ട്രംപിന്റെ തലയ്ക്ക് 575 കോടി വിലയിട്ട് ഇറാൻ; സംസ്കാരച്ചടങ്ങിൽ അണപൊട്ടി രോഷം

trump-iran-head
SHARE

ഇറാന്റെ ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര്‍ (ഏകദേശം 575 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനം. ജനറല്‍ ഖാസിം സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിനിടെയാണ് യുഎസിനും ഡോണൾഡ് ട്രംപിനും എതിരെ രോഷം അണപൊട്ടിയൊഴുകിയത്.

സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനിടെ പശ്ചാത്തല വിവരണം നടത്തിയ ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷം വാഗ്ദാനം ചെയ്തതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുലൈമാനിയുടെ സംസ്കാര ദൃശ്യങ്ങൾ ദേശീയ ടിവി ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യവേയായിരുന്നു നാടകീയ രംഗങ്ങൾ.

‘80 ദശലക്ഷം ജനമാണ് ഇറാനിൽ ഉള്ളത്. ഒരോ ഇറാനിയും ഓരോ ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷം ഡോളർ ഉണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താന്‍ ഉത്തരവിട്ട, മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആര്‍ക്കും ഇറാനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം’. ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ തുടർ സംപ്രേക്ഷണം നിർത്തിവച്ചു. അധികൃതരുടെ ഇടപെടലിനെ തുടർന്നാണ് സംപ്രേക്ഷണം നിർത്തി വച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രഖ്യാപനം ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടു കൂടിയല്ലെന്നു പിന്നാലെ വ്യക്തമാകുകയും ചെയ്തിട്ടുണ്ട്.

ഇറാൻ പരമാധികാരി ആയത്തുല്ല അലി ഖമനയിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഖാസിം സുലൈമാനിയുടെ മരണത്തിൽ വൈകാരികമായാണ് ഇറാൻ പ്രതികരിച്ചത്. ഖാസിം സുലൈമാനിയുടെ ഭൗതിക ശരീരത്തിന് മുന്നിൽ കണ്ണുനീരടക്കാനാകാതെ ഇറാൻ പരമാധികാരി നിൽക്കുന്ന ചിത്രം രാജ്യാന്തര മാധ്യമങ്ങൾ പുറത്തു വിട്ടു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട സുലൈമാനി അടക്കമുള്ളവരുടെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു കൊണ്ടുള്ള പ്രാർഥനയ്ക്കിടെയാണു ഖമനയി നിയന്ത്രിക്കാനാകാത്ത വിധം വിങ്ങിപ്പൊട്ടിയത്.

MORE IN WORLD
SHOW MORE
Loading...
Loading...