കത്തിയെരിഞ്ഞ് 50 കോടിയിലേറെ മൃഗങ്ങൾ; രക്ഷക്കെത്തി സ്റ്റീവ് ഇർവിന്റെ കുടുംബം; കാട്ടുതീ

aus-forest-fire
SHARE

ലോകത്തെ കണ്ണീരിലാഴ്ത്തി ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് അന്‍പതുകോടിയിലേറെ വന്യജീവികള്‍ക്കാണ്. ഗുരുതര പരുക്കോടെ ജീവനായി കേഴുന്ന മൃഗങ്ങളുടെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നു. മനുഷ്യനാൽ കഴിയുന്നതെല്ലാം ചെയ്തുകൊണ്ട് മുന്നോട്ടുപോവുകയാണ് ലോകം. ഇതിനിടെ സ്നേഹത്തിന്റെ മാതൃക കാട്ടുകയാണ് സ്റ്റീവ് ഇർവിന്റെ കുടുംബം.

മുതലവേട്ടക്കാരൻ എന്ന നിലയിൽ ലോകപ്രസിദ്ധി നേടിയ സ്റ്റീവ് ഇർവിൻ എന്ന പ്രകൃതി സ്നേഹിയുടെ കുടുംബം മൃഗങ്ങളുടെ സംരക്ഷണത്തിനായി സജീവമായി രംഗത്തുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ടെറിയും മകനായ റോബർട്ടും മകളായ ബിൻഡി​യും ചേർന്ന് 90,000 മൃഗങ്ങളെ ഇതിനോടകം രക്ഷിച്ചിട്ടുണ്ട്. ഇവയിൽ പലതും ഗുരുതര പരുക്കോടെ കാട്ടുതീയിൽ നിന്നും രക്ഷപ്പെട്ടതാണ്. ഇത്തരത്തിൽ രക്ഷതേടി ഓടിയ മൃഗങ്ങളിൽ ചിലത് വാഹനങ്ങൾക്കടിയിൽപ്പെട്ടും നായകളുടെ ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും റോബർട്ട് വ്യക്തമാക്കുന്നു.  

ലോകത്ത് അവശേഷിക്കുന്ന കോലകളില്‍ ബഹുഭൂരിപക്ഷവും ഓസ്ട്രേലിയയിലാണുള്ളത്. ആയിരക്കണക്കിന് കോലകള്‍ ഇതിനകം വെന്തുരുകി ചത്തു. ഓസ്ടേലിയയുടെ തെക്ക് കിഴക്കന്‍ തീരങ്ങളെ വിഴുങ്ങിയ കാട്ടുതീയില്‍ അന്‍പതുകോടി വന്യമൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വേഗത്തിലോടുന്ന കങ്കാരുക്കള്‍ വരെ തീയില്‍പ്പെട്ടു. പതിനഞ്ചുദശലക്ഷത്തിലധികം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നത്. നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഇതെല്ലാം വന്യമൃഗങ്ങളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഉണ്ടായ ആമസോണ്‍ കാട്ടുതീയുടെ ഇരട്ടിയിലേറെ സ്ഥലം ഇതുവരെ കാട്ടുതീ വിഴുങ്ങിക്കഴിഞ്ഞു.  

ന്യൂ സൗത്ത് വെയ്ൽസിലെ വിവിധയിടങ്ങളിൽ ഇന്നലെ മഴയെത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു. കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവർത്തനം ഊർജിതമായിട്ടുണ്ട്. കാട്ടുതീയെത്തുടർന്നു താൽക്കാലികമായി അടച്ചിരുന്ന റോഡുകൾ തുറന്നെങ്കിലും പുക ശമിക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. നിരവധി ആളുകൾ ഇപ്പോഴും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...