അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട കപ്പലിനു നേരേ ആക്രമണം

ship
SHARE

ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാവുന്നതിനിടെ അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ പുറപ്പെട്ട കപ്പലിനു നേരേ ആക്രമണം. ഫുജൈറ തീരത്തു രണ്ടു സൌദി എണ്ണ ടാങ്കറുകൾ ഉൾപ്പെടെ നാലു കപ്പലുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങളും ഇറാനും രംഗത്തെത്തി.

ഇറാൻ യുഎസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലൂടെയുള്ള ചരക്കു നീക്കം അട്ടിമറിക്കാൻ ഇറാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് സംഭവം. നാലു കപ്പലുകളിൽ ഒരെണ്ണം അമേരിക്കയിലേക്കുള്ള എണ്ണ നിറയ്ക്കാൻ സൌദിയിലെ റാസ് തനൂര തുറമുഖത്തേക്കു പോകുകയായിരുന്നു. എണ്ണക്കപ്പലുകളുടെ പ്രധാനസഞ്ചാരപാതയായ ഹോർമുസ് കടലിടുക്കിനു സമീപത്തെ ബങ്കറിങ് ടെർമിനലിലാണ് സംഭവം. ആക്രമണത്തിൽ ആർക്കും പരുക്കില്ലെങ്കിലും കപ്പലുകൾക്കു നാശനഷ്ടമുണ്ടായതായി സൗദി ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് വ്യക്തമാക്കി. യു.എ.ഇ അന്വേഷണം തുടങ്ങിയെങ്കിലും അക്രമികൾ ആരെന്ന സൂചന നൽകിയിട്ടില്ല. അക്രമം ആശങ്കാജനകമെന്ന് വ്യക്തമാക്കിയ ഇറാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. അക്രമത്തെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയും അറബ് ലീഗും അപലപിച്ചു. മേഖലയിൽ ആശങ്കയും അസ്ഥിരതയും വളർത്താനുള്ള ശ്രമമെന്ന് ജിസിസി കുറ്റപ്പെടുത്തി. അതേസമയം, എണ്ണവിതരണം തടസപ്പെടുമെന്ന ആശങ്കകൾക്കിടെ ക്രൂഡ് ഓയിൽ വിലയിൽ 0.5 ശതമാനം വർധനയുണ്ടായി.

MORE IN WORLD
SHOW MORE