വാർദ്ധക്യത്തിലും അമൂല്യസമ്പത്തുകൾക്ക് കാവലായി ഒരു മനുഷ്യൻ; അന്താരാഷ്ട്ര മ്യൂസിയം ദിനം

museum-syria
SHARE

ഇന്ന് മെയ് 18, രാജ്യാന്തര മ്യൂസിയം ദിനമാണ്. സമ്പന്നമായ ചരിത്രത്തിന്‍റെ തിരുശേഷിപ്പുകള്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയമുണ്ട് അങ്ങ് സിറിയയില്‍. വാര്‍ധക്യത്തിലും ആ അമൂല്യസമ്പത്തിന് കാവലാവുന്ന ഒരു മനുഷ്യനും.

ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്കസ്. ചരിത്രമേറെ പറയാനുണ്ട് ഈ നാടിന്. അതിലേറെയും ചോരപ്പുഴയുടെ ചരിത്രം. അവിടെ സ്വന്തമായി ശേഖരിച്ച ചരിത്രതിരുശേഷിപ്പുകള്‍ പൊന്നുപോലെ സൂക്ഷിച്ചിരിക്കുകയാണ് ഒരു മനുഷ്യന്‍. 67കാരനായ ഹേതം തബാക്ക. സ്വന്തം വീടുതന്നെ ഒരു മ്യൂസിയമാക്കി മാറ്റുകയായിരുന്നു തബാക്ക. 3000ത്തിലേറെ പുരാവസ്തുക്കളാണ് ഇന്നിവിടെയുള്ളത്. രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിനിടയിലും ഈ മനുഷ്യന്‍ സ്വന്തമായി ശേഖരിച്ച വസ്തുക്കളാണ് ഇവയെല്ലാം. ഒന്നില്‍ തുടങ്ങി ആയിരങ്ങളിലെത്തിയ ശേഖരം. വിലമതിക്കാനാവാത്തവ.  ദമാസ്കസ് എന്ന നഗരത്തില്‍ ജനിച്ചുവളര്‍ന്നാല്‍ നമ്മുടെ ആത്മാവുമായി ഈ നഗരത്തിന് അഭേദ്യമായ ഒരു ബന്ധം കൈവരുമെന്ന് തബാക്ക പറയുന്നു.

പഴയ നാണയങ്ങള്‍, ആയുധങ്ങള്‍, പെയിന്‍റിംഗുകള്‍ തുടങ്ങിയവയെല്ലാം ഈ ശേഖരത്തിലുണ്ട്. ഇതിലേക്ക് പുതിയവ ഓരോന്നോരോന്നായി ചേര്‍ത്തുവെക്കുന്നതാണ് ഈ മനുഷ്യന്‍റെ സന്തോഷം. യുദ്ധവും സംഘര്‍ഷവുമെല്ലാം മൂലം അസ്വസ്ഥരായ തന്‍റെ നാട്ടുകാര്‍ക്ക് ഈ കാഴ്ചകള്‍ അല്‍പ്പം സമാധാനം നല്‍കുമെന്ന് തബാക്ക വിശ്വസിക്കുന്നു.  ചുറ്റും സംഘര്‍ഷഭരിതമാകുമ്പോഴും ഈ  അമൂല്യവസ്തുക്കള്‍ പൊടിതട്ടി വൃത്തിയാക്കിവെക്കുന്നതിലും കേടുപാടുകള്‍ തീര്‍ക്കുന്നതിലും സന്തോഷം കണ്ടെത്തുകയാണ് ഈ വൃദ്ധന്‍.

MORE IN WORLD
SHOW MORE