യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മരുഭൂമിയിൽ തള്ളി; രണ്ട് അറസ്റ്റ്

rape-california
SHARE

യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തശേഷം മരുഭൂമിയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ അച്ഛനും മകളും കോടതിയിൽ. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടണ്‍ (54), ഷാനിയ പോച്ചെ ലോട്ടണ്‍ (22) എന്നിവരെയാണ് കലിഫോര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി. ഇരുവരും കോടതിയിൽ കുറ്റം നിഷേധിച്ചു. രാജ്യത്തിന്റെ വിവധ ഭാഗത്തു കൂടെ ഇരയുമായി ഇവർ സഞ്ചരിച്ചതിനാൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. ഡിസംബർ 17ന് കേസ് വീണ്ടും പരിഗണിക്കും.

ഒക്ടോബര്‍ 30 നാണ്  നോര്‍ത്ത് ലാസ് വേഗാസില്‍ നിന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഒരാഴ്ചയോളം മുറിയില്‍ അടച്ചിട്ടായിരുന്നു പീഡനം. എടിഎം കാര്‍ഡ് കൈവശപ്പെടുത്തിയ ശേഷം യുവതിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കുകയും ചെയ്തു. യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി. 

നവംബര്‍ ആറിന് യുവതിയെ കലിഫോര്‍ണിയ മരുഭൂമിക്കു സമീപം കേണ്‍ കൗണ്ടിയില്‍ ഇവര്‍ ഉപേക്ഷിച്ചു. യുവതി അവിടെക്കിടന്ന് മരിക്കുമെന്ന ധാരണയിലാണ് ഉപേക്ഷിച്ച് പോയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തണുപ്പും പട്ടിണിയും മൂലം അവശ നിലയിലായിരുന്ന യുവതിയെ പട്രോളിങ്ങിനിടെ എഡ്‍വേഴ്സ് എയർ ഫോഴ്സ് ബേസിലെ മിലിട്ടറി പൊലീസ്  കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ബുധനാഴ്ച സ്റ്റാന്‍ലിയും വ്യാഴാഴ്ച ഷാനിയയും പിടിയിലായി. പ്രതികളെ യുവതിയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. തോക്കുകാണിച്ച് ഭീഷണിപ്പെടുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നു പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകശ്രമം, പണം തട്ടിയെടുക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇവരെ വീണ്ടും ഡിസംബർ 17ന് കോടതിയിൽ ഹാജരാക്കും. വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചതിനാൽ കേസ് ഫെഡറൽ കോടതിയിലാണ് പരിഗണിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

MORE IN WORLD
SHOW MORE
Loading...
Loading...