യൂണോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കുന്നു. 

കൊറോണ വൈറസുകള്‍ ജലദോഷം മുതല്‍ 2003ല്‍ വന്ന സാര്‍സ് (Severe Acute Respiratory Syndrome), 2012ല്‍ പടര്‍ന്നുപിടിച്ച മെര്‍സ് (Middle East Respiratory Syndrome) തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് വരെ കാരണമാകാറുണ്ട്. കോവിഡ് 19 രോഗത്തിന് കാരണമായ വൈറസ് ലോകശ്രദ്ധയില്‍ വരുന്നത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു. ചൈനീസ് ആരോഗ്യ വിദഗ്ധര്‍ അപ്പോഴാണ് ലോകാരോഗ്യ സംഘടനക്ക് ഇങ്ങനെയൊരു രോഗവ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. 

വൈകാതെ ചൈനീസ് ഗവേഷകര്‍ തന്നെ SARS Cov2 വൈറസിന്റെ ജനിതകഘടന കണ്ടെത്തുകയും ചെയ്തു. ലോകമാകെയുള്ള ഗവേഷകര്‍ക്ക് ഇത് ലഭ്യമാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ആന്‍ഡേഴ്‌സണും സംഘവും പഠനം നടത്തിയത്. 

SARS Cov2 വൈറസിന് പുറംഭാഗത്തുള്ള മുനകളിലെ പ്രോട്ടീനുകളിലെ ജനിതകഘടനയിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. മനുഷ്യരുടെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കാന്‍ കൊറോണ വൈറസിനെ സഹായിക്കുന്നത് അവക്ക് ചുറ്റുമുള്ള മുനയുള്ള ഈ ഭാഗമാണ്. പ്രധാനമായും രണ്ട് ഭാഗങ്ങളാണ് ഈ SARS Cov2 വൈറസിന്റെ മുനയുടെ ഭാഗമായുള്ളത്. ആര്‍ബിഡിയും (receptor-binding domain) വിള്ളലുള്ള ഭാഗവും. ആര്‍ബിഡി ഉപയോഗിച്ച് മനുഷ്യ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന വൈറസുകള്‍ വിള്ളലുകളിലൂടെയാണ് പുറത്ത് വന്ന് മനുഷ്യരിലെത്തുന്നത്. 

ജനിതക വ്യതിയാനത്തിലൂടെയാണ് ഈ കൊറോണ വൈറസ് മനുഷ്യരിലെ എസിഇ 2വുമായി ബന്ധിപ്പിക്കുന്നതിനുള്ള കഴിവ് ഗണ്യമായി വര്‍ധിപ്പിച്ചത്. ഇത് കൃത്രിമമായി സാധ്യമല്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. SARS Cov2 വിന്റെ ആകെയുള്ള തന്മാത്രഘടനയും പരീക്ഷണശാലയില്‍ നിര്‍മ്മിച്ചതല്ലെന്ന സൂചന നല്‍കുന്നുണ്ടെന്നും ഗവേഷക സംഘം പറയുന്നു. സാധാരണ ജൈവായുധങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഏതെങ്കിലും ദോഷകരമായ വൈറസിനെ നട്ടെല്ലാക്കി വെച്ചായിരിക്കും നിര്‍മ്മിക്കുക. എന്നാല്‍ SARS Cov2 വിന്റെ നട്ടെല്ല് നിലവിലുള്ള കൊറോണ വൈറസുകളില്‍ നിന്നും വ്യത്യസ്തമാണ്. മാത്രമല്ല അവക്ക് മനുഷ്യരില്‍ പകരുന്ന വൈറസുകളേക്കാള്‍ വവ്വാലുകളില്‍ കണ്ടുവരുന്ന കൊറോണ വൈറസുകളുമായാണ് സാമ്യം. 

SARS Cov2 വൈറസ് മനുഷ്യരിലെത്താന്‍ രണ്ട് സാധ്യതയാണ് ഗവേഷക സംഘം മുന്നോട്ടുവെക്കുന്നത്. മനുഷ്യരല്ലാത്ത ഏതെങ്കിലും ജീവികളില്‍ ഉണ്ടായ ശേഷം അത് മനുഷ്യരിലെത്തിയതാകാം. സാര്‍സ് മനുഷ്യരിലേക്കെത്തിയത് പൂച്ചകളില്‍ നിന്നും മെര്‍സ് ഒട്ടകങ്ങളില്‍ നിന്നുമായിരുന്നു. SARS Cov2 ന് സമാനമായ വൈറസ് വവ്വാലുകളില്‍ കണ്ടെത്തി എന്നതും ഈ സാധ്യത വര്‍ധിപ്പിക്കുന്നു. വവ്വാലില്‍ നിന്നും മറ്റൊരു ജീവിയിലേക്ക് ആദ്യം പകരുകയും മനുഷ്യരില്‍ കൂടുതല്‍ അപകടം വിതക്കുന്ന ജനിതക മാറ്റങ്ങള്‍ക്ക് ശേഷം മനുഷ്യരിലേക്കെത്താനും സാധ്യതയുണ്ട്.

രണ്ടാമത്തെ സാധ്യത അത്രമേല്‍ അപകടകാരിയല്ലാത്ത രൂപത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്കെത്തുകയും ജനിതക വ്യതിയാനങ്ങള്‍ക്കൊടുവില്‍ നിലവിലെ അപകടകാരിയായി മാറുകയും ചെയ്യാം. എന്തായാലും SARS Cov2 പ്രകൃത്യാ ഉള്ള ജനിതക മാറ്റങ്ങള്‍ക്കൊടുവില്‍ അപകടകാരിയായ വൈറസാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കോവിഡ് 19ന് പിന്നില്‍ മനുഷ്യനാണെന്ന ചിന്തകള്‍ തെറ്റാണെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...