റഷ്യൻ ജൈവായുധ ലാബിൽ തീപിടുത്തം; വസൂരി വൈറസുകൾ പുറത്തായി? ആശങ്ക

russia-vector
SHARE

ഒരുകാലത്ത് ലോകത്തിന്റെ ഉറക്കം കെടുത്തിയ, ഭൂമിയെ നരകമാക്കിയ മാരക രോഗങ്ങൾക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തിൽ സ്ഫോടനം. സൈബീരിയയിലെ കോൾട്ട്‌സവയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന റഷ്യൻ സ്റ്റേറ്റ് സെന്റർ ഫോർ റിസർച് ഓൺ വൈറോളജി ആൻഡ് ബയോടെക്നോളജിയിലാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായത്. തുടക്കത്തിൽ സാധാരണ തീപിടിത്തമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിനകത്തു സൂക്ഷിച്ചിരിക്കുന്ന രോഗാണുക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ സംഭവം രാജ്യാന്തര തലത്തിലും ചര്‍ച്ചയായി. പക്ഷിപ്പനി, പന്നിപ്പനി, എച്ച്ഐവി, എബോള, ആന്ത്രാക്സ്, വസൂരി വൈറസുകളെ ഉൾപ്പെടെയാണ് ഇവിടെ വിവിധ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിട്ടുള്ളത്.

മൂന്നാഴ്ച മുൻപാണ് റഷ്യയുടെ ആണവമിസൈൽ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞർ മരിച്ചത്. വടക്കു പടിഞ്ഞാറൻ റഷ്യയിലെ വൈറ്റ് സീ തീരത്തോടു ചേർന്നുള്ള അർഹാൻഗിൽസ്ക് മേഖലയിൽ 9എം 730 ബുറിവീസ്നിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നതിനിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. തുടർന്നു പ്രദേശത്ത് റേഡിയേഷൻ നില ഉയരുകയും ചെയ്തു. പക്ഷേ ഈ സ്ഫോടനത്തെപ്പറ്റിയുള്ള വിവരങ്ങൾ റഷ്യ രഹസ്യമാക്കി വച്ചിരിക്കുകയാണ്.  

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണു തീ പടർന്നതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിർമാണത്തൊഴിലാളികളിൽ ഒരാളുടെ കാലിനു പൊള്ളലേറ്റു. പൊള്ളൽ മാരകമായതിനാൽ ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തെത്തുടർന്ന് ‘മാരകമായ’ വസ്തുക്കളൊന്നും പുറത്തേക്കു പടർന്നിട്ടില്ലെന്നു കോൾട്ട്‌സവ മേയർ വ്യക്തമാക്കി. അട്ടിമറിയാണോയെന്നു പരിശോധിക്കാൻ അന്വേഷണത്തിന് ഉത്തരവിട്ടതായി മേയർ അറിയിച്ചു. സാനിട്ടറി ഇൻസ്പെക്‌ഷൻ മുറിയിലെ അറ്റകുറ്റപ്പണികൾക്കിടെയായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. രോഗാണുക്കളെ സൂക്ഷിച്ച മേഖലയിലല്ല സ്ഫോടനമുണ്ടായതെന്ന് വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.

MORE IN WORLD
SHOW MORE
Loading...
Loading...