ലൈംഗികത നിഷേധിച്ച് സമരം ചെയ്യൂ; പ്രതിഷേധിക്കാൻ അലിസ; സ്ത്രീകളോട് ആഹ്വാനം

alyssa-strike-12-05
SHARE

അമേരിക്കയിൽ ചില സംസ്ഥാനങ്ങളിൽ ഗർഭഛിദ്രനിരോധന നിയമം കർക്കശമാക്കിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഹോളിവുഡ് താരം അലീസ മിലാനോ. പ്രതിഷേധസൂചകമായ ലൈംഗികതാ സമരം നടത്താനാണ് അലീസയുടെ ആഹ്വാനം. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലാണ് നിയമം കർക്കശമാക്കിയത്. 

ഗർഭധാരണം നടന്ന് ആറാഴ്ചക്ക് ശേഷമുള്ള ഗർഭഛിദ്രം അനുവദിക്കാനാകില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. ജോർജിയ ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലാണ് നിയമം നിലവിൽ പ്രാബല്യത്തിലുള്ളത്. ഇതിനെതിരെയാണ് അലിസയുടെ പ്രതിഷേധം. ഗർഭിണിയാണ് എന്നറിയാൻ തന്നെ ചിലപ്പോൾ ആറാഴ്ച എടുത്തേക്കും. സ്ത്രീക്ക് സ്വന്തം ശരീരത്തിലുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് നിയമമെന്നും ഇത് സ്ത്രീവിരുദ്ധമാണെന്നും അലിസ അഭിപ്രായപ്പെടുന്നു. 

അവകാശം തിരികെക്കിട്ടുന്നത് വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ അലിസ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. 1600കളിൽ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ഇറോക്വീസ് വനിതകളും 2003ൽ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ലൈബീരിയൻ വനിതകളും സെക്സ് സ്ട്രൈക്ക് നടത്തിയതിനെക്കുറിച്ച് അലിസ ഓർമ്മിപ്പിക്കുന്നു. 

അലിസയുടെ പ്രതിഷേധമാർഗ്ഗത്തോട് സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്. താരത്തെ പിന്തുണച്ച് സഹതാരം ബെറ്റി മിഡ‌്‌ലർ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി. അതേസമയം അലിയുടെ ആഹ്വാനം സ്ത്രീവിരുദ്ധമാണെന്നും സ്ത്രീ ലൈംഗികബന്ധത്തിലേർപ്പെടുന്നത് പുരുഷന് വേണ്ടിയാണെന്ന തെറ്റായ സന്ദേശമാണതെന്നും ചിലർ വിമർശിക്കുന്നു. 

MORE IN WORLD
SHOW MORE