എണ്ണക്കപ്പലുകൾക്കു നേരെ ഉണ്ടായ ആക്രമണം; ഇറാനെ സംശയിക്കുന്നതായി അമേരിക്ക

ship
SHARE

ഫുജൈറയിൽ എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനു പങ്കുണ്ടെന്നു സംശയിക്കുന്നതായി അമേരിക്ക. ആക്രമിക്കപ്പെട്ട കപ്പലുകളിൽ യു.എസ് സൈന്യത്തിലെ വിദഗ്ധ സംഘം പരിശോധന നടത്തി. അതേസമയം, റിയാദിലെ രണ്ടു എണ്ണ വിതരണ കേന്ദ്രങ്ങൾക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായെന്നു സൌദി വ്യക്തമാക്കി.

അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട രണ്ടു സൌദി കപ്പലുകൾ, നോർവേ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾ എന്നിവയാണ് ഞായറാഴ്ച രാവിലെ ഫുജൈറ തീരത്തു ആക്രമിക്കപ്പെട്ടത്. ഇറാനോ ഇറാൻറെ പിന്തുണയുള്ളവരോ നടത്തിയതാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനമെന്നു അമേരിക്കൻ സൌന്യത്തിലെ വിദഗ്ധ സംഘം വ്യക്തമാക്കി. യുഎഇയുടെ അഭ്യർഥന പ്രകാരമാണ് യുഎസ് സംഘം കപ്പലുകളിൽ പരിശോധന നടത്തിയത്. അഞ്ചു മുതൽ പത്തടി വരെയുള്ള വിള്ളലുകൾ കപ്പലുകൾക്കു സംഭവിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു ഇറാൻ പാർലമെൻറ് വക്താവ് ബെഹ്റൌസ് നെമാതി ആരോപിച്ചു. അതിനിടെ, റിയാദിലെ കിഴക്കു പടിഞ്ഞാറൻ പൈപ്പ് ലൈനിലേക്കുള്ള എണ്ണവിതരണകേന്ദ്രത്തിനു നേരെ ഡ്രോൺ ഉപയോഗിച്ചു ഭീകരാക്രമണമുണ്ടായതായി സൌദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സൌദി എണ്ണക്കമ്പനിയായ അറാംകോ, ഇതുവഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, ആഗോളഎണ്ണ കയറ്റുമതിയെ ബാധിക്കില്ലെന്നും അറാംകോ വ്യക്തമാക്കി.

MORE IN WORLD
SHOW MORE