തീവ്രമതവികാരം തലയ്ക്കുപിടിച്ചത് ഓസ്ട്രേലിയയിൽ നിന്ന്; മിണ്ടാതായി; സഹോദരി പറയുന്നു

sri-lanka-blast-abdul-lateef
Picture Courtesy Nick Edwards, അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന്റെ സിസിടിവി ദൃശ്യവും കുട്ടിക്കാല ചിത്രം, സെന്റ് ആന്റണീസ് പള്ളിക്കുമുന്നിലെ സുരക്ഷ
SHARE

ഈസ്റ്റർ ദിനത്തിൽ ലോകത്തെ ഞെട്ടിച്ചാണ് ശ്രീലങ്കയിൽ 253 പേർ കൊല്ലപ്പെട്ട ബോംബ് സ്ഫോടന പരമ്പരകൾ നടന്നത്. നാഷണല്‍ തൗഹിത് ജമാ അത് എന്ന സംഘടനയാണ് സ്ഫോടന പരമ്പരകൾ പിന്നിലെന്നാണ് സർക്കാർ നൽക്കുന്ന വിവരം. ശ്രീലങ്കയിലെ വിവിധ ആരാധനായലങ്ങളിലും സ്റ്റാർ ഹോട്ടലുകളിലുമാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. 

താജ് സമുദ്ര ഹോട്ടലിൽ സ്ഫോടനം നടത്താനെത്തിയ ചാവേറായ അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന്റെ സഹോദരി സംസുൽ ഹിദായക്ക് സഹോദരനെ പറ്റി പറയാനുള്ളത് നല്ല ഓർമ്മകൾ മാത്രം‌. താജ് സമുദ്ര ഹോട്ടലിൽ സ്ഫോടനം നടത്താനെത്തിയ മുഹമ്മദിനു പക്ഷേ ബോംബ് നിഷ്ക്രിയമായതിനെത്തുടർന്ന് ചെറിയ ഗസ്റ്റ് ഹൗസ് മാത്രമേ തകർക്കാനായുള്ളൂ. വൻ സ്ഫോടനം നടത്താനെത്തിയെങ്കിലും ഒരു വിനോദസഞ്ചാരിയെ കൊല്ലാൻ മാത്രമാണ് ഇയാൾക്കു കഴിഞ്ഞത്. 

ചെറുപ്പത്തിൽ തമാശകൾ പറഞ്ഞിരുന്ന, ജീവിതം ആസ്വദിച്ചിരുന്ന ചെറുപ്പക്കാരൻ ഓസ്ട്രേലിയയിലെ പഠനത്തിനുശേഷം തീവ്ര മതവികാരം ഉള്ളവനായി മാറിയത് എന്ന സഹോദരി തന്നെ പറയുന്നു. ‘ബ്രിട്ടനിൽ പഠിച്ചു തിരിച്ചുവന്നപ്പോൾ സന്തോഷവാൻ. ഓസ്ട്രേലിയയിൽ ഉപരിപഠനം നടത്തി തിരിച്ചെത്തിയപ്പോൾ പൂർണ മത അനുയായി ആയി.

മതനിയമങ്ങൾ പാലിക്കാത്തതിന് ബന്ധുക്കളോട് നീരസവും ദേഷ്യവും പിണക്കവും. നേരിട്ടു കണ്ടാൽപ്പോലും മിണ്ടാത്ത അകൽച്ചയായിയെന്ന് സഹോദരി സംസുൽ ഹിദായ ഒരു അന്തർദേശീയ മാധ്യമത്തോട് പറഞ്ഞു.

ഉയർന്ന വിദ്യാഭ്യാസമാണ് അബ്ദുൽ ലത്തീഫ് ജമീൽ മുഹമ്മദിന് കുടുംബം നൽകിയത്. ശ്രീലങ്കയിലെ കാൻഡിയിൽ തേയില വ്യാപാരം നടത്തിയിരുന്ന സമ്പന്ന കുടുംബത്തിലെ ആറംഗങ്ങളിൽ ഒരാളായിരുന്നു മുഹമ്മദ്. 1982ൽ ജനിച്ച മുഹമ്മദ് സമീപമുള്ള ഗംപോല രാജ്യാന്തര സ്കൂളിലാണ് പഠിച്ചത്.

