പതിവ് തെറ്റിച്ചില്ല; ജീവൻ രക്ഷിച്ച അപ്പൂപ്പനെ കാണാൻ കുഞ്ഞ് പെൻഗ്വിൻ എത്തി; വിഡിയോ

rare-love-story
SHARE

വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല ഇൗ സ്നേഹം. പതിവ് തെറ്റിക്കാതെ ഇത്തവണയും തന്റെ രക്ഷകനെ കാണാൻ അയാൾക്കൊപ്പം കുറച്ച് മാസങ്ങൾ ചെലവഴിക്കാൻ കിലോമീറ്ററുകൾ താണ്ടി ആ പെൻഗ്വിൻ എത്തി. തന്റെ ജീവൻ രക്ഷിച്ച ജാവോ അപ്പൂപ്പൻ തന്നെ മാറോട് ചേർക്കുന്ന നിമിഷത്തിന് വേണ്ടി. ഡിന്‍ഡിം എന്ന കുഞ്ഞു പെൻഗ്വിനും ജാവോ എന്ന അപ്പൂപ്പനും തമ്മിലുള്ള സ്നേഹബന്ധം ലോകത്തിന് തന്നെ കൗതുകമാണ്.

സ്നേഹത്തിന് പിന്നിലെ സംഭവം ഇങ്ങനെ: 

2011 മെയിലാണ് എണ്ണയില്‍ കുളിച്ച് നീന്താന്‍ കഴിയാതെ തീരത്തടിഞ്ഞ പെന്‍ഗ്വിനെ ബ്രസീലിലെ റിയോ ഡി ജെനീറോ സ്വദേശിയായ ജാവോ പെരേര ഡിസൂസയ്ക്കു കിട്ടുന്നത്. ജാവോയുടെ കൈയിലെത്തുമ്പോൾ തീരെ അവശനിലയിലായിരുന്നു പെന്‍ഗ്വിന്‍. എന്നാൽ കൃത്യമായ പരിചരണവും ഭക്ഷണവും നൽകി ജാവോ അപ്പൂപ്പൻ പെന്‍ഗ്വിന്റെ ആരോഗ്യം വീണ്ടെടുത്തു. ഡിന്‍ഡിം എന്ന പേരും നൽകി.പൂർണ ആരോഗ്യവാനായപ്പോൾ പെൻഗ്വിനെ ബോട്ടിൽ കയറ്റി സമീപത്തുള്ള ദ്വീപിൽ കൊണ്ടുപോയി സ്വതന്ത്രനാക്കി. ഇനിയൊരിക്കലും കാണാനാകില്ലെന്ന പ്രതീക്ഷയിലാണു കടലിലേക്കു തുറന്നു വിട്ടത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് പിറ്റേന്നു തന്നെ അപ്പൂപ്പന്റെ വീടിനു പിന്നിൽ ഡിന്‍ഡിം മടങ്ങിയെത്തി. കുറച്ചു മാസങ്ങൾ ജാവോ അപ്പൂപ്പനൊപ്പം താമസിച്ച ഡിന്‍ഡിം 2012 ഫെബ്രുവരിയിൽ അപ്രത്യക്ഷനായി. 

എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ഏവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഡിന്‍ഡിം തിരികെയെത്തി. പിന്നീട് എല്ലാ വര്‍ഷവും ജാവോ പെരേര ഡിസൂസയെ തേടി ഈ പെന്‍ഗ്വിനെത്തും. ജാവോയ്ക്കൊപ്പം വീട്ടില്‍ 8 മാസത്തോളം താമസിക്കും. പിന്നെ വീണ്ടും തന്‍റെ പര്യടനം ആരംഭിക്കും. ജാവോ അപ്പൂപ്പൻ ശരീരത്തിൽ തലോടുന്നതും എടുക്കുന്നതും ഭക്ഷണം കൊടുക്കുന്നതുമൊക്കെ ‍ഡിൻഡിമിന് ഏറെയിഷ്ടമാണെങ്കിലും മറ്റാരെയും ശരീരത്തിൽ തൊടാൻ അനുവദിക്കാറില്ല. അപ്പോഴേ കൊത്തിയോടിക്കുകയാണ് പതിവ്. കഴിക്കാൻ മത്തിയാണ് ഏറെയിഷ്ടം.എല്ലാ വര്‍ഷവും സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് ഡിന്‍ഡിമിന്റെ സന്ദര്‍ശനം. വര്‍ഷത്തിലൊരിക്കല്‍ തന്നെ സന്ദര്‍ശിക്കാനെത്തുന്ന വളര്‍ത്തു മകന്‍ എന്നാണ് ഡിന്‍ഡിമിനെ ജാവോ വിശേഷിപ്പിക്കുന്നത്.

ബാക്കി സമയം ഡിൻഡിം എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മഗല്ലനിക് വിഭാഗത്തിൽ പെട്ട പെൻഗ്വിന്റെ സ്വദേശം പാറ്റഗോണിയ ആയിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഒന്നും രണ്ടുമല്ല അയ്യായിരം മൈലുകള്‍ താണ്ടിയാണ് തന്റെ രക്ഷകനെ കാണാൻ വർഷാവർഷം ഡിൻഡിം എത്തുന്നത്. ഇവരുടെ അപൂർവ സൗഹൃദം എല്ലാ വർഷങ്ങളിലും ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്. ഏപ്രിലിൽ പ്രജനന സമയം ആരംഭിക്കുന്നതോടെ ഡിന്‍ഡിം മടക്കയാത്ര ആരംഭിക്കും. 5000 മൈലുകൾ താണ്ടി വീണ്ടും ചിലിയുടെ തീരത്തേക്ക്. പിന്നീട് ഇതേ ദൂരം തിരികെ നീന്തി ജാവോയുടെ അടുത്തേക്ക്. നിർവചിക്കാനാവാത്ത സ്നേഹമാണ് ഇൗ യാത്ര ഇങ്ങനെ തുടരുകയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...