പിടികൊടുക്കാതെ മൂർഖൻ, ലോക മാധ്യമങ്ങളിൽ താരം; അറ്റകൈ പ്രയോഗത്തിന് ചെലവ് 75 ലക്ഷം രൂപ

cobra2
പ്രതീകാത്മക ചിത്രം ; കടപ്പാട് ഇന്റർനെറ്റ്
SHARE

ജർമനിയിലെ ഹേർണെ നഗരത്തിൽ കഴിഞ്ഞ അഞ്ചു ദിവസമായി മുങ്ങി നടക്കുന്ന മൂർഖനെ പിടിക്കുവാനുള്ള വിദഗ്ദ്ധ സംഘത്തിന്റെ ശ്രമം വീണ്ടും വിഫലമായി. ഇതോടെ ഇന്ന് അന്തിമ തീരുമാനം നഗരസഭ കൈകൊള്ളുമെന്നാണ് സൂചന. നാലു വീടുകളിലെ നിലവറകളിൽകൂടി ഇന്നലെ വിദഗ്ധ സംഘം പരിശോധന നടത്തി. മൂർഖൻ മുങ്ങിയ വീടിന്റെ നിലവറയോട് ചേർന്നാണ് ഈ നാലു വീടുകളും സ്ഥിതി ചെയ്യുന്നത്.

പാമ്പിനെ വകവരുത്താൻ ഇനി വിഷവായു കയറ്റി അറ്റകൈ പ്രയോഗം നടത്തുകയാണ് നഗരസഭയുടെ മുമ്പിലുള്ള ഏക വഴി. ഇതിന് സർക്കാർ അനുമതി വേണം. ഒരു ലക്ഷം യൂറോ (75 ലക്ഷം രൂപ) യുടെ ചെലവുണ്ടത്രേ. ഇതു സർക്കാർ വഹിക്കേണ്ട സാഹചര്യമാണ് വരുന്നത്. നഗരസഭയുടെ വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാക്കും എന്നാണു മാധ്യമ റിപ്പോർട്ട്.

cobra-3

വിഷവാതകം കയറ്റുന്നതിന്റെ മുന്നോടിയായി നാലു വീടുകൾ മുഴുവനായി അടച്ച് പൂട്ടി. പ്രത്യേകമായി മൂടി ചെയ്തു വേണം വീടിനുള്ളിൽ വിഷവായു കയറ്റി, പാമ്പിനെ വകവരുത്താൻ. സംഭവം കഴിഞ്ഞാലും, ആഴ്ചകൾ കഴിഞ്ഞാൽ മാത്രമെ ഇതിലെ താമസക്കാർക്ക് തിരിച്ചെത്താൻ കഴിയുകയുള്ളുവെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. ഇതും നഗരസഭയെ ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഒരു മൂർഖൻ വരുത്തിയ വിനയേ! ജനം അരിശം കൊണ്ട് ഇവിടെ ഉറഞ്ഞ് തുള്ളുകയാണ്.

cobra-1

ഇതിനിടയിൽ മൂർഖൻ ലോക മാധ്യമങ്ങളിൽ വൻ താരമായി ഉയർന്നു. ന്യൂയോർക്ക് ടൈംസ് വരെ ജർമൻ മൂർഖനെപ്പറ്റിയുള്ള കഥകൾ അച്ചടിച്ചു കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ ദൃശ്യ, അച്ചടി മാധ്യമങ്ങളുടെ വൻനിര ഹേർണെ നഗരത്തിൽ തമ്പടിച്ചു കഴിഞ്ഞു. ജർമനിയിൽ നിന്നും നേരിട്ട് മനോരമ ഓൺലൈൻ മൂർഖന്റെ തുടർക്കഥകൾ പുറത്ത് വിടുന്നതും ശ്രദ്ധേയമാണ്.

cobra-2

ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ചൈനയിൽ നിന്നു പോലും വാർത്ത പ്രതിനിധികൾ ഇവിടെ എത്തിയതായിട്ടാണ് സൂചന. പഴയ ഫുട്ബോൾ ലോകകപ്പിന്റെ പ്രവചനങ്ങൾ നടത്തിയിരുന്ന പോൾ നീരാളി നേടിയതിലും കൂടുതൽ കവറേജാണ് ഹേർണയിലെ മൂർഖൻ ഇന്ന് ലോക മാധ്യമങ്ങളിൽ നേടുന്നത്. ഇതിനിടയിൽ പാമ്പിന്റെ ഉടമ പാട്രിക് നാട് വിട്ട ലക്ഷണമാണെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഒരു പക്ഷേ, ഭാരിച്ച ചെലവ് നൽകേണ്ടി വരുമോ എന്ന ഭയത്താലാണ് ഈ പാമ്പ് പ്രേമി മുങ്ങിയതെന്നാണു മാധ്യമങ്ങളുടെ റിപ്പോർട്ട്.

MORE IN WORLD
SHOW MORE
Loading...
Loading...