പിന്നീട് കൊളംബോയിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ചു. 10 വർഷങ്ങൾക്കുമുൻപ് പിതാവ് അബ്ദുൽ ലത്തീഫ് മരിച്ചതിനെത്തുടർന്നാണ് മാതാവ് സാംസൺ നിസ്സ കുടുംബവുമായി കൊളംബോയിലേക്കു മാറുകയായിരുന്നു.

ബ്രിട്ടനിൽ പഠിക്കാൻപോയി തിരിച്ചുവന്നപ്പോൾ സഹോദരന് ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഓസ്ട്രേലിയയ്ക്കുപോയി തിരിച്ചെത്തിയത് ആകെ മാറിയ മനുഷ്യനായാണ്. താടി നീട്ടി വളർത്തിയിരുന്നു. നിറയെ തമാശ പറഞ്ഞിരുന്നയാൾ തമാശകൾ നിർത്തി ഗൗരവക്കാരനായി. അറിയാത്ത ആളുകളോട് ഒരിക്കൽപ്പോലും ചിരിച്ചുകാണിച്ചിരുന്നില്ല.തനിയെപോലും ചിരിക്കുന്നതു കണ്ടിട്ടില്ല.

പാട്ടുകൾ ആസ്വദിച്ചിരുന്നയാളാണ് മുഹമ്മദ്. എന്നാൽ ഓസ്ട്രേലിയയിൽനിന്നു തിരിച്ചെത്തിയ സഹോദരൻ സ്വന്തം മക്കൾ പാട്ടുകൾ കേൾക്കാൻ അനുവദിച്ചിരുന്നില്ല. ഒരാളോടുപോലും സൗഹൃദഭാവത്തോടെ പെരുമാറിയിരുന്നില്ല.

ചെറുപ്പത്തിലേ ദൈവഭക്തിയുള്ള ആളായിരുന്നെങ്കിലും അതൊരിക്കലും മറ്റുള്ളവരെ മുറിപ്പെടുത്തുന്ന തരത്തിലുള്ള വിശ്വാസമായിരുന്നില്ല. എന്നാൽ ഓസ്ട്രേലിയയിൽനിന്നു തിരിച്ചെത്തിയതിനു പിന്നാലെ മതപരമായ ചടങ്ങുകളിൽ വീഴ്ച വരുത്തുന്നതിന് സ്വന്തം കുടുംബത്തെ ശകാരിക്കുമായിരുന്നു.

മതവിഷയത്തിൽ പലതവണ സഹോദരനുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ മതഗ്രന്ഥത്തിൽനിന്ന് വായിക്കുമ്പോൾ ഞാനത് ശരിയാണ് എന്ന് പറയാറേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സംവാദം ആഴത്തിലാഴത്തിൽ കൂടുതൽ മതരപരമാകുമ്പോൾ എനിക്കത് മനസ്സിലായിരുന്നില്ല.

താടി വടിക്കുന്നതിന് ബന്ധുക്കളായ പുരുഷന്മാരെ മുഹമ്മദ് ശകാരിച്ചിരുന്നു. അനുസരിച്ചില്ലെങ്കിൽ ദേഷ്യപ്പെടുമായിരുന്നു. സംവാദം കൈവിട്ടുപോകുമെന്നു മനസ്സിലായപ്പോൾ ഒരു ഘട്ടത്തിൽ സഹോദരനുമായി സംസാരിക്കുന്നത് താൻ അവസാനിപ്പിച്ചു.

ഒരേ പ്രദേശത്തുതന്നെയാണ് താമസിച്ചിരുന്നെങ്കിലും സഹോദരങ്ങൾ പരസ്പരം കാണുന്നത് കഴിയുന്നതും ഒഴിവാക്കുമായിരുന്നു. തനിക്കൊപ്പം കഴിയുന്ന അമ്മയെ കാണാൻ മുഹമ്മദ് എത്തിയാൽപ്പോലും തന്നോടുള്ള സംസാരം ഒഴിവാക്കുകയായിരുന്നു പതിവ്. വീട്ടിൽനിന്നു പുറത്തേക്കു പോകാനും വരാനും കഴിയുന്നതും വേറെ വഴികൾ തിരഞ്ഞെടുത്തിരുന്നു. ഇത്രയൊക്കെയാണെങ്കിലും സഹോദരൻ ചാവേറായി എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

