പെല്ലറ്റ് ആക്രമണ ഇരയെന്ന് ട്വീറ്റ്; മുൻ പാക്ക് ഹൈ കമ്മീഷണർക്ക് ജോണി സിൻസിന്റെ മറുപടി

johny-pak
SHARE

പോൺ മൂവി താരം ജോണി സിൻസിനെ, പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ കശ്മീരി എന്നു വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ മുൻ ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനു മറുപടിയുമായി താരം. ‘തന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല. എന്തായാലും എന്റെ നന്ദി’ എന്ന സിൻസിന്റെ റിട്വീറ്റും വൈറലായതോടെ ബാസിതിന്റെ അബദ്ധത്തെപ്പറ്റി ട്രോളുകളുടെ പ്രവാഹമായിരുന്നു.

നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കശ്മീരികൾ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ബാസിതിന്റെ ട്വീറ്റ്. പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട അനന്ത്നാഗ് സ്വദേശി യൂസഫ് എന്ന വാചകത്തിനൊപ്പം ചേർത്ത പടം ജോണി സിൻസിന്റേതായിരുന്നു. ട്വീറ്റ് വൈറലായതോടെ അതിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ അബ്ദുൽ ബാസിത് ഇൗ കുറിപ്പ് നീക്കം ചെയ്തു. എന്നാൽ ട്വീറ്റിനു മറുപടിയായി പോൺ താരം ജോണി സിൻസ് തന്നെ രംഗത്തെത്തിയതോടെ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന വ്യാജ പ്രചാരണം രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു.

ജോണി സിന്‍സിന്റെ പോണ്‍ വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് അടക്കമാണ് സോഷ്യല്‍ മീഡിയ ബാസിതിന്റെ അബദ്ധം ആഘോഷിച്ചത്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ആ യാഥാർഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ജമ്മു കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും രാജ്യാന്തര വേദികളിൽ അതു നിരന്തരം ഉന്നയിക്കുമെന്നുമുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നിലപാടിനു തന്നെ തുരങ്കം വയ്ക്കുന്നതായി ബാസിതിന്റെ ട്വീറ്റ്. ഇതുവരെ ജോണി സിൻസിന്റെ വീഡിയോ കണ്ടിട്ടില്ലാത്ത ഒരാളാണോ ബാസിതെന്നും നിരവധി പേർ കമന്റ് ചെയ്തു. പാക്കിസ്ഥാൻ ഒരു രാജ്യമല്ലെന്നും ഒരു പ്രത്യേക മാനസികാവസ്ഥയാണെന്നും തുടങ്ങി പാക്കിസ്ഥാനെതിരെ നൈലയുടെ ട്വീറ്റിന് നിരവധി പേർ കമന്റ് ചെയ്തു. 

MORE IN WORLD
SHOW MORE
Loading...
Loading...