ചാവേറുകൾ വരുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ട്; ഇന്ത്യൻ ഹൈകമ്മിഷണർ ഓഫിസും ലക്ഷ്യമിട്ടു; നടുക്കം

srilanka-church-new
SHARE

സ്ഫോടനത്തിൻറെ നടുക്കത്തിലാണ് ശ്രീലങ്ക. ഇൗസ്റ്റർ‌ ദിനത്തിൽ കൊളംബോയെയും ലോകത്തെയും അക്ഷരാർഥത്തിൽ ഞെട്ടിച്ച് എട്ടു സ്ഫോടനങ്ങളാണ് ഇതുവരെ നടന്നിരിക്കുന്നത്. ലോകരാജ്യങ്ങളും വലിയ ആശങ്കയോടെയാണ് ചാവേറാക്രമണം നോക്കി കാണുന്നത്. രാജ്യത്തെ പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറുകൾ വരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നതായും സൂചനകൾ പുറത്തുവരുന്നു. ഒരു വിദേശ ഇന്റലിജൻസ് ഏജൻസിയാണ് എൻടിജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ശ്രീലങ്കയ്ക്കു നൽകിയത്. 

‌രാജ്യത്തെ പ്രമുഖ പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു വിവരം. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഈ വാർത്ത പുറത്തുവിട്ടത്.

ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഏപ്രിൽ 11ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് സന്ദേശം കൈമാറുകയും ചെയ്തു. തുടർന്ന് ദേശീയ തലത്തിൽ മുന്നറിയിപ്പും നൽകി. രാജ്യത്തെ ബുദ്ധമത ആരാധനാകേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ചു ശ്രദ്ധാകേന്ദ്രമായ സംഘടനയാണ് എൻടിജെ. കഴിഞ്ഞ വർഷമാണ് ഇവരുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയത്. എന്നാൽ ശ്രീലങ്കയെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിനു പിന്നിൽ ഇവരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. 

ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ 168 പേർ കൊല്ലപ്പെട്ടതായും 400 പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെടുന്നു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം.  ഈസ്റ്റർ പ്രാർഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്.

MORE IN WORLD
SHOW MORE