ചങ്ങലക്കിട്ട അച്ഛനോടും അമ്മയോടും ക്ഷമിച്ച് ആ 13 മക്കള്‍; ടര്‍പിന്‍ കുട്ടികളുടെ മഹാനന്‍മ

turpin-parents-children
SHARE

2018 ജനുവരിയിലാണ് അമേരിക്കയിലെ കലിഫോർണിയയിൽ 13 മക്കളെ ചങ്ങലയ്ക്കിട്ട കേസിൽ പിതാവ് ഡേവിഡ് അലൻ ടർപിന്നും മാതാവ് ലൂയിസ് അന്ന ടർപിന്നും അറസ്റ്റിലാകുന്നത്. സംഭവത്തിൽ ഇരുവരെയും 25 വർഷത്തെ തടവുശിക്ഷയ്ക്ക് വെള്ളിയാഴ്ച കോടതി വിധിച്ചു. പക്ഷേ ആ കുട്ടികള്‍ കൊടുംക്രൂരത കാട്ടിയ ആ രക്ഷിതാക്കളോട് ക്ഷമിച്ചു.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദനമേറ്റ്, ജീവിച്ചുതുടങ്ങും മുന്‍പെ അത് അവസാനിപ്പിക്കേണ്ടി വന്നത് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്കാണ്. തൊടുപുഴയിലെ ആ ഏഴ് വയസുകാരനും പിന്നെ രാജ്യത്തിന്റെ മറ്റൊരു കോണില്‍ നിന്നും നമ്മുടെ നാട്ടിലെത്തിയ ആ മൂന്ന് വയസുകാരനും. കേരളം ഒന്നാകെ വിതുമ്പി ആ കുരുന്നുകളെ ഓര്‍ത്ത്. ഈ അവസരത്തില്‍‍, അമേരിക്കയിലെ കുപ്രസിദ്ധമായ ടര്‍പിന്‍ ക്യാപ്റ്റിവിറ്റി കേസിന്റെ വിചാരണവേളയില്‍ കോടതിയില്‍ അരങ്ങേറിയ നാടകീയ രംഗങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. 

പതിമൂന്ന് മക്കളുണ്ടായിരുന്നു ടര്‍പിന്‍ ദമ്പതികള്‍ക്ക്. 2 മുതല്‍ 29 വരെ പ്രായം വരുന്ന അവര്‍ക്ക് പറയാനുണ്ടായിരുന്നത് കേട്ടാല്‍ അറയ്ക്കുന്ന ദുരിത കഥകള്‍ മാത്രം. മനുഷ്യ വിസര്‍ജനത്തിന്റെ ചൂരിനാല്‍ ചുറ്റപ്പെട്ട വീട്, പോഷകാഹാരത്തിന്റെ കുറവിനാല്‍ ഒട്ടിയുണങ്ങിപ്പോയ ശരീരങ്ങള്‍, കട്ടിലിനോട് ചേര്‍ത്ത് ചങ്ങലക്കിട്ടിരുന്ന ഇരുപത്തിരണ്ടുകാരനായ മകന്‍, എപ്പോഴും കയ്യില്‍ വിലങ്ങണിയിച്ചിരുന്ന രണ്ട് പെണ്‍മക്കള്‍. ഇവരെ ആ അചഛനും അമ്മയും കുളിക്കാന്‍ അനുവധിച്ചിരുന്നത് വര്‍ഷത്തില്‍ ഒരൊറ്റ തവണ മാത്രം. ശുചിമുറി ഉപയോഗിക്കാന്‍ പോലും അനുമതിയുണ്ടായിരുന്നില്ല. എമര്‍ജന്‍സി നമ്പറായ 911ലേക്ക് ആ പതിമൂന്നുപേരിലൊരാള്‍ വിളിച്ച് തന്റെ ദുരിതം വര്‍ണിച്ചപ്പോള്‍, സ്വന്തം മേല്‍വിലാസം എന്തെന്ന് പോലും അവരെ അറിയിക്കാന്‍ ആ പാവത്തിന് കഴിഞ്ഞില്ല. 

