നാലാം വയസ്സിൽ കാന്‍സർ; മുടി കൊഴിഞ്ഞു; പകരുമെന്ന് പരിഹാസം; 'വയലിനിൽ' അതിജീവനം

tylor-cancer
SHARE

വയലിനിൽ മികവ് തെളിയിച്ച് കാന്‍സറിനെ അതിജീവിച്ച പതിനൊന്നുകാരൻ. അമേരിക്കാസ് ഗോട്ട് ടാലൻഡ് എന്ന ടെലിവിഷൻ പരിപാടിയിലാണ് ടൈലർ ബട്‌ലർ ഫിഗ്യൂറ എന്ന ബാലൻ വയലിനിൽ വിസ്മയം തീർത്ത് കാണികളെയും വിധികര്‍ത്താക്കളെയും അമ്പരിപ്പിച്ചത്. 

നാലാം വയസ്സിലാണ് ടൈയ്‌ലറിന് രക്താർബുദമാണെന്ന് കണ്ടെത്തുന്നത്. പ്രകടനത്തിന് മുൻപ് വിധികർത്താക്കളോട് നോർത്ത് കരോലിനയിൽ നിന്നെത്തിയ ടൈ‌യ്‌ലർ തന്റെ അനുഭവം പറഞ്ഞതിങ്ങനെ:

''നാലാം വയസ്സിലാണ് എനിക്ക് രക്താർബുദമാണെന്ന് കണ്ടെത്തുന്നത്. കാൻസർ ആണെന്നതിന്റെ പേരിൽ എന്റെ കൂട്ടുകാർ എന്നെ കളിയാക്കി. കീമോതെറാപ്പിയെത്തുടർന്ന് മുടി കൊഴിഞ്ഞു. ഇതോടെ പരിഹാസങ്ങൾ കൂടി. എന്റെ അസുഖം പകരുമെന്നും എന്റടുത്ത് നിന്ന് മാറിനടക്കണമെന്നും സ്കൂളിലെ എല്ലാവരോടും പറഞ്ഞുനടന്നു. എന്റെ രൂപത്തെ കളിയാക്കി. സ്കൂളിൽ പോകാൻ ഇഷ്ടമല്ലായിരുന്നു എനിക്ക്. ''- കണ്ണുനനഞ്ഞ് ടൈ‌യ്‌ലർ പറയുമ്പോൾ വിധികർത്താക്കൾക്കും കാണികൾക്കും കരയാതിരിക്കാനായില്ല. 

''ഏഴര വയസ്സുള്ളപ്പോഴാണ് ഞാൻ വയലിൻ പഠിക്കാൻ തുടങ്ങുന്നത്. കൂട്ടുകാരുടെ കളിയാക്കലുകളിൽ നിന്ന് ഒളിച്ചോടാനായിരുന്നു അത്. അന്ന് കാൻസറുള്ള കുട്ടി എന്നാണ് സ്കൂളിൽ ഞാൻ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് നന്നായി വയലിൻ വായിക്കുന്ന കുട്ടി എന്നാണ് എല്ലാവരും എന്നെ വിശേഷിപ്പിക്കുന്നത് ''- ടെയ്‌ലർ പറഞ്ഞു. 

ആദ്യമായി മകൻ വയലിൻ പഠിക്കണമെന്ന് പറഞ്ഞപ്പോൾ കാര്യമാക്കിയില്ലെന്ന് ടൈ‌യ്‌ലറിന്റെ അമ്മ പറയുന്നു. ''ഇന്ന് അവൻ വയലിൻ വായിക്കുമ്പോൾ സന്തോഷവാനാണ്, എനിക്കെന്റെ മകനെ തിരിച്ചുകിട്ടിയതുപോലെ തോന്നുന്നു''- ടെയ്‌ലറിന്റെ അമ്മ പറഞ്ഞു. 

കെല്ലി ക്ലാർക്സന്റെ ഹിറ്റ് ആൽബം വാട് ഡസന്റ് കിൽ യു എന്ന ഗാനത്തിനൊത്ത് വയലിൻ വായിച്ച് ടൈ‌യ്‌ലർ സദസ്സിനെയും വിധികർത്താക്കളെയും അമ്പരപ്പിച്ചു. പ്രകടനത്തിന് ശേഷം ഗോൾഡൻ ബസർ നൽകിയാണ് ടൈ‌യ്‌ലറിനെ വിധികർത്താക്കൾ ആദരിച്ചത്. പരിഹസിച്ചവർക്കുള്ള മറുപടിയാണിതെന്ന് അവർ പറഞ്ഞു. 

MORE IN WORLD
SHOW MORE
Loading...
Loading...