ഇന്ത്യ എസ് 400 വാങ്ങുന്നതിൽ പാക്കിസ്ഥാന് പേടി; ‘കയ്യില്‍ വന്നാല്‍ ആക്രമിക്കാന്‍ തോന്നും’

s400-russia
SHARE

റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400 എന്ന ആന്റി-ബാലിസിറ്റിക് മിസൈല്‍ വാങ്ങാനുള്ള തീരുമാനം പാക്കിസ്ഥാനെ ഭീതി ഉളവാ‌ക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യ ഈ മേഖലയിലുള്ള രാജ്യങ്ങള്‍ക്ക് ആയുധം കൈമാറുന്ന കാര്യത്തില്‍ കുറച്ചുകൂടെ ജാഗ്രത കാണിക്കണമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി പറഞ്ഞു. എസ്-400 ആന്റി-ബാലിസ്റ്റിക് മിസൈല്‍ സിസ്റ്റം പോലെയുള്ള ആയുധങ്ങള്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ സന്തുലിതയെ ഇല്ലാതാക്കും. ഇത്തരം ആയുധങ്ങള്‍ കൈയില്‍ വന്നാല്‍ ശത്രു രാജ്യങ്ങളെ ആക്രമിക്കാന്‍ തോന്നിയേക്കാമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് 5.43 ബില്ല്യന്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യ റഷ്യയുമായി ഒപ്പുവച്ചത്. അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് ഇന്ത്യ അഞ്ച് എസ്-400 എന്ന ആന്റി ബാലിസിറ്റിക്ക് മിസൈൽ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനമെടുത്ത ഉടനെ പാക്കിസ്ഥാന്റെ പ്രതികരണം ഇതായിരുന്നു, ഒന്നിലേറെ പേരില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ ഭാഗമാണ് എന്നായിരുന്നു. എന്നാൽ ദേശീയ സുരക്ഷയെ മുന്‍ നിർത്തിയാണ് എസ് 400 വാങ്ങുന്നത്. അല്ലാതെ അയല്‍ക്കാരെ പേടിപ്പിക്കാനല്ലയെന്ന് ഇന്ത്യ വ്യക്തമാക്കി.

അടുത്തിടെ നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണവും തങ്ങള്‍ക്ക് ഉത്കണ്ഠയുളവാക്കുന്നതായി പാക്കിസ്ഥാന്‍ പറഞ്ഞിരിന്നു. ഇന്ത്യക്ക് ഇളവുകള്‍ നല്‍കുന്നതിലും നൂതന സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിലുമുള്ള രാജ്യാന്തര ശക്തികളോടുള്ള പാക്കിസ്ഥാൻ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു.

ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് ചൈന കഴിഞ്ഞ വർഷം എസ് 400 വാങ്ങിയിരുന്നു. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും. 400 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ വരെ ഉയരത്തിലുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇതിനാവും.

പുല്‍വാമാ ആക്രമണത്തിനു ശേഷമാണ് അണ്വായുധ ശേഷിയുള്ള രണ്ട് അയല്‍ രാഷ്ട്രങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായത്. ആക്രമണത്തില്‍ 40 സൈനികരെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഫെബ്രുവരി അവസാനം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. പാക്കിസ്ഥാനിലെ ബാലാക്കോട്ട് ഭീകര ക്യാംപിനെതിരെ ഇന്ത്യ പ്രത്യാക്രമണവും നടത്തി.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.