വിദ്യാര്‍ഥി രോഷം തെരുവില്‍; ഇന്തോനീഷ്യയെ വിറപ്പിച്ച് വന്‍ പ്രക്ഷോഭം

indonesia-protest
SHARE

ലോകത്തെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യത്തെയും വിറപ്പിക്കുകയാണ് വിദ്യാര്‍ഥി പ്രക്ഷോഭം. അഴിമതിക്കെതിരായ നിയമത്തിലടക്കം വെള്ളം ചേര്‍ക്കാനുള്ള ഇന്തോനീഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡൊയുടെ നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.  ഏതെങ്കിലും പാര്‍ട്ടിയുടെയോ സമുദായത്തിന്‍റെയോ കൊടിയുടെ കീഴിലല്ല, മറിച്ച് രാജ്യത്തിന്‍റെ ഭാവി തലമുറ ഒറ്റക്കെട്ടായാണ് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചോദ്യം ചെയ്തത്.്  

അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും പിരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ആദ്യ ശബ്ദമുയര്‍ന്നത് സര്‍വകലാശാലകളില്‍ നിന്നാണ്. രണ്ടാം തവണ അധികാരക്കസേരയിലിരുന്ന ജോക്കോവിയെ(ജോക്കോ വിഡോഡോ) ഇരുത്തിപ്പൊറുപ്പിക്കുന്നില്ല വിദ്യാര്‍ഥിക്കൂട്ടം.  കെപികെ എന്ന ഇന്തോനീഷ്യന്‍ അഴിമതി വിരുദ്ധ ഏജന്‍സി രാജ്യത്ത് ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിലൊന്നാണ്. നൂറുകണക്കിന് രാഷ്ട്രീയക്കാരും ബിസിനസുകാരുമാണ് കെപികെയുടെ വലയില്‍ വീണത്. ഏറെനാളായി കെപികെയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മുറുമുറുക്കാന്‍ തുടങ്ങിയിട്ട്. ഇതിനാണ് പുതിയ നിയമനിര്‍മാണം നടത്തിയത്.  

എന്നാല്‍ ഇന്തോനീഷ്യയുടെ ശാപമായ അഴിമതി തഴച്ചുവളരാന്‍ അനുവദിക്കില്ലെന്ന് പ്രക്ഷോഭകാരികള്‍ ആണയിടുന്നു. പ്രസിഡന്‍റിനെ വിമര്‍ശിക്കുന്നതും വിവാഹേതരബന്ധവും ക്രിമിനല്‍ കുറ്റമാക്കാനുള്ള നീക്കവും വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്യുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന അധ്യാപകരെ കുറ്റവിചാരണ ചെയ്യാനും ഗര്‍ഭഛിദ്രം കുറ്റകരമാക്കാനും ഖനിലോബിയെ എതിര്‍ക്കുന്നവരെ ജയിലിടക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടതോടെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. 

ഇരുപത്തിമൂന്നുകാരി നൈലേന്ദ്രയാണ് പ്രക്ഷോഭത്തിന്‍റെ പ്രധാന നേതാവ്. വിമര്‍ശനങ്ങളെ കേള്‍ക്കാനും തിരുത്താനും പ്രസിഡന്‍റ് തയാറാവുന്നതാണ് രാജ്യത്തിന് നല്ലതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍‌കിക്കഴിഞ്ഞു.

ചിലെയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച പ്രക്ഷോഭമാണ് രാജ്യമാകെ പടരുന്നത്. സബ്‌‌വെ ചാര്‍ജില്‍ വരുത്തിയ വര്‍ധനയാണ് നൂറുകണക്കിന് കുട്ടിപ്രക്ഷോഭകരെ തെരുവിലിറക്കിയത്. നിസഹകരണ പ്രസ്ഥാനം രാജ്യമെങ്ങും വ്യാപിച്ചു. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയില്‍ ഞെരുക്കത്തിലായ സാധാരണക്കാരന്‍ വിലവര്‍ധനയോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. 

ശതകോടീശ്വരനായ  പ്രസിഡന്റ് സെബാസ്റ്റ്യൻ പിനെറയുടെ ഭരണത്തില്‍ സാധാരണക്കാരന്‍റെ ജീവിതം ദുരിതക്കയത്തിലാണ്. കോര്‍പ്പറേറ്റ് നികുതിയിളവടക്കം പണക്കാരന്‍റെ ക്ഷേമമാണ് പ്രസിഡന്‍റിന്‍റെ നയം. ഏറെക്കാലമായി പുകഞ്ഞിരുന്ന അസംതൃപ്തിയാണ് വിദ്യാര്‍ഥിപ്രക്ഷോഭമായി പുറത്തുവന്നത്. സമ്പൂര്‍ണസാമ്പത്തിക പരിഷ്കാരമാണ് ഇപ്പോള്‍ പ്രക്ഷോഭകാരികളുടെ ആവശ്യം.

ജക്കാര്‍ത്തിയാലും സാന്തിയാഗോയിലും ഹോങ്കോങ്ങിലും ഒന്നോ രണ്ടോ ആവശ്യങ്ങളുയര്‍ത്തി ചെറുപ്പക്കാരുയര്‍ത്തിയ പ്രക്ഷോഭം രാജ്യത്തിന്‍റെ കൂട്ടായ ഉയിര്‍ത്തെഴുനേല്‍പ്പായി മാറുകയാണ്. ജനാധിപത്യ, മനുഷ്യാവകാശ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള തുറന്ന പോരാട്ടം. സമൂഹമാധ്യമ പ്രതിഷേധങ്ങള്‍ക്കപ്പുറം ഭരണസിരാകേന്ദ്രങ്ങളെ വിറപ്പിക്കുന്ന വന്‍ ജനകീയ മുന്നേറ്റങ്ങള്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ നടക്കുന്ന ഇവയില്‍ രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള ശരിയായ ആശങ്ക പ്രകടമാണ്. ഉള്ളിലെരിയുന്ന രാജ്യസ്നേഹമാണ് പൗരാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് അഗ്നി പകരുന്നത്. പുതുതലമുറയില്‍ നിന്നുയരുന്ന ഈ ശബ്ദം ജനാധിപത്യത്തിന് പുത്തന്‍ പ്രതീക്ഷയേകുന്നു

MORE IN WORLD
SHOW MORE
Loading...
Loading...