‘പോയി വികസ്വര രാജ്യങ്ങളോട് ചോദിക്കൂ’; ലോകത്തെ വിറപ്പിച്ച ഗ്രേറ്റയ്ക്ക് പുടിന്റെ മറുപടി

greta-web
SHARE

ഇക്കഴിഞ്ഞ ആഴ്ചയിൽ ലോകത്തെ മൊത്തം വിറപ്പിച്ച പേരാണ് ഗ്രേറ്റ. അതും ഒരൊറ്റ വൈകാരിക പ്രസംഗം കൊണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ യുഎന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഗ്രേറ്റയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വാർത്തയാകുന്നത്.

ഐക്യരാഷ്ട്ര സഭയില്‍ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ പിടിച്ചുകുലുക്കിയ ‘ഹൗ ഡെയര്‍ യു' എന്ന പ്രസംഗം നടത്തിയാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ലോകശ്രദ്ധ നേടിയത്. ‍ഇതോടെ ലോകം മൊത്തം ഗ്രേറ്റയുടെ വാക്കുകൾ ഏറ്റെടുത്തു. പിന്നീട് അഭിനന്ദന പ്രവാഹമായിരുന്നു. ഇതിന് പിന്നാലെയാണ്  മോസ്കോയില്‍ സംഘടിപ്പിച്ച ഒരു എനര്‍ജി ഫോറത്തിൽ പുടിൻ ഗ്രേറ്റയ്ക്കെതിരെ രംഗത്തെത്തിയത്. 

''ഞാന്‍ ചിലപ്പോള്‍ നിങ്ങളെ നിരാശപെടുത്തിയേക്കും, പക്ഷേ എനിക്ക് ഗ്രേറ്റ തുന്‍ബര്‍ഗിന്‍റെ  പ്രസംഗത്തോട് മറ്റുള്ളവരെപ്പോലെ അനുകൂലിക്കാനാകില്ല. ലോകം എന്നുപറയുന്നത് സങ്കീര്‍ണവും വ്യത്യസ്തവുമാണെന്ന് ആരും ഗ്രേറ്റയ്ക്ക് പറഞ്ഞുകൊടുത്തിട്ടില്ല, ആഫ്രിക്കയിലെയും പല ഏഷ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ സ്വീഡന്‍റെ സമ്പന്നതയ്ക്ക് സമാനമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്...'' -ഇതായിരുന്നു പുടിന്റെ വാക്കുകൾ. 

'വികസ്വര രാജ്യങ്ങളോട് പോയി പറയണം ഈ കാര്യങ്ങളെല്ലാം. ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുന്നതെന്തുകൊണ്ടെന്നും സ്വീഡനെപ്പോലെയാകാത്തതെന്തെന്നും വിശദീകരിക്കൂ... ചെറുപ്പക്കാര്‍ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ നല്‍കുന്നത്  പിന്തുണക്കണം. എന്നാല്‍ ചിലര്‍ കുട്ടികളെയോ കൗമാരക്കാരെയോ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തിരുത്തുകയാണ് വേണ്ടത്'' എന്നും പുടിൻ കൂട്ടിച്ചേര്‍ത്തു. 

ലോകരാഷ്ട്രങ്ങള്‍ക്കെതിരെ നടത്തിയ പ്രസംഗത്തിനുപിന്നാലെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് സ്വീഡന്‍ സ്വദേശിയായ ഗ്രേറ്റയും പതിനഞ്ച് കുട്ടികളും യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്‍റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്.  ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍ ഞങ്ങളുടെ തലമുറയെ വഞ്ചിച്ചുവെന്നുള്ള ഉച്ചകോടിയിലെ ഗ്രേറ്റയുടെ പ്രസംഗം ലോകമനസാക്ഷിയെ പൊള്ളിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...