‘വാവെയ്’ക്ക് ട്രംപിന്റെ കൂച്ചുവിലങ്ങ്; കോടികളുടെ നഷ്ടക്കണക്ക് പറഞ്ഞ് ചൈനീസ് കമ്പനി

vavey-two
SHARE

ഏറ്റവും വലിയ സ്മാർട് ഫോൺ നിർമ്മാണ കമ്പനിയാകാനുള്ള കുതിപ്പിലായിരുന്നു  വാവെയ്. അതിനിടെ യുഎസ് പ്രസിഡണ്ട് ഡോണൽഡ് ട്രംപ്  കൂച്ചുവിലങ്ങിട്ടതോടെ ചൈനീസ് കമ്പനിയായ വാവെയ്ക്ക്  വന്ന നഷ്ടം 2.08 രൂപയെന്ന് റിപ്പോർട്ട്.. ആപ്പിളിനെ കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ അവര്‍ക്കു മുന്നില്‍ സാംസങ് മാത്രമെ ഉണ്ടായിരുന്നുള്ളു. എല്ലാം ശുഭകരമായി നീങ്ങിയിരുന്ന സമയത്താണ് സാംസങ്ങിനെ 2020ല്‍ പിന്തള്ളി ഒന്നാം സ്ഥാനം നേടുമെന്ന് വാവെയ് പറഞ്ഞിരുന്നത്.

എന്നാല്‍ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ ഉപരോധം കമ്പനിയുടെ നടുവൊടിച്ചു എന്നാണ് ഇപ്പോള്‍ കമ്പനി തന്നെ പുറത്തുവിടുന്ന പുതിയ സൂചനകള്‍. ഒന്നാം സ്ഥാനം വേണ്ടന്നുവച്ചാല്‍ പോലും രണ്ടാം സ്ഥാനത്ത് ഇനി എത്ര നാള്‍ തുടരാനാകുമെന്നു പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കൂടാതെ തങ്ങള്‍ അടുത്ത രണ്ടു വര്‍ഷം പ്രതീക്ഷിച്ച വിറ്റുവരവില്‍ 3000 കോടി ഡോളറിന്റെ (ഏകദേശം 2.08 ലക്ഷം കോടി രൂപ) കുറവു വരുമെന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ മറ്റു സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളെല്ലാം കിതപ്പു കാണിച്ചപ്പോഴും കുതിപ്പു തുടര്‍ന്ന കമ്പനിയാണ് വാവെയ്. കഴിഞ്ഞ വര്‍ഷം അവരുടെ വില്‍പനയിലെ വളര്‍ച്ച അസൂയാവഹമായിരുന്നു. 20 ശതമാനം മുന്നേറ്റമാണ് നടത്തിയത്. മൊത്തം 10400 കോടി ഡോളറായിരുന്നു അവര്‍ക്ക് വരുമാനമായി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടെ തങ്ങള്‍ ഏകദേശം 10000 കോടി ഡോളറേ പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്.

ഈ വര്‍ഷം മെയ് 16നാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം കമ്പനിയുടെ നടുവൊടിച്ച പ്രഹരം സമ്മാനിച്ചത്. അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തിന്റെ ഇരയായതാണ് കമ്പനിക്കു പറ്റിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികളോട്, സർക്കാരിന്റെ അനുവാദമില്ലാതെ  വാവെയ്ക്ക് ടെക്‌നോളജി കൈമാറുന്നത് നിർത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടത്.

വാവെയ് കമ്പനി ചൈനയ്ക്കു വേണ്ടി ചാരപ്പണി നടത്തുമെന്നും അതുകൊണ്ട് 5ജി ടെക്‌നോളജി കൊണ്ടുവരുന്നതില്‍ നിന്ന് വാവെയെ വിലക്കണമെന്നും തങ്ങളുടെ സഖ്യ കക്ഷികളോടും അമേരിക്ക ആവശ്യപ്പെട്ടു കഴിഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും മികച്ച രീതിയില്‍ 5ജി നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ കഴിവുള്ള ലോകത്തേ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായിരുന്നു വാവെയ്. 

വാവെയുടെ സ്മാര്‍ട് ഫോണ്‍ വില്‍പനയുടെ 51 ശതമാനവും ചൈനയില്‍ തന്നെയാണ്. എന്നാല്‍, വിദേശ രാജ്യങ്ങളിലെ അവരുടെ വില്‍പന 40 ശതമാനം കുറഞ്ഞുവെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. ഇനി അധികം കാലത്തേക്ക് അവര്‍ക്ക് ആപ്പിളിനു മുന്നില്‍ തുടരാനായേക്കില്ലെന്നും പറയുന്നു. അടുത്ത രണ്ടു മാസത്തിനുള്ളില്‍ വാവെയെ തേടി ശുഭ വാര്‍ത്തയൊന്നും വരുന്നില്ലെങ്കില്‍ ആപ്പിള്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തും എന്നതുറപ്പാണ് എന്നാണ് വിലയിരുത്തല്‍. 

എങ്കിലും വാവെയ് ഇപ്പോഴും ആത്മാവിശ്വാസം കൈവിട്ടിട്ടില്ല. രണ്ടു കൊല്ലത്തിനുള്ളില്‍ തിരിച്ചു കയറുക തന്നെ ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. തങ്ങള്‍ ഇനിയും ലോക രാഷ്ടങ്ങളുമായി തുറന്നു തന്നെ ഇടപെടുമെന്ന് കമ്പനിയുടെ വക്താവു പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...