നസ്രത്തിനോടു മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ, പരിഹാസങ്ങൾ; പൊലീസ് വീഴ്ചക്ക് തെളിവ്; ഞെട്ടൽ

Nusrat -Jahan-police
SHARE

ബംഗ്ളാദേശിലെ ധാക്കയിൽ കൊല്ലപ്പെട്ട മദ്രസ വിദ്യാർഥിനി നസ്രത്ത് ജഹാന്റെ പരാതി കൈകാര്യം ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തിയതിന്റെ തെളിവുകൾ പുറത്ത്. സോനാഗസി പൊലീസ്റ്റ് സ്റ്റേഷനിലെ ഓഫിസർക്കും മുതിർന്ന പൊലീസുകാർക്കുമെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റുഹുൽ അമിൻ പറഞ്ഞു. സംഭവത്തെ അതീവഗുരുതരമായാണ് കാണുന്നത്. മദ്രസ മാനേജിങ് കമ്മിറ്റി പ്രാരംഭഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാലംഗ അന്വേഷണ സംഘം മദ്രസയു ം നസ്രത്തിന്റെ വീടും സന്ദർശിച്ചു. 

ഏപ്രിൽ 10–ന് മരണത്തിനു കീഴടങ്ങുമ്പോൾ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാൻ റാഫി എന്ന പത്തൊൻപതുകാരിയെ അവസാനമായി ഒരു നോക്കു കാണാൻ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകൾക്കുളളിൽ കൃത്യത്തിൽ ഉൾപ്പെട്ട 15 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേൽ കൊലക്കുറ്റമടക്കമുളള വകുപ്പുകൾ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കൾക്കു ഉറപ്പു നൽകി.

പെൺകുട്ടിക്കു മുൻപിൽ തല കുനിച്ച് ബംഗ്ലദേശ്

കൊല്ലപ്പെടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികൾ കൊന്നത്. അവളുടെ നിലവിളി കേൾക്കാവുന്നത്ര അടുത്ത് സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ കൊലയാളികൾ അവളുടെ അടുത്തെത്താൻ അയാളെ അനുവദിച്ചില്ല.

80 ശതമാനം പൊള്ളലേറ്റ താൻ വൈകാതെ മരിക്കുമെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈൽ ഫോൺ വാങ്ങി അവൾ മരണമൊഴി രേഖപ്പെടുത്തി. 'എന്നെ പ്രധാന അധ്യാപകൻ ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാൻ പോരാടും' - മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ തന്റെ ഘാതകരെ നിയമത്തിനു മുന്നിൽ തുറന്നു കാട്ടിയ കൊച്ചു പെൺകുട്ടിക്കു മുൻപിൽ തല കുനിക്കുകയാണ് ബംഗ്ലദേശ്.

താൻ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനിൽ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയിൽ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തൽസ്ഥാനത്തുനിന്നു നീക്കി. ലൈംഗിക അതിക്രമങ്ങളിൽ ലജ്ജിക്കേണ്ടതു പെൺകുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇരകൾക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചർച്ചകൾ ഉണ്ടായി. 

നസ്രത്ത് ജഹാൻ റാഫി ബംഗ്ലദേശിന്റെ ‘നിർഭയ’യായി മാറുകയാണ്. തെരുവുകളിൽ നസ്രത്തിനു നീതി ലഭിക്കാൻ പതിനായിരങ്ങളാണു പ്രതിഷേധ പ്രകടനവുമായി ദിനംതോറും ഒത്തുകൂടുന്നത്. മാർച്ച് 27–നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളർത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയിൽനിന്നു 160 കിലോമീറ്റർ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തിൽ നിന്നുളള പെൺകുട്ടിയായിരുന്നു നസ്രത്ത്.

ആ കറുത്ത ദിനത്തിൽ സംഭവിച്ചത്..

ഫെനിയിലുളള മദ്രസയിൽ പഠിച്ചിരുന്ന നസ്രത്തിനെ മാർച്ച് 27–ാം തീയതി പ്രധാന അധ്യാപകൻ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയിൽ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ  പലവട്ടം ശരീരത്തിൽ സ്പർശിച്ചപ്പോൾ ശക്തമായി എതിർത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയിൽ നിന്ന് ഇറങ്ങി ഓടി.

യാഥാസ്ഥിതിക കുടുംബങ്ങളിൽനിന്നു വരുന്ന മറ്റു പെൺകുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാൽ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താൽ സംഭവം മൂടിവയ്ക്കാൻ നസ്രത്ത് തയാറായില്ല. മാതാപിതാക്കൾക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരിഹാസപൂർവമാണ് പൊലീസ് ഉദ്യോഗസ്ഥൻ പരാതി കേട്ടത്

പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങൾ ഉണ്ടായി. ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകൾ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദർശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാർഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സംഭവം വൻ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിർശബ്ദങ്ങൾ ഉയരാൻ തുടങ്ങി. 

ഏപ്രിൽ 6ന് പരീക്ഷയെഴുതാനായി നസ്രത്ത് തിരിച്ചെത്തി. സുഹൃത്തിനെ മുതിർന്ന വിദ്യാർഥികൾ ടെറസിൽ ക്രൂരമായി മർദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാർഥികൾ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു.

വഴങ്ങാതെ വന്നപ്പോൾ കയ്യിൽ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവൻ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങൾ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലിൽ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ ഒരോരുത്തരായി പിടിയിലായി. എപ്രിൽ 10ന് നസ്രത്ത് മരണത്തിനു കീഴടങ്ങി

ഏപ്രിൽ 17ന് മുഖ്യപ്രതി അബ്‌ദൂർ റഹിം താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേർന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയിൽ കുറ്റസമ്മതം നടത്തി. ഏപ്രിൽ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേർന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു

പ്രതികൾ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവിൽ ഇറങ്ങുന്നത്. ധീരതയുടെ പര്യായമായ നസ്രത്തിന്റെ ഘാതകരെ തൂക്കിലേറ്റാതെ വിശ്രമമില്ലെന്നും ഒരു പെൺകുട്ടിയും ഇനി ആക്രമിക്കപ്പെടരുതെന്നും നസ്രത്തിനായി തെരുവിലിറങ്ങിയവർ ഓർമപ്പെടുത്തുന്നു

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.