ബസിന്റെ വലിപ്പത്തില്‍ മൂന്ന് അറകള്‍; വെള്ളത്തിൽ മുങ്ങിയ പിരമിഡില്‍ നിറയെ സ്വര്‍ണം; അമ്പരപ്പ്

under-water-gold
SHARE

അദ്ഭുതങ്ങളുടെ വലിയ രഹസ്യങ്ങള്‍ ഒളിപ്പിക്കുന്നതാണ് മരുഭൂമിക്കു നടുവിൽ വമ്പൻ ചിതൽപ്പുറ്റുകൾ പോലെ തോന്നിപ്പിക്കുന്ന സുഡാനിലെ പിരമിഡുകൾ. ഇൗ പിരമിഡുകളില്‍ ഗവേഷകര്‍ നടത്തിയ അന്വേഷണം കൗതുകമുള്ള കുറെ വിവരങ്ങളാണ് പുറത്തുകൊണ്ടുവരുന്നത്. ബിസി 785ൽ സ്ഥാപിക്കപ്പെട്ട കുഷ് രാജവംശത്തിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പിരമിഡുകളാണ് ഗവേഷകരെ അമ്പരപ്പിക്കുന്നത്. 

നാഷനൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ സഹായത്തോടെ അടുത്തിടെ നസ്റ്റസെൻ എന്ന ഫറവോയുടെ പിരമിഡ് ഗവേഷകർ വിശദമായി പരിശോധിച്ചിരുന്നു. ബിസി 335 മുതൽ 315 വരെ കുഷ് വംശം ഭരിച്ചിരുന്നത് അദ്ദേഹമായിരുന്നു. നൂറി ആർക്കിയോളജിക്കൽ എക്സ്പെഡിഷൻ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഒരു ബസിന്റെ വലുപ്പമുള്ള മൂന്ന് അറകളായിരുന്നു വെള്ളത്തിനടിയിലുണ്ടായിരുന്നത്. മേൽക്കൂര കൊത്തുപണികളാൽ ഭംഗിയാക്കിയിരുന്നു. അതു മാത്രമല്ല ഗവേഷകരെ ഞെട്ടിച്ചത്. കല്ലറയിൽ മുഴുവൻ സ്വർണം ചിതറിക്കിടക്കുകയായിരുന്നു. ഫറവോയുടെ മൃതദേഹത്തിനൊപ്പം പല തരം പ്രതിമകളും കരകൗശല വസ്തുക്കളുമെല്ലാം അടക്കം ചെയ്തിരുന്നു. സ്വർണത്തിൽ പൊതിഞ്ഞായിരുന്നു ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. എന്നാൽ പ്രതിമകളും മറ്റും വെള്ളക്കെട്ടിൽ നശിച്ചപ്പോൾ സ്വർണം മാത്രം അവശേഷിച്ചു. അകത്തേക്കു കൊള്ളക്കാർക്കു കടക്കാൻ സാധിക്കാത്തതിനാൽ ആ സ്വർണം ഇക്കാലമത്രയും അവിടെത്തന്നെ കിടക്കുകയും ചെയ്തു. കഴിഞ്ഞ 100 വർഷത്തിനിടെ ഇതാദ്യമായിട്ടാണ് മനുഷ്യർ ഈ കല്ലറയിലേക്കു കടക്കുന്നത്!

നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തോടു ചേർന്നുള്ള ഈ പിരമിഡുകൾക്ക് ഈജിപ്തുമായും ബന്ധമുണ്ട്. രാജകീയ പിരമിഡുകൾ മാത്രമല്ല, രാജവംശത്തിലെ അത്ര പ്രാധാന്യമില്ലാത്തവർ മരിക്കുമ്പോൾ അടക്കം ചെയ്തിരുന്ന കല്ലറകളും ഇവിടെത്തന്നെയായിരുന്നു. ബിസി 650നും 300നും ഇടയ്ക്ക് ഇവിടെ ഏകദേശം 80 പിരമിഡുകൾ നിർമിച്ചിരുന്നുവെന്നാണു കരുതുന്നത്. പക്ഷേ ഇന്ന് ഇരുപതെണ്ണമേ അവശേഷിക്കുന്നുള്ളൂ. കുഷ് വംശത്തിലെ ഏകദേശം 60 രാജാക്കന്മാരും രാജ്ഞികളും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ടെന്നാണു കരുതുന്നത്. ‘കറുത്ത ഫറവോകള്‍’ എന്നായിരുന്നു ഇവർക്ക് വിളിപ്പേര്. 

MORE IN WORLD
SHOW MORE
Loading...
Loading...