അന്ന് ഐലന്‍ കുര്‍ദി; ലോകത്തിന്‍റെ കണ്‍തടങ്ങള്‍ നനയിച്ച് ഐഷ; നോവുചിത്രം

aisha-new
SHARE

ഇസ്രായേൽ –പലസ്തീൻ പ്രശ്നങ്ങളും അഭയാർത്ഥി രോദനങ്ങളും പലപ്പോഴും നീറുന്ന മനുഷ്യജീവിതത്തിന്റെ നേർചിത്രങ്ങളായാണ് പുറംലോകമറിയാറുളളത്.  കുഞ്ഞുങ്ങളുടെ രൂപത്തിലാകുമ്പോൾ അത് സഹ്യമായ വേദനകൾക്കും അപ്പുറമാകും. ആശുപത്രിക്കിടക്കയിൽ നിഷ്ക്കളങ്കമായി ലോകത്തോട് പുഞ്ചിരിക്കുന്ന ഈ പിഞ്ചുബാലികയും പറയുന്നത് അതേ ദുരിതജീവിതത്തിന്റെ മറ്റൊരു തലമാണ്. 

ആശുപത്രിക്കിടക്കയിൽ കഠിനമായ വേദനക്കിടെയിലും ബോധം മറയുന്ന വരെയും അവൾ ചോദിച്ചത് ഒരേ ഒരു കാര്യം. ‘എന്റെ അച്ഛനെയും അമ്മയെയും കാണിച്ച് തരൂ..’ പക്ഷേ പലസ്തീൻ–ഇസ്രായേൽ തലത്തിലെ പകയും വൈരവും ആ കുഞ്ഞുമനസ്സ് കണ്ടലിയാവുന്നതായിരുന്നില്ല. ഒടുവിലവൾ അച്ഛനും അമ്മയ്ക്കും അരികിലെത്തിയത് ലോകം തിരിച്ചറിയാനാവാത്ത മൃതപ്രായയായി. 

ഗുരുതര രോഗം ബാധിച്ച  നാലു വയസ്സുകാരി ഐഷ ലുലു പലസ്തീനിൽ നിന്നും ജറുസലേമിലെ ആശുപത്രിയിലെത്തിയത് ശസ്ത്രക്രിയയ്ക്കായാണ്. രോഗ ബാധിതരാകുമ്പോൾ പ്രിയപ്പെട്ടവരുടെ സാമീപ്യം വേദന കുറയ്ക്കുമെന്നാണ് പൊതുവെ പറയുന്നത്. അതാവും ഐഷയും ആശിച്ചത്, പക്ഷേ ഒരു മണിക്കൂർ ദൂരത്തിനപ്പുറം ആ അച്ഛനും അമ്മയ്ക്കും  കുഞ്ഞുഐഷയുടെ ജീവന് വേണ്ടി പ്രാർത്ഥിക്കാനല്ലാതെ മറ്റൊന്നും സാധിച്ചില്ല. ഓടി വന്ന് പൊന്നോമനയെ വാരിയെടുക്കാൻ കൊതിച്ചപ്പോഴും ഇസ്രായേൽ ഭരണകൂടം അവർക്ക് മുന്നിലിട്ടത് വിലക്കിന്റെ വൻ മതിലായിരുന്നു.

ഐഷയുടെ കുടുംബവുമായി ബന്ധമില്ലാത്ത ഒരു അപരിചിതനെയായിരുന്നു ഐഷയെ നോക്കാനായി ഭരണകൂടം ഏർപ്പാടാക്കിയത്. മുള്ള് കൊള്ളുന്ന വേദനയ്ക്കിടയിലും പ്രിയപ്പെട്ടവരുടെ മുഖം അവളെ അൽപ്പമെങ്കിലും ആശ്വസിപ്പിച്ചേനെ. ഒന്നുമുണ്ടായില്ല. ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററിൽ നിന്ന് തിരിച്ചെത്തിയ ഐഷ ഒന്നും തിരിച്ചറിഞ്ഞില്ല. കൂടുതൽ പ്രതീക്ഷിക്കാനില്ലാ എന്നത് കൊണ്ട് തന്നെ ഐഷയെ തിരിച്ച് ഗാസയിലെ വീട്ടിലെത്തിച്ചു. അച്ഛനും അമ്മയ്ക്കും അരികിലെത്തിച്ചു. പക്ഷേ അവൾ ഒന്നും കണ്ടില്ല. ഒന്നുമറിഞ്ഞില്ല. ഒരാഴ്ച്ചക്കുള്ളിൽ അവൾ വിട പറഞ്ഞു. പക തീരാത്ത ലോകത്തോടും അവളെന്നും കാണാനാശിച്ച അച്ഛനമ്മമാരോടും.

ആശുപത്രിക്കിടക്കയിലെ ഐഷയുടെ പുഞ്ചിരി സമൂഹമാധ്യമങ്ങളിലൂടെ പടർന്നപ്പോൾ പലസ്തീനും ഇസ്രായേലും പരസ്പരം പഴി ചാരുകയാണ്. ജറുസലേമിലെ നൂതന സൗകര്യങ്ങളുളള ആശുപത്രി തേടി നിരവധി അപേക്ഷകളാണ് ഗാസയിൽ നിന്നും വരാറുളളത്. പക്ഷേ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഇസ്രായേൽ കുറച്ച് പേരുടെ അപേക്ഷ മാത്രമേ സ്വീകരിക്കാറുള്ളൂ. അഭയാർത്ഥി പ്രവാഹത്തിന്റെ ദുരന്തചിത്രമായ സിറിയൻ ബാലൻ ഐലൻ കുർദിക്ക് ശേഷം ഐഷ ലുലുവും നെഞ്ച് തകരുന്ന വേദനയാവുകയാണ്... മറ്റൊരു പകയുടെ.

MORE IN WORLD
SHOW MORE
Loading...
Loading...