നേപ്പാളിനെ ‘നിപ്പിളാ’ക്കിയ ട്രംപ്; ‘കശ്മീരി’ലും അദ്ഭുതം വേണ്ട; ഇതേക്കുറിച്ചൊന്നും ധാരണയില്ല..!

modi-trump
SHARE

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് സംസാരിക്കണം. വാഷിങ്ടണിലെ ഒരു ഉച്ചസമയത്താണ് പ്രസിഡന്‍റ് ആബെയെ വിളിക്കാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വാഷിങ്ടണിലെ ഉച്ചയെന്നാല്‍ ജപ്പാനില്‍ അര്‍ധരാത്രിയാണ്. ആ സമയത്ത് പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തുന്നതിന്‍റെ അനൗചിത്യം പ്രസിഡന്‍റിനെ ബോധ്യപ്പെടുത്താന്‍ ഏറെ പണിപ്പെട്ടു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍. ഡോണള്‍ഡ് ട്രംപ് അങ്ങനെയാണ്. 

അമേരിക്കയ്ക്ക് പുറത്തുള്ള ലോകത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ ധാരണകള്‍ പലതും അബദ്ധജഡിലമാണ്. 2017 ല്‍ നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു അദ്ദേഹം. 'നിപ്പിള്‍' എന്ന് പേരുള്ള ഒരു രാജ്യമുണ്ടെന്ന് പ്രസിഡന്‍റ് കണ്ടെത്തി. അത് നേപ്പാളാണെന്ന് തിരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചിരിയടക്കാനായില്ല. ഇറാഖിലെ പ്രശ്നങ്ങളെല്ലാം താന്‍ പരിഹരിച്ചു എന്നവകാശപ്പെടുന്ന പ്രസിഡന്‍റിന് യസീദി അവകാശപോരാട്ട നായിക നാദിയ മുറാദിനെ അറിയില്ല. ഈ വിവരക്കേടുകളുടെ ഭാഗമായിരിക്കണം കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു എന്ന പ്രസ്താവനയും. കശ്മീര്‍ പ്രശ്നത്തില്‍ മൂന്നാം കക്ഷി മധ്യസ്ഥത ഒരിക്കലും അംഗീകരിക്കാത്ത ഇന്ത്യ പെട്ടെന്ന് പ്രസിഡന്‍റിനെ കണ്ട് മധ്യസ്ഥനാവണം എന്ന് പറഞ്ഞു എന്നത് എല്ലാവരെയും ഞെട്ടിച്ചു. ഇന്ത്യന്‍ പ്രതിഷേധത്തെത്തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവന തിരുത്തി. പക്ഷേ ക്യാമറകള്‍ക്ക് മുന്നില്‍ ട്രംപ് പറഞ്ഞത് അതേപടി നിലനില്‍ക്കുന്നു

നയതന്ത്ര വിഷയങ്ങളെ പ്രസിഡന്‍റ് എത്ര നിസാരമായാണ് കാണുന്നത് എന്നതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് സ്ഥാനമൊഴിഞ്ഞ ബ്രിട്ടീഷ് സ്ഥാനപതി കിം ഡാരച്ചിന്‍റേതായി പുറത്തുവന്ന വാക്കുകള്‍. ബറാക് ഒബാമയുടെ കാലത്ത് അമേരിക്കയും സഖ്യരാജ്യങ്ങളും വര്‍ഷങ്ങള്‍ തലപുകച്ചും ചര്‍ച്ചകള്‍ നടത്തിയും ഒപ്പിട്ട ഇറാന്‍ ആണവകരാറില്‍ നിന്ന് പിന്‍മാറുന്നു എന്ന നിലപാടിന് കാരണം ട്രംപിന് ഒബാമയോടുള്ള അസൂയ മാത്രമായിരുന്നുവത്രെ. ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാകാവുന്ന സങ്കീര്‍ണമായ വിഷയത്തെ ട്രംപ് എത്ര ലാഘവത്തോടെ കൈകാര്യം ചെയ്തു എന്നാണ് ഡാരച്ച് രേഖകള്‍ വെളിപ്പെടുത്തിയത്. ഇന്ന് മലയാളികളടക്കം കപ്പല്‍ ജീവനക്കാര്‍ ബ്രിട്ടനിലും ഇറാനിലും തടവിലാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ട്രംപ് ഭരണകൂടം ആണവകരാറില്‍ നിന്ന് പിന്‍മാറിയതാണ്. ഇറാനെ ആക്രമിക്കാന്‍ തയാറെടുത്തെങ്കിലും അവസാന നിമിഷം പിന്‍മാറിയെന്ന് നിസാരമായാണ് പ്രസിഡന്‍റ് ട്വിറ്ററിലൂടെ പറഞ്ഞത്.

