'ബലി കൊടുക്കാനുള്ള ആട് എത്തിയോ'; ഖഷോഗി വധത്തിന് മുൻപുള്ള ഓഡിയോ; റിപ്പോർട്ട്

khashoggi-20-06
SHARE

മാധ്യമപ്രവർത്തകൻ‌ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് യുഎൻ റിപ്പോർട്ട്. കൊലപാതകത്തിന് മുൻപ് ആരോപണവിധേയരായവർ തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഖഷോഗിയെ കൊലപ്പെടുത്തി അവയവങ്ങൾ ഛേദിച്ചത്. 

''ശരീരം ബാഗിനുള്ളിൽ കടക്കുമോ''?–  സൗദി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ മഹെർ മുത്‌റെബ് ഓഡിയോയിൽ ഇങ്ങനെ ചോദിക്കുന്നു. സൗദി രാജകുമാരന്റെ മുതിർന്ന ഉപദേശകന് വേണ്ടി പ്രവർത്തിച്ചിരുന്നയാൾ കൂടിയാണ് മുത്‌റെബ്. മറുപടിയായി ''ഇല്ല, നല്ല ഭാരമുണ്ട്'' എന്ന് സർക്കാരുമായി ബന്ധപ്പെട്ട ഫോറൻസിക് ഡോക്ടർ സലാഹ് അൽ തുബൈഗി പറയുന്നു. 

''സന്ധികൾ വേർപെട്ടുകൊള്ളും. അതൊരു പ്രശ്നമാകില്ല. ശരീരത്തിന് നല്ല ഭാരമുണ്ട്. പ്ലാസ്റ്റിക് ബാഗുകളെടുത്ത ശേഷം അവയവങ്ങൾ ഛേദിക്കുന്നതോടെ എല്ലാം കഴിയും. ഓരോന്നോയി പൊതിഞ്ഞെടുക്കാം''- തുബൈഗിയുടെ ഓഡിയോ ഇങ്ങനെ. 

മുത്‌റെബ്– ബലി കൊടുക്കാനുള്ള ആട് എത്തിയോ? (ഖഷോഗിയുടെ പേര് പരാമർശിക്കാതെ തുബൈഗിയോടുള്ള ചോദ്യം. ചോദിച്ച് രണ്ടുമിനിട്ടിനുള്ളിൽ ഖഷോഗി കോൺസുലേറ്റിൽ എത്തി.)  പിന്നീട് ഖഷോഗിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയും റിപ്പോർട്ടിലുണ്ട്. മകന് സന്ദേശമയക്കാൻ ആവശ്യപ്പെട്ടതോടെ ''എന്താണ് ഞാൻ അയക്കേണ്ടത്, ഉടനെ കാണാമെന്നോ? എന്നെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് എനിക്ക് പറയാനാകില്ല'' എന്ന് ഖഷോഗി മറുപടി നൽകുന്നു. 

പിന്നാലെ ഖഷോഗിയോട് ജാക്കറ്റ് അഴിക്കാൻ ആവശ്യപ്പെടുന്നു. ''ഒരു എംബസിക്കുള്ളിൽ ഇതെങ്ങനെ സംഭവിക്കുന്നു'' എന്ന നടുക്കം ഖഷോഗി പങ്കുവെക്കുന്നു. പിന്നീട് ഞാന്‍ ഒന്നും എഴുതില്ല എന്നും ഖഷോഗി പറയുന്നു. 

''വേഗം ടൈപ്പ് ചെയ്യൂ, മിസ്റ്റർ ജമാൽ. ഞങ്ങളെ സഹായിക്കൂ, എങ്കിൽ മാത്രമെ ഞങ്ങൾ തിരിച്ചും സഹായിക്കൂ. അല്ലെങ്കിൽ നിങ്ങളെ തിരിച്ച് സൗദിയിലെത്തിക്കും. പിന്നെ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാമല്ലോ''- മുത്‌റെബ് പറയുന്നു. ഇതിന് പിന്നാലെ പ്ലാസ്റ്റിക് ഷീറ്റുകളുടെ ശബ്ദവും നിലത്തുവീഴുന്നതിന്റെയും ശക്തമായി ശ്വസിക്കുന്നതിന്റെയും ശബ്ദങ്ങൾ മാത്രമെ ഓഡിയോയിലുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. 

മുത്‌റെബും മറ്റ് പത്ത് പേരും ഖഷോഗി വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ്. 

അതേസമയം ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

എന്നാൽ  യുഎൻ റിപ്പോർട്ട്‌ അടിസ്ഥാന രഹിതമാണെന്ന് സൗദി വിദേശ കാര്യ മന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. ‘പുതുതായി ഒന്നുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്‌. മാധ്യമങ്ങളിൽ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടതും പ്രചരിച്ചിട്ടുള്ളതുമാണ്‌ ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യാവകാശ കൗൺസിലിന്റേതായി വന്ന റിപ്പോർട്ടിൽ വ്യക്തമായ വൈരുദ്ധ്യങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ട്, അവ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നെന്നും ആദിൽ അൽ ജുബൈർ പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...