ഉറക്കം ബെൽറ്റ് ബോംബുമായി; ലൈംഗിക അടിമ യസീദി പെൺകുട്ടി; ബാഗ്ദാദിയുടെ ഒളിവുജീവിതം

abu bakr al-baghdadi
SHARE

ലോകത്തെ ഞെ‍ട്ടിച്ച് ബാഗ്ദാദി ലൈംഗിക അടിമയാക്കിയിരുന്ന യസീദി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. കൊടുംഭീകരൻ കൊല്ലപ്പെട്ടതിനു പിന്നാലെയാണു ലൈംഗിക അടിമയായുള്ള തന്റെ നരകജീവിതം പെൺകുട്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. യസീദികളെ കൂട്ടക്കൊല നടത്തുന്നതും പെൺകുട്ടികളെ അടിമകളാക്കി വിൽക്കുന്നതും ഐഎസ് ഭീകരരുടെ ക്രൂരവിനോദങ്ങളിലൊന്നായിരുന്നു. 

അവസാനനാളുകളിൽ ഭീതിയോടെയാണ് ബാഗ്ദാദി കഴിഞ്ഞിരുന്നത്. ഭാര്യക്കൊപ്പം തന്നെയാണ് യസീദി പെൺകുട്ടിയെയും താമസിപ്പിച്ചിരുന്നത്. കടുത്ത ലൈംഗിക പീഡനവും മര്‍ദനവും ഈ പെൺകുട്ടി നേരിടേണ്ടി വന്നിരുന്നു. ബഗ്ദാദിക്കൊപ്പം മരുഭൂമികളും പർവതങ്ങളും താണ്ടിയുള്ള യാത്രയ്ക്കിടെ തനിക്കേറ്റ ലൈംഗിക പീഡനത്തിന്റെ ഉൾപ്പെടെ, മുറിവുകൾ ഇന്നും മാഞ്ഞിട്ടില്ല ഇവളുടെ മനസ്സിൽ നിന്ന്.

രാത്രിയിൽ മാത്രമായിരുന്നു ബാഗ്ദാദിയുടെ സഞ്ചാരം. വില കുറഞ്ഞ ചെരുപ്പുമണിഞ്ഞ് മുഖം മറച്ചുള്ള യാത്രകളിൽ അഞ്ച് സുരക്ഷാ ഭടന്മാരും ഒപ്പമുണ്ടാകും. പലപ്പോഴും പല കാര്യങ്ങളും ബാഗ്ദാദിയോട് അയാളോടു ചോദിച്ചിരുന്നു. അപ്പോഴെല്ലാം സുരക്ഷയുടെ പേരുപറഞ്ഞ് അതിനൊന്നും മറുപടി പറഞ്ഞിരുന്നില്ലെന്നും പെൺകുട്ടി പറയുന്നു. അയാൾ എവിടെയൊക്കെ പോകുന്നുവെന്നറിയുന്നവർ കുറവായിരുന്നു. ഇടക്കാലത്ത് ആട്ടിടയന്റെ വേഷത്തിലായിരുന്നു ബഗ്ദാദിയുടെ യാത്രകൾ.  

2018ൽ യസീദി പെൺകുട്ടിയെ ബഗ്ദാദി മറ്റൊരാൾക്കു കൈമാറി. അയാളാണ് പെൺകുട്ടിയെ ഡാഷിഷയിൽ നിന്നു മാറ്റുന്നത്. അതിനു ശേഷം പിന്നീട് പെൺകുട്ടി ബാഗ്ദാദിയെ കണ്ടിട്ടില്ല. ഇടയ്ക്ക് അയാളുടെ പേരില്‍ ഒരു ആഭരണം സമ്മാനമായി ലഭിച്ചതാണ് അവസാനസംഭവം. 

abu-bakr-al-baghdadi-died

ഐഎസിന്റെ പല താവളങ്ങളും തകർന്നടിഞ്ഞതോടെ ബഗ്ദാദിയുടെ സഞ്ചാരവും കുറഞ്ഞു. പിടിക്കപ്പെടുമെന്ന് ഏകദേശം ഉറപ്പായ വിധത്തിലായിരുന്നു പിന്നീടുള്ള യാത്രകൾ. അതിനാൽത്തന്നെ ബോംബ് ഘടിപ്പിച്ച ബെൽറ്റുമണിഞ്ഞായിരുന്നു സഞ്ചരിച്ചിരുന്നത്. രാത്രി ഉറങ്ങുമ്പോഴും സമീപത്ത് ഒരു ബെൽറ്റ് സൂക്ഷിച്ചിരുന്നു. അണികളോടും ഇതു തന്നെ നിർദേശിച്ചു. ഒരിക്കൽ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല ബഗ്ദാദി. എന്നാൽ സഹായിയായ അബു ഹസ്സൻ അൽ–മുജാഹിർ ഗാലക്സി 7 ഫോൺ ഉപയോഗിച്ചിരുന്നതായി സാജിത്ത് വെളിപ്പെടുത്തുന്നു. 

സമ്മർദം ശക്തമായതോടെ ബഗ്ദാദിയുടെ പ്രമേഹം മൂർച്ഛിച്ചു. ഇടയ്ക്കിടെ രക്ത പരിശോധന നടത്തേണ്ടി വന്നു, ഒപ്പം ഇൻസുലിൻ കുത്തിവയ്പും. ഒരു ഘട്ടത്തിൽ ബഗ്ദാദിക്കെതിരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ സൂചന അബു സബ എന്ന ഭീകരനു ലഭിച്ചിരുന്നു. തുടർന്ന് സിറിയ–ഇറാഖ് അതിർത്തിയിലെ താൽക്കാലിക ടെന്റുകളെല്ലാം തകർത്തു. അന്നു ബഗ്ദാദിയെയും ഐഎസ് വക്താവ് അൽ–മുജാഹിറിനെയും മാലിന്യം കൊണ്ടു മറച്ച ഒരു കുഴിയിലാണ് ഒളിപ്പിച്ചത്. കുഴിക്കു മുകളിലൂടെ സംശയം തോന്നാതിരിക്കാൻ ആടുകളെയും മേയാൻ വിട്ടു. സൈനിക പരിശോധന കഴിഞ്ഞതിനു പിന്നാലെയാണ് ഇരുവരും പുറത്തുവന്നതെന്നും സാജിത്ത് പറയുന്നു. 

ഒക്ടോബർ 26 പുലർച്ചെ ഇദ്‌ലിബ് പ്രവിശ്യയിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് ബഗ്ദാദി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം വക്താവ് അൽ മുജാഹിറും മറ്റൊരു ആക്രമണത്തിൽ കൊല്ലപ്പെട്ടു.  'വാലി'കൾ എന്നറിയപ്പെട്ടിരുന്ന അനുയായികളിൽ ചിലരെ സ്വാധീനിച്ചാണ് അമേരിക്കൻ രഹസ്യപൊലീസ് ബാഗ്‌ദാദിയുടെ ഒളിത്താവളം കണ്ടെത്തിയതും ആക്രമിച്ചതും. 

MORE IN WORLD
SHOW MORE
Loading...
Loading...