കൊറിയന്‍ ഉപദ്വീപിലെ അമേരിക്കന്‍ സൈനികശേഷിയുടെ പ്രകടനമാണ് ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം. കിം ജോങ് ഉന്നുമായുള്ള സിംഗപൂര്‍ ഉച്ചകോടിയില്‍ ഇനി സംയുക്ത സൈനികാഭ്യാസമുണ്ടാവില്ലെന്ന് ട്രംപ് പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുക്കാന്‍ ഓടി നടന്ന ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നിന്‍റെ കണ്ണുതള്ളി.  പക്ഷേ ഉത്തര കൊറിയന്‍ വിഷയത്തില്‍ പ്രകടനപരതയ്ക്കപ്പുറം പ്രവര്‍ത്തിയില്‍ ഒന്നും കൊണ്ടുവരാന്‍ ട്രംപിന് കഴിഞ്ഞിട്ടുമില്ല. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന യുഎസ് ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ഇതുവരെ വേണ്ടെന്ന് വച്ചിട്ടില്ല. 

ആഗോള നയതന്ത്ര വിഷയങ്ങളിലെല്ലാം തന്നെ പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാട് ഇങ്ങനെയാണ്. ധാരണക്കുറവാണ് പലപ്പോഴും പ്രശ്നം. ഇന്ത്യ പാക് പ്രശ്ങ്ങളുടെയും കശ്മീര്‍ വിഷയത്തിലെയും സങ്കീര്‍ണതകള്‍ അദ്ദേഹത്തിന് തീരെ പിടിയില്ലെന്നു വേണം മനസിലാക്കാന്‍. 

ലോകത്തില്‍ എവിടെയും ഏത് പ്രശ്നവും പറഞ്ഞുതീര്‍ക്കാന്‍ വൈറ്റ് ഹൗസിന്‍റെ അധിപനായ തനിക്ക് കഴിയും എന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം. പക്ഷേ രാജ്യങ്ങള്‍ക്കിടയിലുള്ള അതിസങ്കീര്‍ണമായ നയതന്ത്രവിഷയങ്ങളെ കേവലം അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കായാണ് അദ്ദേഹം കണക്കിലെടുക്കുന്നതെന്ന് മാത്രം. ഇറാന്‍ ആണവകരാര്‍ പോലൊന്ന് തയാറാക്കണമെങ്കില്‍ അവധാനതയോടെയുള്ള ചുവടുവയ്പ്പുകള്‍ വേണം, അങ്ങേയറ്റത്തെ രഹസ്യാത്മകത സൂക്ഷിക്കണം. ഇരുവിഭാഗത്തെയും നന്നായി പഠിക്കണം. എന്നാല്‍ അതീവ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പോലും എപ്പോള്‍ വേണമെങ്കിലും ട്രംപിന്‍റെ ട്വീറ്റായി പ്രത്യക്ഷപ്പെടാം. നയതന്ത്രത്തെ നിസാരവല്‍ക്കരിക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നിലപാടുകള്‍ വിശ്വസ്ഥനായ മധ്യസ്ഥന്‍ എന്നോ ലോകനേതാവെന്നോ ഉള്ള അമേരിക്കയുടെ പ്രതിച്ഛായയും കളഞ്ഞുകുളിക്കുന്നതാണ്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെ മറ്റൊരു ഉദാഹരണം. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന ട്രപിന്‍റെ നിലപാട് പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളാക്കി. മരുമകന്‍ ജാറെദ് കുഷ്നറെയാണ് പലസ്തീനുമായി സമാധാനസ്ഥാപനത്തിന് ട്രംപ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് യാഥാര്‍ഥ്യ ബോധം തീരെയില്ലാത്ത കരാറാണ് കുഷ്നെര്‍ തയാറാക്കുന്നത്. സംഘര്‍ഷ ഭൂമിയായ ഗാസയെയും വെസ്റ്റ് ബാങ്കിനെയും വിനോദസഞ്ചാരകേന്ദ്രങ്ങളാക്കുമെന്ന് കുഷ്നെറുടെ പദ്ധതി വിഭാവനം ചെയ്യുന്നു. 900 മില്യണ്‍ ഡോളര്‍ പലസ്ഥീനില്‍ ആശുപത്രികളുടെയും മറ്റും നിര്‍മാണത്തിന് ചിലവാക്കുമെന്ന് പറയുന്നു. ഇതേ ട്രംപ് അമേരിക്ക കഴിഞ്ഞവര്‍ഷം മാത്രം പലസ്തീന്‍ ആരോഗ്യമേഖലയ്ക്ക് നല്‍കി വന്ന 25 മില്യണ്‍ ഡോളര്‍ സഹായം റദ്ദ് ചെയ്തിരുന്നു.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കശ്മീരില്‍ മധ്യസ്ഥനാവാന്‍ ഇന്ത്യ ആവശ്യപ്പെട്ടു എന്ന ട്രംപിന്‍റെ പ്രസ്താവനയില്‍ അദ്ഭുതപ്പെടേണ്ടതില്ല. കാരണം അദ്ദേഹത്തിന് ഇതെക്കുറിച്ചൊന്നും വലിയ ധാരണയില്ല.

MORE IN WORLD
SHOW MORE
Loading...
Loading...