ജപ്പാനിൽ ആഞ്ഞടിച്ച് ഹാഗിബിസ്; മരണസംഖ്യ ഉയരുന്നു; എല്ലാം നഷ്ടമായി ആയിരങ്ങൾ

typhoon-japan-new
SHARE

ജപ്പാനിൽ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ 23 പേർ മരിച്ചു. പതിനേഴോളം പേരെ കാണാതായി. നൂറിലധികം പേർക്കു പരുക്കേറ്റെന്നാണു വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടുത്തെത്താൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്.

ശനിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് ജപ്പാനിലെ പ്രധാന ദ്വീപായ ഹോൻഷൂവിൽ ഹാഗിബിസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറിൽ 216 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഹാഗിബിസ് 60 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ചുഴലിക്കാറ്റു മൂലമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുഴകൾ കരകവിയുകയാണ്. ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മിക്ക പ്രദേശങ്ങളും പ്രളയ ഭീഷണിയിലാണ്. ജപ്പാനിലെ നഗാനോയിൽ ചികൂമാ നദി കരകവിഞ്ഞതിനെ തുടർന്ന് അടുത്തുള്ള വീടുകളിലേക്കു വെള്ളം ഇരച്ചുകയറി മേൽക്കൂരകൾ നിലംപതിച്ചു.

27,000 സെനികരാണു രക്ഷാപ്രവർത്തനത്തിനായി രംഗത്തുള്ളത്. ഹെലികോപ്റ്ററിന്റെയും ബോട്ടുകളുടെയും സഹായത്തോടെ വീടുകൾക്കുള്ളിലും മേൽക്കൂരകളിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായ വെള്ളപ്പൊക്കത്തിൽ മിക്ക പ്രദേശങ്ങവും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വിവിധ ഇടങ്ങളിലായി സർക്കാരിന്റെ അഭയകേന്ദ്രങ്ങളിൽ കഴിയുന്നത്. പത്തു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം പൂർണമായും തകരാറിലായി.

രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ രംഗത്തിറക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. സര്‍ക്കാര്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനപ്പെട്ട രണ്ടു വിമാനക്കമ്പനികളും സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ജപ്പാനിൽ നടക്കുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും മാറ്റിവച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...