‘പുറത്തിറങ്ങാൻ പേടി’‌; ലങ്കയില്‍ മുസ്‍ലിംകൾ ഭീതിയിലെന്ന് റിപ്പോർട്ട്; തുണച്ച് സര്‍ക്കാര്‍

srilanka-muslim-24
SHARE

‘സ്ഫോടനങ്ങൾക്ക് ശേഷം പുറത്തിറങ്ങാൻ ഭയമാണ്. മുസ്‌ലിമായതിനാൽ ആക്രമിക്കപ്പെടുമോയെന്ന് പേടിയാണ്. കൊളംബോയിൽ സ്വന്തമായി പ്രിൻഡിങ് പ്രസ് ഉണ്ട്. പക്ഷേ ജോലിക്ക് പോകേണ്ടെന്നും വീട്ടിലിരിക്കാനും പറയുകയാണ് കുടുംബം. പുറത്തിറങ്ങിയാൽ പിന്നെ ജീവനോടെ തിരിച്ചുവന്നില്ലെങ്കിലോ എന്ന ഭയമാണവർക്ക്..’- മുഹമ്മദ് ഹസൻ എഎഫ്പിയോട് പറഞ്ഞതിങ്ങനെ. 

ഈസ്റ്റർ ഞായറാഴ്ച രാജ്യത്തെ പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 350 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ആ നടുക്കത്തിൽ നിന്ന് രാജ്യത്തെ ജനങ്ങൾ ഇതുവരെ മോചിതരായിട്ടില്ല. 

അറുപതുകാരിയായ സെറീന ബീഗം പറയുന്നതിങ്ങനെ: ‘മുസ്‌ലിംകളോട് ആളുകൾക്ക് ദേഷ്യമാണെന്ന് എനിക്കറിയാം. കൈക്കുഞ്ഞുങ്ങളുമായി പള്ളിയിലെത്തിയ അമ്മമാർ പോലും കൊല്ലപ്പെട്ടു. മനുഷ്യരുടെയുള്ളിൽ ഇത്ര വെറുപ്പും വിദ്വേഷവും ഉണ്ടെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആക്രമിച്ചവരുടെ ഉള്ളിലുണ്ടായിരുന്നത് അത് മാത്രമാണ്. വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ ഞങ്ങൾക്ക് പേടിയാണ്..’

21 ദശലക്ഷമുള്ള ജനസംഖ്യയുടെ 10 ശതമാനം മുസ്‌ലിംകളാണ്. ഹിന്ദു വിഭാഗം കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷം മുസ്‍ലിംകളാണ്. ഏഴ് ശതമാനം ക്രിസ്ത്യൻ വിഭാഗക്കാരാണ് രാജ്യത്തുള്ളത്. 

2009ല്‍ ആഭ്യന്തരകലാപം അവസാനിച്ചതിന് ശേഷം മുസ്‌ലിംകൾ ലങ്കയിൽ ഇടക്കിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിംകൾക്കെതിരെ ബുദ്ധസന്യാസിമാർ പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. 2013ലും 2018ലും മുസ്‌ലിം വിഭാഗം നേതൃത്വം നൽകുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെയും ആക്രമണങ്ങളുണ്ടായി. 

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഐക്യവും സമാധാനവും പുലരണമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആഹ്വാനം ചെയ്തു. ‘രാജ്യത്തെ മുസ്‌ലിംകൾ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുണ്ട്. തമിഴരെപ്പോലെയും സിംഹളരെയും പോലെ തന്നെ അവരും രോഷാകുലരാണ്''- കഴിഞ്ഞ ദിവസം വിക്രമസിംഗെ പറഞ്ഞു.

MORE IN WORLD
SHOW MORE