ഇത്ര ആഴത്തിൽ മുഹമ്മദിൽ മതതീവ്രവാദം വേരോടിയിരുന്നുവെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഓസ്ട്രേലിയയിൽ വച്ച് എന്തോ സംഭവിച്ചിട്ടുണ്ട്. അവിടുന്ന് തിരിച്ചെത്തിയശേഷം മുഹമ്മദ് നിശബ്ദനായിരുന്നു. എല്ലാത്തിൽനിന്നും ഒഴിഞ്ഞുനിന്നിരുന്നു’ – സഹോദരി കൂട്ടിച്ചേർത്തു.

2006–07ൽ സൗത്ത് വെസ്റ്റ് ലണ്ടനിലെ കിങ്സ്റ്റൺ സർവകലാശാലയിലാണ് ഇയാൾ ഏവിയേഷൻ കോഴ്സിനു പഠിച്ചതെന്ന് യുകെ ഭീകരവിരുദ്ധവിഭാഗം കണ്ടെത്തിയിട്ടുണ്ട്. അന്ന് ഇയാൾ മത തീവ്രവാദത്തിലേക്ക് ആകൃഷ്ടനായിരുന്നോ അങ്ങനെയുള്ള ആരെങ്കിലും ആ സമയത്ത് അവിടെ പഠിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം യുകെ പൊലീസ് അന്വേഷിക്കുകയാണ്.

ഓസ്ട്രേലിയയ്ക്കു പോകും മുൻപായിരുന്നു മുഹമ്മദിന്റെ വിവാഹം. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിട ഉടമയുടെ മകളായിരുന്നു വധു. ഇവരിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ 4 മക്കളും മുഹമ്മദിന്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ.

സൂത്രധാരന്‍ കൊല്ലപ്പെട്ടു  

ശ്രീലങ്കന്‍ സ്‍ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്ന് ലങ്കര്‍ ഭരണകൂടം. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, സ്‍ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയ ശ്രീലങ്കന്‍ ആരോഗ്യമന്ത്രാലയം  പുതിയ കണക്കുകള്‍ പുറത്തുവിട്ടു. സ്‍ഫോടനങ്ങള്‍ തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലങ്കന്‍ പൊലീസ് മേധാവിയും രാജിവച്ചു. 

ശ്രീലങ്കന്‍ സ്‍ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊളമ്പോയിലെ ഷാങ്ഗ്രിലാ ഹോട്ടലില്‍ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടെന്നാണ് ലങ്കന്‍ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. നാഷണല്‍ തൗഹിത് ജമാഅത് എന്ന സംഘടനയുടെ തലവനാണ് ഹാഷിം. സ്‍ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട വീഡിയോയിലും ഹാഷിം ഉണ്ടായിരുന്നു.

ഐഎസിനോടുള്ള കൂറുപ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുന്ന എട്ടുഭീകരരില്‍ മുഖം മറയ്‍ക്കാതിരുന്നത് ഹാഷിം മാത്രമാണ്. ഭീകരാക്രമണവുമായി ബന്ധമുളള മൂന്നുസ്ത്രീകളടക്കം ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

അതേസമയം, സ്ഫോടനങ്ങളിലാകെ 253 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 485 പേര്‍ക്ക് പരുക്കേറ്റു. 359 പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കണക്കുകൂട്ടിയതിലെ പിശകാണ്. തുടര്‍ച്ചയായി ഉണ്ടായ അത്യാഹിതങ്ങളെ തുടര്‍ന്ന് കണക്കുകള്‍ ശേഖരിക്കുക എളുപ്പായിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

മരിച്ചവരില്‍ പതിനൊന്ന് ഇന്ത്യക്കാരടക്കം നാല്‍പത് പേര്‍ വിദേശികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേറാക്രമണങ്ങള്‍ തടയാന്‍ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറിക്ക് പിന്നാലെ ലങ്കന്‍ പൊലീസ് മേധാവി പുജിത് ജയസുന്ദരയും രാജിവച്ചെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

MORE IN WORLD
SHOW MORE