കൊളംബോ സ്ഫോടനത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; അമ്പരപ്പ് മാറാതെ രാധിക

radhika-blast
SHARE

ശ്രീലങ്കയിലെ കൊളംബോയിൽ ഇന്ന് നടന്ന സ്ഫോടനത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് നടി രാധിക ശരത്കുമാർ. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്നത് കൊളംബോയിലെ സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ഇത് വിശ്വസിക്കാനാകുന്നില്ലെന്നും അമ്പരന്നിരിക്കുകയാണെന്നും രാധിക കൂട്ടിച്ചേർത്തു. 

 ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ പള്ളി എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.

ശ്രീലങ്കയില്‍ കര്‍ഫ്യൂ; അതിജാഗ്രത

ഈസ്റ്റര്‍ ദിനത്തില്‍ എട്ട് സ്ഫോടനങ്ങള്‍ നടന്നതിന് പിന്നാലെ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെയും ഹോട്ടലുകളിലുമാണ് സ്ഫോടനങ്ങള്‍.  ഈസ്റ്റര്‍ ദിനത്തില്‍  ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ ഉള്‍പ്പെടെ വിവിധ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ എട്ടു സ്ഫോടനങ്ങളില്‍ മലയാളി ഉള്‍പ്പെടെ 185  പേരാണ് കൊല്ലപ്പെട്ടു‌ത്പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെയാണ് സ്ഫോടനം.   500 പേര്‍ക്ക് പരുക്കേറ്റു. ഇനിയും സ്ഫോടനങ്ങളുണ്ടാകാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണ് രാജ്യത്ത്   24 മണിക്കൂര്‍ അതീവജാഗ്രതയും കര്‍ഫ്യൂവും പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ടവരില്‍ 50 പേര്‍ വിദേശികളാണെന്നാണ് പ്രാഥമിക വിവരം.    

ഈസ്റ്റര്‍ ആരാധനയ്ക്കിടെയാണ് രാവിലെ 8.45നും 9 നും ഇടയില്‍ സ്ഫോടനങ്ങള്‍ നടന്നത്. കൊച്ചിക്കാടെ സെന്‍റ് ആന്‍റണീസ് പള്ളിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. തുടര്‍ന്ന് വടക്കന്‍ കൊളംബോയിലെ കടുവാപിടിയാ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലും ശ്രീലങ്കയുടെ കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സിയോന്‍ പളളിയിലും ഉഗ്രസ്ഫോടനങ്ങളുണ്ടായി. പള്ളികളുടെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. കൊച്ചിയില്‍ നിന്നുള്ള മലയാളികള്‍ ആദ്യമെത്തി വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ കൊച്ചിക്കാടെയിലെ  പള്ളിയില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 

വിശ്വാസികളെ കൂടാതെ വിനോദ സഞ്ചാരികളെയും ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് വ്യക്തം.  ശ്രീലങ്കന്‍ പ്രധാനമന്ത്രി  റനില്‍ വിക്രമസിംഗെയുടെ ഔദ്യോഗികവസതിക്ക് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലായ സിനമണ്‍ ഗ്രാന്‍ഡ് കൂടാതെ ഷാംഗ്രിലാ, കിങ്സ്ബറി എന്നീ ഹോട്ടലുകളിലും സ്ഫോടനങ്ങള്‍ അരങ്ങേറി. ഇതിനുശേഷം ഉച്ചയോടെ ദെഹിവാ ദേശീയ മൃഗശാലയ്ക്കു സമീപം ഹോട്ടലിലുണ്ടായ സ്ഫോടനത്തിലും രണ്ടുപേര്‍ മരിച്ചു. ആഭ്യന്തര യുദ്ധത്തിന് ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണ പരമ്പരയാണിത്. അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

MORE IN WORLD
SHOW MORE