ഓണ്‍ലൈന്‍ ആപ്പുകളില്‍ സജീവമായി ഐഎസ്; മലയാളത്തിലും വിഡിയോ; ആശങ്ക

lanka-bomber-26-04
SHARE

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളിൽ 390 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. സ്ഫോടനത്തിനുപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്ഫോടനപരമ്പരയിൽ ചാവേറുകളായവരിൽ രാജ്യത്തെ പ്രമുഖ സമ്പന്ന കുടുംബത്തിലെ സഹോദരന്മാരും ഉൾപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ചാവേറുകളായ ഒമ്പതിൽ എട്ടുപേരെയും കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ പലരും സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരും ബിസിനസ് പശ്ചാത്തലമുള്ളവരുമാണെന്ന വിവരവും പുറത്തുവന്നിരുന്നു.

ശ്രീലങ്കയിലെ  ചാവേറുകളെ ബന്ധപ്പെടാനും സ്ഫോടനം ആസൂത്രണം ചെയ്യാനും ചില രഹസ്യ ആപ്പുകളും ഓൺലൈൻ സേവനങ്ങളുമാണ് ഐഎസ് ഉപയോഗിച്ചതെന്നാണ് അറിയുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള ഓരോ നീക്കങ്ങളും ടെലഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഉപയോഗിച്ചാണ് സംഘം കൈമാറിയിരുന്നത്. വിവിധ പേരുകളിലായി ഐഎസിന്റെ നിരവധി ഗ്രൂപ്പുകള്‍ ടെലഗ്രാമിലുണ്ട്.

ശ്രീലങ്കയിലെ സ്ഫോടനത്തിന്റെ വിഡിയോ സന്ദേശങ്ങൾ മലയാളം, തമിഴ് ഉള്‍പ്പടെയുള്ള ഭാഷകളി‍ൽ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധി മലയാളികൾ ഐഎസിന്റെ ടെലഗ്രാം ഗ്രൂപ്പുകളിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

സ്ട്രീമിങ്, ഫയല്‍ ഷെയറിങ്, മെസഞ്ചര്‍ ആപ്പുകള്‍ സമൂഹമാധ്യമ സേവനങ്ങള്‍ ഉപയോഗിച്ചുള്ള ഐഎസ്  മുന്നേറ്റം ആശങ്കയുളവാക്കുന്നതാണ്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകള്‍ ഐഎസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് യാതൊരവസരവും നല്‍കാറില്ല. ഇത് മനസ്സിലാക്കി അധികം പ്രചാരമില്ലാത്ത ചെറിയ ആപ്പുകളിലാണ് ഐഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടെലഗ്രാമിന് പുറമെ റോക്കറ്റ്ചാറ്റില്‍ ഐഎസുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് സ്ഥാപനങ്ങള്‍ക്കായി നടത്തുന്ന ഓപ്പണ്‍ സോഴ്സ് മെസഞ്ചര്‍ സേവനമാണ് റോക്കറ്റ് ചാറ്റ്. യാഹൂ ടുഗതര്‍, വൈബര്‍, ഡിസ്കോഡ്, തുടങ്ങിയ ആപ്പുകളും ഐഎസ് ഉപയോഗിച്ചുവരുന്നു.

MORE IN WORLD
SHOW MORE