അവള്‍ക്കതറിയുമായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീട്ടിലെ ദുര്‍ഗന്ധം കാരണം ശ്വസിക്കാന്‍ ആവുന്നില്ലെന്നു പറഞ്ഞ് പൊട്ടികരഞ്ഞാണ് ആ പെണ്‍കുട്ടി എമര്‍ജന്‍സി സര്‍വീസില്‍ അഭയം തേടിയത്. പുറംലോകം അറിയാത്ത പീഡന കഥകള്‍ വേറെയും ധാരാളമുണ്ടാകും അവര്‍ക്ക് പറയാന്‍. 

പൊലീസിന്റെ മിന്നല്‍ പരിശോധന കുട്ടികളെയെല്ലാം ആ നരകത്തില്‍ നിന്നും കരകയറ്റി. പിന്നീട് വിചാരണ വേളയില്‍ കോടതിയില്‍ സംഭവിച്ചതാണ് ഏറെ ശ്രദ്ധേയം. അചഛനമ്മമാരുടെ പീഡനത്തെക്കുറിച്ച് ചോദിച്ച ജഡ്ജിയോട് അവര്‍ പറഞ്ഞു, സ്വന്തം ജീവനെക്കാള്‍ വലുതാണ്, അവര്‍ക്കവരുടെ അച്ഛനും അമ്മയും എന്ന്. 

turpin-parents-pic

‘ഒരുപക്ഷെ സ്വന്തം മക്കളെ വളര്‍ത്തേണ്ട രീതിയിലായിരിക്കില്ല അവര്‍ ഞങ്ങളെ വളര്‍ത്തിയത്. പക്ഷേ ഞങ്ങള്‍ക്ക് ഇത്രയും മനക്കരുത്ത് പകരാന്‍ കാരണം അവരാണ്. ഞങ്ങള്‍ അനുഭവിച്ച പീഡനങ്ങള്‍ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാവില്ല. അതൊക്കെ ഓര്‍ക്കുന്നത് ഇപ്പോഴും ഒരു പേടി സ്വപ്നമാണ്. പക്ഷേ, അതെല്ലാം കഴിഞ്ഞ കഥകള്‍ മാത്രം. ഞങ്ങള്‍ക്ക് ‍ഞങ്ങളുടെ അച്ഛനെയും അമ്മയെയും ഇഷ്ടമാണ്. ഇത്രയും വര്‍ഷം ഞങ്ങളോട് ചെയ്തതിനെല്ലാം അവര്‍ക്ക് ഞങ്ങള്‍ മാപ്പ് നല്‍കുന്നു.’

നരകതുല്യമായ ആ വീട്ടില്‍ നിന്നും മോചിതരായി വെറും രണ്ട് മാസത്തിനകംതന്നെ ചെയ്ത പാപത്തിന് മാപ്പ് നല്‍കിയ മക്കളെ ഓര്‍ത്ത് ആ അമ്മ പൊട്ടിക്കരഞ്ഞു. ചെയ്തുപോയ പാപങ്ങളുടെ ഒരംശമങ്കിലും ആ കണ്ണീരിന് മായ്ച്ചുകളയാനാകും എന്ന വിശ്വാസത്തില്‍‍ . കോടതി ടര്‍പിന്‍ ദമ്പതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരിച്ചുവരവുണ്ടെങ്കില്‍, ബാക്കിയുള്ള ജീവിതം കഴി‍ഞ്ഞ കാലത്തിന് വിപരീതമായി കുട്ടികളോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ച് അവര്‍ അഴിയ്ക്കുള്ളിലേക്ക് നീങ്ങി. 

ടര്‍പിന്‍ കുട്ടികള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണ്. ജനിച്ച നാള്‍മുതല്‍ സ്വന്തം വീട്ടില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും, രണ്ടാമതൊന്നാലോചിക്കാതെ രക്ഷിതാക്കളോട് ക്ഷമിക്കാന്‍ അവര്‍ കാണിച്ച മനസാണ്, ആ വാല്‍സല്യമാണ്, എല്ലാ കുടുംബത്തിന്റെയും അടിത്തറ. ഒരുപക്ഷേ, തൊടുപുഴയിലെ ആ ഏഴ് വയസുകാരനും, കൊച്ചിയില്‍ മരിച്ച ജാര്‍ഖണ്ഡില്‍ നിന്നെത്തിയ ആ മൂന്ന് വയസുകാരനും, അവര്‍ക്ക് ജീവിക്കാന്‍ അനുമതി നിഷേധിച്ചവരോട് എന്നേ ക്ഷമിച്ചിട്ടുണ്ടാകാം.

MORE IN WORLD
SHOW MORE