താണുവീണ് മുട്ടുകുത്തി നേതാക്കളുടെ കാലിൽ ചുംബിച്ച് മാർപ്പാപ്പ; അമ്പരന്ന് ലോകം; നൻമ

pope-kisses
SHARE

വേറിട്ട നിലപാടുകൾ കൊണ്ടും കാഴ്ച്ചപ്പാടുകൾ കൊണ്ടും ലോകത്തെ മുൻപും വിസ്മയിച്ചിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. ഇത്തവണയും പതിവ് തെറ്റിച്ചില്ല. ലോകത്തിന്റെ കണ്ണുനിറയിക്കുന്ന ചിത്രമാണ് ഇപ്പോൾ ചർച്ചയാവുന്നത്. കാലിലെ കടുത്ത വേദന അവഗണിച്ച് ഫ്രാൻസിസ് മാർപാപ്പ മുട്ടുകുത്തി തെക്കൻ സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് താൽക്കാലിക സമാധാനമുണ്ടാക്കിയ നേതാക്കളുടെ കാലിൽ ചുംബിക്കുകയായിരുന്നു അദ്ദേഹം. അമ്പരപ്പോടെയാണ് അദ്ദേഹത്തിന്റെ ഈ നീക്കം നേതാക്കളും കണ്ടത്.

ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞുങ്ങളടക്കം 4 ലക്ഷം മനുഷ്യരെയോർത്തായിരുന്നു മാർപ്പാപ്പയുടെ ഇൗ പ്രവൃത്തി. കൈകൾ നിലത്തൂന്നി മുഖം കുനിച്ചത് അതേ യുദ്ധം അവസാനിപ്പിക്കാൻ കെല്പുള്ള നേതാക്കളുടെ കാലിൽ ചുംബിക്കാനായിരുന്നു അദ്ദേഹം. അമ്പരന്നുപോയ നേതാക്കളോട് പാപ്പ പറഞ്ഞു ‘ഒരു സഹോദരനെപ്പോലെ പറയുകയാണ്. ഹൃദയം കൊണ്ട് അപേക്ഷിക്കുകയാണ്. പുതിയ വഴിയിൽ മുന്നോട്ടു പോകണം. പ്രശ്നങ്ങൾ പരിഹരിക്കണം. ജനങ്ങൾക്ക് ഈ യുദ്ധം മതിയായി.’ 

ആഭ്യന്തരയുദ്ധത്തിൽ തകർന്നു തകർപ്പണമായ തെക്കൻ സുഡാനിൽ താൽകാലിക സമാധാനക്കരാറുണ്ടാക്കിയ നേതാക്കളെ വത്തിക്കാനിലേക്കു ക്ഷണിച്ച് മാർപാപ്പ നേതൃത്വം നൽകിയ 24 മണിക്കൂർ പ്രാർഥനായോഗത്തിന് ഒടുവിലായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള പാദചുംബനം. കാലുവേദന മൂലം എഴുന്നേൽക്കാൻ പ്രയാസപ്പെട്ട 82 വയസ്സുള്ള മാർപാപ്പയ്ക്കു സഹായികളുടെ കൈത്താങ്ങു വേണ്ടി വന്നു. പ്രസിഡന്റ് സാൽവ കീർ, പ്രതിപക്ഷത്തുള്ള റിയക് മചാർ എന്നിവരും 3 വൈസ് പ്രസിഡന്റുമാരുമാണ് വത്തിക്കാനിലെത്തിയത്. 

1994 ലെ റുവാണ്ടൻ വംശഹത്യയ്ക്കു ശേഷം ആഫ്രിക്ക കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു 2013 മുതൽ തെക്കൻ സുഡാനെ തകർത്തു തരിപ്പണമാക്കിയ ആഭ്യന്തരയുദ്ധവും കൊലയും കൂട്ടപ്പലായനവും. അടുത്ത മാസം ഐക്യ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ കരാറുണ്ടാക്കിയതു പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ടെങ്കിലും ആശങ്ക മുന്നിൽക്കണ്ടാണ് മാർപാപ്പയുടെ ഉപദേശം. തൊട്ടടുത്തുള്ള സുഡാനിൽ സൈനിക അട്ടിമറിയിലൂടെയുണ്ടായ ഭരണമാറ്റം തെക്കൻ സുഡാനിലെ രാഷ്ട്രീയാവസ്ഥയെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാൽ മാർപ്പാപ്പയുടെ പാദചുംബനത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ പ്രതീക്ഷയുടെ പുതിയ ചർച്ചകളും സജീവമാണ്.

MORE IN WORLD
SHOW MORE