അമിത മരുന്ന് കുത്തിവെച്ചു; 300 പേരെ കൊലപ്പെടുത്തി; വിറപ്പിച്ച കൊലയാളി നഴ്സ്

nurse-murder-12
SHARE

യുദ്ധാനന്തര ജർമനിയെ വിറപ്പിച്ച കൊലയാളി- നീൽസ് ഹൂഗല്‍ എന്ന സീരിയൽ കില്ലറിന് ലോകം ഒരുകാലത്ത് നൽകിയ വിശേഷണം ഇതായിരുന്നു. അഞ്ചു വർഷത്തിനിടെ 300 പേരെയെങ്കിലും ഹൂഗല്‍ വധിച്ചുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. ആരുമറിയാതെ, ഒരു തെളിവ് പോലും ബാക്കിവെക്കാതെയാണ് ഹൂഗലിന്റെ കൊലപാതകങ്ങൾ എന്നതാണ് അവ്യക്തമായ ഈ കണക്കിന് പിന്നിൽ. ലോകത്തെ ഞെട്ടിച്ച ഈ സീരിയൽ കില്ലർ ഒരു നഴ്സ് ആയിരുന്നു എന്നതാണ് കേള്‍ക്കുന്നവരെ അമ്പരപ്പിക്കുന്നത്. 

2000 ത്തിലാണ് ഹൂഗല്‍ ആളുകളെ വധിക്കാൻ തുടങ്ങിയത്. അഞ്ച് വർഷത്തിനിടെ മുന്നൂറിലധികം ആളുകളെ കൊലപ്പെടുത്തി. പത്ത് വർഷത്തിനിപ്പുറം മാത്രമാണ് ഹൂഗലിനെതിരെ അന്വേഷണം ആരംഭിച്ചത്. കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ച ഘടകങ്ങളെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. നഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രികളിലും ഇയാളെപ്പറ്റി മോശമായി ആർക്കും പറയാനില്ല. ബോറടി മാറ്റാൻ വേണ്ടിയാണ് കൊലപാതകങ്ങളെന്ന് ഹൂഗല്‍ ഒരിക്കൽ പറഞ്ഞിരുന്നു. വിചാരണക്കിടെ ഒരു തവണ മാപ്പ് പറയുകയും ചെയ്തു. 

നഴ്സായി ജോലി ചെയ്തിരുന്നപ്പോൾ ആശുപത്രികളിൽ വെച്ച് ഇയാൾ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മരുന്നുകൾ അമിതമായി കുത്തിവെച്ച് ഹൃദയാഘാതമുണ്ടാക്കി കൊലപ്പെടുത്തുക ആയിരുന്നു ഒരു രീതി. തെറ്റായ മരുന്നുകൾ ഉപയോഗിക്കുക മറ്റൊരു രീതി. കാത്സ്യം ക്ലോറൈഡ്, അജ്മലീൻ തുടങ്ങിയ അഞ്ചിനം മരുന്നുകളാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. തുടർന്നു രക്തസമ്മർദം താഴ്ന്നും ഹൃദയാഘാതത്തിലൂടെയും മരണം സംഭവിക്കും. സ്വതവേ രക്തസമ്മർദം താഴ്ന്നിരിക്കുന്ന രോഗികളായതിനാൽ ആർക്കും സംശയം പോലും തോന്നില്ല.

ഹൃദയസ്തംഭനം ഉണ്ടാകുന്ന രോഗികൾക്ക് ഇയാൾ നഴ്സെന്ന രീതിയിൽ പരിചരണവും നൽകും. ഇതേത്തുടർന്ന് ആശുപത്രിയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ഇയാളോട് വലിയ ബഹുമാനമായിരുന്നു. സഹപ്രവർത്തകർ ഇതിന്റെ പേരിൽ ഒരിക്കൽ സമ്മാനിച്ചതാകട്ടെ ഇഞ്ചക്‌ഷൻ ട്യൂബു കൊണ്ടുള്ള ഒരു മാലയും! അത് അഭിമാനത്തോടെ ധരിച്ചു നടന്നിരുന്നു ഹൂഗൽ.

2005ലാണ് ഇയാൾ ആദ്യമായി അറസ്റ്റിലാകുന്നത്. അമിത അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിനാൽ 2008ൽ ഇയാളെ ഏഴര വർഷത്തെ തടവിനും ശിക്ഷിച്ചു. അതിനിടെ ഹൂഗലിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് 2015ൽ പുതിയ അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് താൻ നടത്തിയ കൊലപാതകങ്ങളെപ്പറ്റി ഇയാൾ തുറന്നു പറയുന്നത്. 2018 ജനുവരിയില്‍ 97 പേരെ കൊലപ്പെടുത്തിയതിന് ഹൂഗലിനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു.

കൊലപാതകങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ട ആശുപത്രി അധികൃതർക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. നൂറു പേരെ കൊലപ്പെടുത്തിയതായി 2018 ഒക്ടോബർ 30ന്, വിചാരണയുടെ ആദ്യ ദിവസം തന്നെ, ഹൂഗൽ വ്യക്തമാക്കിയിരുന്നു. ഈ കേസില്‍ ജൂണില്‍ വിധി വരാനിരിക്കുകയാണ്. പരിചരിച്ച രോഗികളുടെ ജീവിതവും മരണവും തന്റെ കൈകളിലായിരുന്നുവെന്ന് അഹങ്കരിക്കാവുന്ന വിധത്തിൽ ഹൂഗൽ സാഹചര്യം സൃഷ്ടിച്ചിരുന്നുവെന്നാണ് അഭിഭാഷകർ പറയുന്നത്.

52 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹൂഗൽ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ അഞ്ചു പേരെ താനല്ല കൊന്നതെന്നും ഇയാൾ വ്യക്തമാക്കുന്നു. എന്നാൽ കൊലപാതകങ്ങൾ നടന്ന് വർഷങ്ങളോളം ഇതൊന്നും ആരുമറിയാതെയിരുന്നതിൽ ജർമനിക്കെതിരെ രോഷം ശക്തമാണ്. ജർമനിയിൽ വർഷങ്ങളോളം എന്തു ക്രൂരസംഭവവും മറച്ചുവയ്ക്കാനാകുമോയെന്നാണു ഹൂഗലിന്റെ അതിക്രമത്തിന് ഇരകളായവരുടെ ബന്ധുക്കൾ ചോദിക്കുന്നത്.

നിലവിൽ രണ്ടു രോഗികളെ കൊലപ്പെടുത്തിയതിൽ ഹൂഗൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. നാലു പേരെ കൊലപ്പെടുത്തുന്നതിൽ സഹായിച്ചെന്ന കുറ്റവുമുണ്ട്. മൂന്നാമത്തെ കൂട്ടക്കൊലപാതകത്തിന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്.

ഹൂഗലിനൊപ്പം ജോലി ചെയ്തിരുന്നവർക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഹൂഗലിനെതിരെ ഇവരിൽ പലരും തെറ്റായ മൊഴികളാണു നൽകിയതെന്നാണു കരുതുന്നത്. ആശുപത്രികളുടെ ഭാഗത്തു നിന്നുള്ള വീഴ്ചയും അന്വേഷണത്തിന്റെ ഭാഗമാണ്. ഡെൽമെൻഹോഴ്സ്റ്റ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കും രണ്ട് ഹെഡ് നഴ്സുമാർക്കും എതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.

MORE IN WORLD
SHOW MORE