വീട്ടിൽ നിറയെ അസ്ഥിക്കൂടം; എത്തിച്ചത് ഇന്ത്യയിൽ നിന്നെന്ന് സൂചന; നടുക്കം

skelton-japan
Representative Image
SHARE

ജപ്പാനിൽ‌ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൃത്രിമ അസ്ഥികൂടങ്ങൾ നിർമിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥന്റെ മരണത്തെ തുടർന്ന് 2018 ൽ നടത്തിയ അന്വേഷണം വലിയ ഞെട്ടലിലേക്കാണ് കൊണ്ടുപോകുന്നത്. അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു അന്നു വീട് നിറയെ. അസ്ഥിക്കൂടങ്ങളുടെ വൻശേഖരമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. സംഭവത്തിൽ ജപ്പാനിലെ ഹബാറ സ്കെലിറ്റൺ സ്പെസിമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ അറസ്റ്റിലാവുകയും വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടക്കുകയും ചെയ്തു. കണ്ടെത്തിയ അസ്ഥികൂടങ്ങളെല്ലാം എത്തിച്ചത് ഇന്ത്യയിൽ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പല കുഴിമാടങ്ങളും കുത്തിത്തുറന്ന് ജപ്പാനിലേക്ക് കടത്തിയതാണ് എല്ലാ അസ്ഥികൂടങ്ങളുമെന്ന സംശയത്തിലാണിപ്പോൾ മെട്രോപൊളിറ്റൻ പൊലീസ്. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ് ടെലഗ്രാഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ദുരൂഹത വർധിക്കുകയാണ്. 

ഇന്ത്യയിൽ ഓരോ വർഷവുമുണ്ടാകുന്ന അജ്ഞാത മൃതദേഹങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇത്തരത്തിലുള്ള മൃതദേഹങ്ങൾ മൂന്നാഴ്ച വരെ മോര്‍ച്ചറിയിൽ സൂക്ഷിക്കും. അവകാശികൾ ആരും വന്നില്ലെങ്കിൽ മജിസ്ട്രേറ്റിന്റെയോ മറ്റ് അംഗീകൃത സർക്കാർ ഉദ്യോഗസ്ഥരുടെയോ അനുവാദത്തോടെ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിട്ടുകൊടുക്കും. മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നിയമപരമായി ലഭിക്കാനുള്ള വഴി ഇതാണ്. എന്നാൽ പഠനാവശ്യങ്ങൾക്കു വേണ്ടത്ര മൃതദേഹങ്ങൾ ലഭിക്കാതെ വന്നതോടെ ഇന്ത്യയിൽ വീണ്ടും ‘അസ്ഥികൂട മാഫിയ’ സജീവമായി. ശ്മശാനങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ചാണ് മാഫിയ സംഘത്തിന്റെ ഇടനിലക്കാർ പ്രധാനമായും പ്രവർത്തിച്ചിക്കുന്നത്. മൃതദേഹം അഴുകാതിരിക്കാനുള്ള രാസവസ്തുക്കളോടെയായിരിക്കും ഇവർ ബന്ധുക്കൾക്കു മുന്നിൽ ശവസംസ്കാരം നടത്തുക. പിന്നീട് ഇവ പുറത്തെടുത്ത് ഇടനിലക്കാരനു കൈമാറും. ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ചും മൃതദേഹ മോഷണം നടത്താറുണ്ട്.

ഒരു തലയോട്ടിക്ക് 1000–2000 രൂപയും എല്ലുകൾക്ക് 500–800 രൂപയും നൽകിയായിരുന്നു വാങ്ങിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇടനിലക്കാരൻ ഇതു കയറ്റുമതിക്കാർക്കു നൽകുന്നതോടെ വില 10,000 മുതൽ 20,000 രൂപ വരെയായി ഉയരും. ബംഗാളിലെ സിലിഗുരി വഴിയായിരുന്നു രാജ്യാന്തര അതിർത്തി കടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കു കടക്കുന്നതോടെ വില 40,000 രൂപ മുതൽ 50,000 വരെയാകും. ഈ സാഹചര്യത്തിൽ, ഏതു വർഷമാണ് ഇത്രയേറെ അസ്ഥികൂടങ്ങൾ ഇന്ത്യയിൽ നിന്ന് കമ്പനി വാങ്ങിയതെന്ന അന്വേഷണത്തിലാണ് ജാപ്പനീസ് പൊലീസ്.

MORE IN WORLD
SHOW MORE